Top News

വാടകവീട്ടില്‍ കഴിയുന്ന കുടുംബത്തിന് സൗജന്യമായി വീടുവെയ്ക്കാന്‍ സ്ഥലം കൊടുത്ത് ഓട്ടോ ഡ്രൈവര്‍

അമ്പലപ്പുഴ: മകന്റെ വിവാഹത്തലേന്ന് വാടകവീട്ടില്‍ കഴിയുന്ന കുടുംബത്തിന് സൗജന്യമായി വീടുവെയ്ക്കാന്‍ സ്ഥലം കൊടുത്ത് ഓട്ടോ ഡ്രൈവര്‍. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 13-ാം വാര്‍ഡില്‍ വൈ എം എ ഷുക്കുര്‍ തന്റെ പേരിലുള്ള 13 സെന്റ് സ്ഥലത്തില്‍ നിന്നാണ് അയല്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന നിര്‍ധന കുടുംബത്തിന് മൂന്ന് സെന്റ് സ്ഥലം നല്‍കുന്നത്.[www.malabarflash.com]


ക്യാന്‍സര്‍ ബാധിച്ച് വര്‍ഷങ്ങളോളം ചികിത്സ നടത്തി കിടപ്പാടം പോലും വില്‍ക്കേണ്ടിവന്ന ഒരു വൃദ്ധമാതാവിനും യുവതിയായ മകള്‍ക്കുമാണ് ഷുക്കുര്‍ സ്ഥലത്തിന്റെ രേഖകള്‍ കൈമാറിയത്. ഞായറാഴ്ചയാണ് ഷുക്കുറിന്റെ മകന്‍ മുഹമ്മദ് ഷഫീഖിന്റെ വിവാഹം.

സ്ത്രീധനം വാങ്ങാതെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി കമ്പിവളപ്പിലെ മസ്ജിദിലാണ് മിന്നുകെട്ട്. ചികിത്സക്കായി കിടപ്പാടം നഷ്ടപ്പെട്ട കുടുംബം ഒരു വര്‍ഷമായി ഷുക്കൂറിന്റെ അയല്‍വീട്ടിലാണ് താമസം. ഇവരുടെ ഒരു ബന്ധുവാണ് വാടക നല്‍കുന്നത്. ഇവരുടെ മരുന്നും വീട്ടു ചെലവും ഷുക്കുറാണ് നടത്തിവരുന്നത്. വിവരമറിഞ്ഞെത്തുന്ന കാരുണ്യമതികളുടെ കൈത്താങ്ങും ലഭിക്കാറുണ്ട്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. ഇവരെ ആശുപത്രിയില്‍ എത്തിക്കുന്നതും തിരിച്ച് കൊണ്ടുവരുന്നതും ഷുക്കൂറിന്റെ ഓട്ടോയിലാണ്.

കോവിഡ് മഹാമാരിയുടെ പിടിയിലായതോടെ ഓട്ടോറിക്ഷയുടെ വായ്പ തിരിച്ചടവ് മുടങ്ങി. കുടിശ്ശിക വരുത്തിയതോടെ വാഹനം നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് ഈ കുടുംബം. ഇതിനിടയിലാണ് സെന്റിന് രണ്ടര ലക്ഷം രൂപ വിലവരുന്ന സ്ഥലം ഷുക്കുര്‍ സൗജന്യമായി നല്‍കുന്നത്. ഇവര്‍ക്കൊരു വീട് വെച്ച് നല്‍കുന്നതും പരിഗണനയിലുണ്ട്. മറ്റുള്ളവരുടെ സഹായത്താല്‍ അതും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കാക്കാഴം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആശ്രയ ചാരിറ്റബിള്‍ സൊസൈറ്റിയുടെ സെക്രട്ടറി കൂടിയാണ് ഷുക്കുര്‍. സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഒരു നിര്‍ദ്ധനകുടുംബത്തിന് വീടുവെച്ച് നല്‍കിയിട്ടുണ്ട്. കൂടാതെ നിരവധിപേര്‍ക്ക് ചികിത്സാധനസഹായവും നല്‍കിവരുന്നുണ്ട്.

Post a Comment

Previous Post Next Post