NEWS UPDATE

6/recent/ticker-posts

4 ദിവസം, 8 കോടി ഷെയർ; ചരിത്രമെന്ന് ഫിയോക്; ‘ഭീഷ്മ പർവം’ ബോക്സ്ഓഫിസ് റിപ്പോർട്ട്

നായകൻ മമ്മൂട്ടി, സംവിധാനം അമൽ നീരദ്. പ്രതീക്ഷ തെറ്റിയില്ല. ആരാധകരുടെ ഭാഷയിൽ പറഞ്ഞാൽ ബോക്സ്ഓഫിസിനെ തൂക്കിയടിച്ച് മൈക്കിളപ്പന്‍ നിറഞ്ഞാടുന്നു. പണം വാരി പടങ്ങളുടെ പട്ടികയിൽ ആദ്യ നാല് ദിവസം കൊണ്ട് മോഹൻലാലിന്റെ ലൂസിഫറിനെ ഭീഷ്മപർവം മറികടന്നെന്ന് തിയറ്റർ സംഘടന ഫിയോക് വ്യക്തമാക്കുന്നു. ആദ്യ നാല് ദിവസങ്ങൾ കൊണ്ട് എട്ട് കോടിക്ക് മുകളിൽ ഷെയർ നേടിയെന്ന് സംഘടനയുടെ പ്രസിഡന്റ് വിജയകുമാർ  പറഞ്ഞു.[www.malabarflash.com]

കോവിഡ് പ്രതിസന്ധിക്കു ശേഷം കേരളത്തിലെ തിയറ്ററുകളിൽ ഇത്രയധികം ആവേശം കൊണ്ടുവന്ന സിനിമ വേറെ ഇല്ലെന്നും അദ്ദേഹം പറയുന്നു. ഇപ്പോഴും എല്ലാ തിയറ്ററിലും ഹൗസ് ഫുൾ ആയി തുടരുകയാണ് സിനിമ. ആദ്യ നാല് ദിവസം കൊണ്ടുള്ള കലക്‌ഷനാണ് ലൂസിഫറിനെ മറികടന്നിരിക്കുന്നത്. 4 ദിവസം കൊണ്ട് 53 കോടി കലക്ഷന്‍ നേടിയതായാണ് ട്രാക്കര്‍മാരെ ഉദ്ധരിച്ചുള്ള അനൗദ്യോഗിക കണക്ക്. ആദ്യ ദിനം മൂന്ന് കോടിക്ക് മുകളിൽ ഭീഷ്മപർവം നേടിയിരുന്നു. 406 സ്‌ക്രീനുകളിലായി 1775 ഷോകളാണ് റിലീസ് ദിനത്തില്‍ ഭീഷ്മപര്‍വത്തിന് ഉണ്ടായിരുന്നത്.

കേരളത്തിലെ തിയറ്ററുകളിലേക്ക് മമ്മൂട്ടിയുടെ ഉൽസവകാലം മടങ്ങിയെത്തുക കൂടിയാണ് ഭീഷ്മപർവത്തിലൂടെ. ആക്‌ഷനും പ്രണയവും ഡ്രാമയും ഫാമിലി സെന്റിമെന്റ്സുമെല്ലാം ചേർന്ന കംപ്ലീറ്റ് എന്റർടെയ്നറായ ‘ഭീഷ്മപർവം’ മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിൽ പുത്തൻ റെക്കോർഡുകൾ എഴുതിച്ചേർക്കുകയാണ്.

സിനിമയുടെ ഓസ്ട്രേലിയ–ന്യൂസീലൻഡ് രാജ്യങ്ങളിലെ റിലീസിന്റെ അവകാശം റെക്കോർഡ് തുകയ്ക്ക് വിറ്റുപോയിരുന്നു. ഒരു മലയാള സിനിമക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കോപ്പി റൈറ്റ് തുകയാണ് ഭീഷ്മപർവത്തിന് ലഭിച്ചതെന്ന് അണിയറക്കാർ വ്യക്തമാക്കിയിരുന്നു.

Post a Comment

0 Comments