NEWS UPDATE

6/recent/ticker-posts

കര്‍ണാടകയിലെ ഹിജാബ് വിരുദ്ധ നീക്കം കൂടുതല്‍ കോളജുകളിലേക്ക് വ്യാപിക്കുന്നു

മംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് വിരുദ്ധ നീക്കം കൂടുതല്‍ കോളജുകളിലേക്ക് വ്യാപിക്കുന്നു. ഹിജാബിന് തടയിടാന്‍, തീവ്ര ഹിന്ദു സംഘടനകളുടെ നിര്‍ദേശപ്രകാരം വിദ്യാര്‍ഥികള്‍ കാവി ഷാള്‍ അണിഞ്ഞ് എത്തിയത് അവസരമാക്കി കൂടുതല്‍ കോളജുകളില്‍ ഹിജാബ് നിരോധനം നടപ്പിലാക്കുകയാണ് അധികൃതര്‍.[www.malabarflash.com]

ഏറ്റവും ഒടുവില്‍ കുന്താപുരം ജൂനിയര്‍ കോളജിലാണ് ഹിജാബിന് നിരോധനം ഏര്‍പെടുത്തിയത്. കാവിഷാള്‍ അണിഞ്ഞ് എത്തുന്നതും വിലക്കി.

ക്ലാസ് മുറികളില്‍ ഹിജാബും, കാവി ഷാളും ധരിച്ച് പ്രവേശിക്കുന്നതിന് കോളജ് വികസന സമിതിയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. വിദ്യാര്‍ഥികള്‍ക്ക് ഹിജാബും, കാവി ഷാളും ധരിച്ച് ക്യാമ്പസിലേക്ക് പ്രവേശിക്കാം. എന്നാല്‍ ക്ലാസില്‍ പ്രവേശിക്കുന്നതിന് മുമ്പ്, അവ നീക്കം ചെയ്യണമെന്നും നിര്‍ദേശിച്ച യൂനിഫോം മാത്രമേ ധരിക്കാവൂ എന്നും സമിതി വ്യക്തമാക്കി.

അതേസമയം, കുന്താപുരം മേഖലയിലെ ഹിജാബ്-കാവി ഷാള്‍ വിവാദം തുടരുകയാണ്. കഴിഞ്ഞ ദിവസം കുന്താപുരം ടൗണിലെ മറ്റൊരു സ്വകാര്യ കോളജില്‍ വിദ്യാര്‍ഥികള്‍ കാവി ഷാള്‍ ധരിച്ചെത്തിയിരുന്നു. ഇതോടെ ഹിജാബ് ധരിച്ച വിദ്യാര്‍ഥികളും, കാവി വസ്ത്രം ധരിച്ച വിദ്യാര്‍ഥികളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പ്രശ്‌നം കയ്യാങ്കളിയുടെ വക്കിലുമെത്തി. ഇതോടെ സ്വകാര്യ കോളജ് ഭരണസമിതി യൂനിഫോം സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം വരുന്നതുവരെ കോളജിന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

കുന്താപുരത്തെ ഭണ്ഡാര്‍ക്കേഴ്‌സ് കോളജില്‍ രണ്ടാം ദിവസവും കാവി-ഹിജാബ് തര്‍ക്കം തുടര്‍ന്നു. പാരിജാത സര്‍ക്കിളില്‍ നിന്ന് കാവി ഷാള്‍ അണിഞ്ഞ് വിദ്യാര്‍ഥികള്‍ ഭണ്ഡാര്‍ക്കര്‍ കോളജിലേക്ക് മാര്‍ച്ച് നടത്തി. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കാവി ഷാളുകള്‍ അഴിച്ചതിന് ശേഷമാണ് കോളജ് അഡ്മിനിസ്‌ട്രേഷന്‍ ക്ലാസില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയത്. കോളജില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കുന്നതിന് മുമ്പ് വിദ്യാര്‍ഥികളുടെ ബാഗുകളും പരിശോധനക്ക് വിധേയമാക്കി.

ഉഡുപ്പിയിലെ ഒരു കോളേജിലാണ് കര്‍ണാടകയില്‍ ഇക്കഴിഞ്ഞ ജനുവരി ആദ്യം ഹിജാബ് വിവാദം ഉയര്‍ന്നത്. ക്ലാസ് മുറിയില്‍ ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടികളെ അതില്‍ നിന്ന് വിലക്കിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഹിജാബ് ധരിക്കുന്നതില്‍ വിദ്യാര്‍ഥികള്‍ ഉറച്ചുനിന്നതോടെ കോളേജ് കാമ്പസില്‍ ഹിജാബ് ധരിക്കാന്‍ പ്രിന്‍സിപ്പല്‍ അനുമതി നല്‍കി. എന്നാല്‍ ക്ലാസ്മുറിയില്‍ അനുമതി നിഷേധിക്കുകയും ചെയ്തു.

തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഹിജാബിനെതിരെ പ്രതിഷേധമുയര്‍ന്നു. ഇത് മുതലെടുത്ത് തീവ്രഹിന്ദു സംഘടനകളുടെ ആഹ്വാനപ്രകാരം വിദ്യാര്‍ഥികള്‍ കാവി ഷാള്‍ അണിഞ്ഞ് കോളജുകളിലെത്തി. ഹിജാബ് വിഷയം കത്തിച്ച് നിര്‍ത്തി നിരോധനം സാധ്യമാക്കുകയെന്ന ഹിഡന്‍ അജണ്ടയായിരുന്നു ഇതിന് പിന്നില്‍. ഇതോടെ രണ്ടിനും ക്ലാസ് മുറിയില്‍ നിരോധനമേര്‍പ്പെടുത്തുകയാണ് കോളജ് അധികൃതര്‍ ചെയ്യുന്നത്.

Post a Comment

0 Comments