Top News

എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈജലിനെ പുറത്താക്കിയ നടപടിക്ക് സ്റ്റേ; പരിപാടികളിൽ പ​ങ്കെടുപ്പിക്കണമെന്ന്​ കോടതി

കല്‍പ്പറ്റ: എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ഷൈജലിനെ പുറത്താക്കിയ സംഭവത്തില്‍ കോടതി ഇടപെടല്‍. ഷൈജലിനെ പുറത്താക്കിയ നടപടി കോടതി സ്റ്റേ ചെയ്തു. പുറത്താക്കിയത് സംഘടന ഭരണഘടനയ്ക്ക് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഷൈജല്‍ കല്‍പ്പറ്റ മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി താല്കാലിക സ്റ്റേ പുറപ്പെടുവിച്ചത്.[www.malabarflash.com]


ഷൈജലിന് എംഎസ്എഫിന്റെയും യൂത്ത് ലീഗിന്റെയുമുള്‍പ്പെടെ കമ്മറ്റി യോഗങ്ങളിലും പങ്കെടുക്കാം. ഇത് മേല്‍ കമ്മറ്റിക്ക് തടയാനാവില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

ഹരിത വിഷയത്തില്‍ മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ പ്രതികരിച്ചതിന് ഷൈജലിനെ എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സസ്‌പെന്റ് ചെയ്യുകയും പിന്നീട് മുസ്ലീം ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ആരോപിച്ചായിരുന്നു മുസ്ലീം ലീഗ് ഷൈജലിനെതിരെ നടപടി കൈക്കൊണ്ടത്. ഹരിത വിഷയത്തില്‍ ലീഗ് നേതൃത്വത്തോട് പരസ്യമായി ഇടഞ്ഞ പിപി ഷൈജല്‍ അടുത്തിടെ ഗുരുതരമായ ആരോപണങ്ങളായിരുന്നു നേതൃത്വത്തിന് എതിരെ നിരന്തരം ഉയര്‍ത്തിയത്. പ്രളയ ഫണ്ട് വെട്ടിപ്പ്, നിയമസഭാ തെരഞ്ഞെടുപ്പില്‍ ടി സിദ്ദിഖിനെ ഒരു വിഭാഗം ലീഗ് നേതാക്കള്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചു എന്നിങ്ങനെയുള്ള ആരോപണങ്ങളും കഴിഞ്ഞ ദിവസം ഷൈജല്‍ ഉന്നയിച്ചിരുന്നു പിന്നാലെയായിരുന്നു പാര്‍ട്ടി നടപടി.

അതേസമയം, ഗുരുതരമായ വിഷയങ്ങള്‍ ഉന്നയിക്കുന്നവരെ പാര്‍ട്ടി നേതൃത്വം നിശബ്ദരാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്നായിരുന്നു ഷൈജലിന്റെ ആരോപണം. ന്യായം പറയുന്നവരെ പുറത്താത്തുകയാണ് ലീഗ് ചെയ്യുന്നത്. എന്നാല്‍ തെറ്റുകാരെ സംരക്ഷിക്കുമെന്നും ഷൈജല്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. വയനാട്ടില്‍ നിന്ന് സമീപകാലത്ത് മുസ്ലീം ലീഗ് പുറത്താക്കിയവരെല്ലാം ലീഗിനെതിരെ സംസാരിച്ചവരാണെന്നും ഷൈജല്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

Post a Comment

Previous Post Next Post