Top News

പൗരത്വ നിയമ ഭേദഗതിയുമായി മുന്നോട്ട്, കോവിഡ് വ്യാപനം കുറഞ്ഞാല്‍ നടപടികള്‍- അമിത് ഷാ

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുമായി മുന്നോട്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോവിഡില്‍നിന്ന് ആശ്വാസം ലഭിച്ചാല്‍ ഉടന്‍ പൗരത്വ നിയമ ഭേദഗതിയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അമിത് ഷാ പറഞ്ഞു.[www.malabarflash.com]


ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നല്‍കിയ ഒരു അഭിമുഖത്തിലാണ് ഷാ, സി.എ.എയെ കുറിച്ചുള്ള പരാമര്‍ശം നടത്തിയത്. സി.എ.എയുമായി മുന്നോട്ടു പോവുകയാണോ, പിന്‍വാങ്ങുകയാണോ? എന്ന അവതാരകന്റെ ചോദ്യത്തിന്- " അങ്ങനെ ഒരു ചോദ്യമേ ഉദിക്കുന്നില്ല. സി.എ.എയുമായി മുന്നോട്ടു തന്നെ പോകുന്നു. കോവിഡ് വ്യാപനം രൂക്ഷമായതിനാലാണ് അതിന്റെ നടപടിക്രമങ്ങള്‍ നീട്ടിവെച്ചത്. എന്നാല്‍ കോവിഡ് വ്യാപനം കുറയുന്ന ഘട്ടത്തില്‍ സി.എ.എയുടെ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകും"- അമിത് ഷാ പറഞ്ഞു.

പൗരത്വ നിയമഭേദഗതി നടപ്പാക്കുക തന്നെ ചെയ്യുമെന്നാണ് അമിത് ഷാ വ്യക്തമാക്കിയിരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ മധ്യമേഖലയായ അവധ് മേഖലയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കുകയാണ്. ബുധനാഴ്ചയാണ് ഇവിടം പോളിങ് ബൂത്തിലേക്കു പോകുന്നത്. ബി.ജെ.പി. വലിയ പ്രതീക്ഷവെച്ചു പുലര്‍ത്തുന്ന മേഖലയാണിത്. ഹിന്ദുവോട്ടുകള്‍ ഏറെയുള്ള മേഖലയാണിത്. ഭൂരിപക്ഷവോട്ടുകള്‍ ലക്ഷ്യംവെച്ചാകണം ഷാ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Post a Comment

Previous Post Next Post