Top News

കുടുംബ വഴക്കിനെ തുടർന്ന് പരാതിയുമായെത്തിയ സ്ത്രീ പോലീസ് സ്റ്റേഷനിൽ കുഴഞ്ഞ് വീണു മരിച്ചു

കൊടുങ്ങല്ലൂർ: കുടുംബ വഴക്കിനെ തുടർന്ന് പരാതി നൽകാൻ മതിലകം പോലീസ് സ്റ്റേഷനിലെത്തിയ സ്ത്രീ കുഴഞ്ഞ് വീണു മരിച്ചു. മതിലകം സി.കെ. വളവ് പരേതനായ പുതിയ വീട്ടിൽ അബൂബക്കർ ഭാര്യ മുംതാസ് (59) ആണ് മരിച്ചത്.[www.malabarflash.com]

ഞായറാഴ്ച്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. കുടുംബതർക്കത്തെ തുടർന്ന് മുംതാസിന്‍റെ മകൻ ഷാജഹാന്‍റെ ഭാര്യ നിസ്മ ഭർതൃമാതാവ് മുംതാസിനെതിരെ പരാതി നൽകാൻ സ്റ്റേഷനിലെത്തിയിരുന്നു. ഈ സമയം തന്നെ മുംതാസും പരാതിയുമായി സ്റ്റേഷനിലെത്തിയിരുന്നു. ഇരുകൂട്ടരുമായി കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടെ കസേരയിലിരുന്നിരുന്ന മുംതാസ് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഉടൻ തന്നെ ആംബുലൻസിൽ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുംതാസ് മുൻപും പരാതി നൽകിയിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രി മോർച്ചറിയിൽ.

Post a Comment

Previous Post Next Post