Top News

പോത്തിന് മുന്നിൽപ്പെട്ട രണ്ടര വയസ്സുകാരിയെ രക്ഷിച്ചു; വിദ്യാർഥിക്ക് ദേശീയ പുരസ്കാരം

വടകര: വിരണ്ടോടിയ പോത്തിനു മുന്നിൽ അകപ്പെട്ട രണ്ടര വയസ്സുകാരിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ വിദ്യാർഥിക്ക് ധീരതയ്ക്കുള്ള ദേശീയ പുരസ്കാരം. കടമേരി കീരിയങ്ങാടി താഴെ നുപ്പറ്റ ഷാനിസ് അബ്ദുല്ലയാണ് (13) ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ നൽകുന്ന 75,000 രൂപയുടെ ദേശീയ ധീരത അവാർഡിന് (അഭിമന്യു അവാർഡ്) അർഹനായത്.[www.malabarflash.com]

കേരളത്തിൽനിന്ന് 5 കുട്ടികളാണ് അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടത്. കടമേരി ആർഎസിഎച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാർഥിയാണ് ഷാനിസ് അബ്ദുല്ല. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം.

കടമേരി യുപി സ്കൂളിൽ 7 -ാംക്ലാസിൽ പഠിക്കുകയായിരുന്ന ഷാനിസും, സഹോദരി തൻസിഹ ഷെറിന്റെ രണ്ടു ചെറിയ കുട്ടികളും വീട്ടുമുറ്റത്ത് കളിക്കുമ്പോഴാണ് വിരണ്ടോടിയ പോത്ത് ആക്രമിക്കാൻ എത്തിയത്. വഴിനീളെയുള്ള ആക്രമണത്തിൽ ഒരു കൊമ്പ് നഷ്ടപ്പെട്ട് ചോര വാർന്ന് എത്തിയ പോത്ത് രണ്ടര വയസ്സുകാരിയായ ഹനൂനയെ ആക്രമിക്കുകയായിരുന്നു.

അതുകണ്ട് ഷാനിസ് പോത്തിനെ ബലമായി പിടിച്ചുമാറ്റി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. കുഞ്ഞ് പരുക്കില്ലാതെ രക്ഷപ്പെട്ടു.സംസ്ഥാന ശിശുക്ഷേമ സമിതി മുഖേന കടമേരി ആർഎസി സ്കൂൾ അധികൃതർ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് പുരസ്കാരത്തിന് അർഹത നേടിയത്. 

കടമേരി കീരിയങ്ങാടി ടി.എൻ.അബ്ദുൽ അസീസിന്റെയും സുഹ്റയുടെയും മകനാണ്. സഹോദരങ്ങൾ: മുഹമ്മദ് തസ്‍ലിം, തൻസിഹ ഷെറിൻ.

Post a Comment

Previous Post Next Post