NEWS UPDATE

6/recent/ticker-posts

40 വര്‍ഷത്തിന് ശേഷവും ഉമ്മയുടെ വേര്‍പാട് വേട്ടയാടുന്നു; ഉള്ളുലയുന്ന വേദനയുമായി ദുബൈ ഭരണാധികാരിയുടെ കുറിപ്പ്

ദുബൈ: ഉമ്മയുടെ വേര്‍പാട് തീര്‍ത്ത വേദന സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. രാജ്യം മാതൃദിനം ആഘോഷിച്ച കഴിഞ്ഞ ദിവസം രാത്രിയാണ് വിട പറഞ്ഞ തന്റെ മാതാവ് ശൈഖ ലതീഫ ബിന്‍ത് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‍യാനെക്കുറിച്ചുള്ള ഓര്‍മകള്‍ അദ്ദേഹം ട്വീറ്റ് ചെയ്‍തത്.[www.malabarflash.com]

40 വര്‍ഷങ്ങള്‍ക്ക് ശേഷവും ഉമ്മയുടെ വേര്‍പാട് തന്നെ വേട്ടടായുകയാണെന്ന് അദ്ദേഹം കുറിപ്പില്‍ പറയുന്നു.

അമ്മമാരുടെ മുഖത്തിലെ സമാധാനത്തെയും ശാന്തിയെയും പറ്റിയാണ് എല്ലാ മക്കളും സംസാരിക്കുന്നത്. എന്റെ ഉമ്മ സ്വച്ഛതയും സമാധാനവുമായിരുന്നു - അദ്ദേഹം ട്വീറ്റ് ചെയ്‍തു. തന്റെ ആത്മകഥയായ 'ഖിസ്സത്തീ'യില്‍ ഉമ്മയുമായുള്ള ആത്മബന്ധത്തെക്കുറിച്ചും ഉമ്മ ചൊരിഞ്ഞുതന്നെ സ്‍നേഹത്തെക്കുറിച്ചു ശൈഖ് മുഹമ്മദ് വിവരിക്കുന്നുണ്ട്.

'എല്ലാ മക്കളും വിചാരിക്കുന്നതുപോലെ എന്റെ ഉമ്മയുടെ ഏറ്റവും പ്രിയപ്പെട്ട മകന്‍ ഞാനാണെന്ന് ഞാനും വിചാരിച്ചു. ഉമ്മമാരെക്കുറിച്ചുള്ള ഏറ്റവും വലിയ യാഥാര്‍ത്ഥ്യങ്ങളിലൊന്ന്, അവര്‍ എന്നെയാണ് ഏറ്റുവുമധികം സ്‍നേഹിക്കുന്നതെന്ന് ഓരോ കുട്ടിയും വിചാരിക്കുമെന്നതാണ്. ഉമ്മയ്‍ക്ക് പ്രായമേറി വന്നപ്പോള്‍ അവരെ സന്തോഷിപ്പിക്കാന്‍ ഞാന്‍ ഏറെ ശ്രദ്ധിച്ചു. വിദേശ യാത്രകള്‍ കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ എപ്പോഴും ഉമ്മയ്‍ക്കായി സമ്മാനങ്ങള്‍ കൊണ്ടുവരുമായിരുന്നു'.

ഉമ്മയുടെ വേര്‍പാടിനെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നത് ഇങ്ങനെ '1983 മേയ് മാസത്തില്‍ കണ്ണിന്റെ കാഴ്‍ച നഷ്‍ടമാവുന്നത് പോലെ എന്റെ പ്രിയപ്പെട്ട ഉമ്മയെ എനിക്ക് നഷ്‍ടമായി. എന്റെ പിതാവിന് അദ്ദേഹത്തിന്റെ സുഹൃത്തിനെയും സഹചാരിയെയും നഷ്‍ടമായി. 40 വര്‍ഷം പിതാവിനൊപ്പം ജീവിച്ച അവര്‍ അദ്ദേഹത്തിന് വേണ്ടി പ്രാതല്‍ തയ്യാറാക്കാന്‍ മറ്റാരെയും അനുവദിച്ചിരുന്നില്ല. ഉമ്മയുടെ അന്ത്യ കര്‍മങ്ങള്‍ക്കായി വലിയൊരു ജനക്കൂട്ടം തടിച്ചുകൂടി. 

ദുബൈയുടെ മാതാവിന്റെ വിയോഗത്തില്‍ ആയിരങ്ങള്‍ പൊട്ടിക്കരഞ്ഞു. ഖബറിലേക്ക് ഉമ്മയുടെ ശരീരം എടുത്തുവെച്ചപ്പോള്‍ ഞാനും തകര്‍ന്നു വീണു. അടക്കാനാവാത്ത കണ്ണീരോടെയായിരുന്നു ഞാന്‍ അന്ത്യ യാത്രാ മൊഴി ചൊല്ലിയത്' - ആത്മകഥയില്‍ ശൈഖ് മുഹമ്മദ് വിവരിക്കുന്നു.

Post a Comment

0 Comments