NEWS UPDATE

6/recent/ticker-posts

തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയില്ല; യു.പിയിൽ കോൺഗ്രസിന്റെ 'വനിത മുഖം' ബി.ജെ.പിയിലേക്ക്

ന്യൂഡൽഹി: ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ 'വനിത മുഖ'മായ പ്രിയങ്ക മൗര്യ ബി.ജെ.പി​യിലേക്ക്. കോൺഗ്രസിന്റെ 'ഞാൻ പെണ്ണാണ്, എനിക്ക് പോരാടാനാകും' (ലഡ്കി ഹൂം ലാഡ് സക്തി ഹൂം) എന്ന സ്ത്രീശാക്തീകരണ കാമ്പയിനിന്റെ പ്രാധാന മുഖമായിരുന്നു ഇവർ.[www.malabarflash.com]


തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകാത്തതിനെ തുടർന്നാണ് ബി.ജെ.പി​യിലേക്കുള്ള പ്രവേശനം. പണം വാങ്ങിയും ജാതി നോക്കിയുമാണ് കോൺഗ്രസ് സീറ്റ് നൽകുന്നതെന്നായിരുന്നു പ്രിയങ്ക മൗര്യയുടെ ആരോപണം.

പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ യു.പിയിൽ നടത്തിവന്ന കാമ്പയിനാണ് ലഡ്കി ഹൂം ലാഡ് സക്തി ഹൂം. കാമ്പയിനി​ന്റെ പോസ്റ്ററുകളിൽ പ്രിയങ്കയുടെ മുഖമായിരുന്നു. കൂടാതെ പ്രചാരണത്തിന് ചുക്കാൻ പിടിച്ചതും മമഹിള കോൺഗ്രസ് വൈസ് പ്രസിഡന്റ് കൂടിയായ ഇവരായിരുന്നു.

തന്റെ പേരും പ്രസക്തിയും കോൺഗ്രസ് ഉപയോഗിച്ചുവെന്നും താൻ ഒ.ബി.സിയായതിനാലാണ് സീറ്റ് നിഷേധിച്ചതെന്നുമുള്ള ഗുരുതര ആരോപണങ്ങളുമായി പ്രിയങ്ക രംഗത്തെത്തിയിരുന്നു. പണം വാങ്ങിയാണ് കോൺഗ്രസ് സീറ്റ് നൽകുന്നതെന്നും അവർ ആരോപിച്ചു.

കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെയും മൗര്യ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. പ്രചാരണത്തിനായി തന്നെ കോൺഗ്രസ് ഉപയോഗിച്ചെന്നും എന്നാൽ ​യു.പി തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി മറ്റൊരാളെ പരിഗണിച്ചെന്നും അവർ പറഞ്ഞു. 'മണ്ഡലത്തിൽ കഠിനാധ്വാനം ചെയ്തിട്ടും യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് ലഭിക്കാത്തതിൽ എനിക്ക് സങ്കടമുണ്ട്. 'ഞാൻ പെണ്ണാണ്, എനിക്ക് പോരാടാനാകും' എന്ന കാമ്പയിനിനായി എന്റെ മുഖം കോൺഗ്രസ് ഉപയോഗിച്ചു. സ്ഥാനാർഥി ടിക്കറ്റ് ലഭിക്കാൻ പണം ആവശ്യപ്പെട്ട് എന്റെ ലാൻഡ്ഫോണി​ലേക്ക് ഒരു കോൾ വന്നിരുന്നു. എന്നാൽ അത് നിരസിച്ചു. എല്ലാ ടാസ്കുകളും ഞാൻ പൂർത്തിയാക്കിയിരുന്നു. പക്ഷേ നോമിനേഷനുകൾ മുൻകൂട്ടി നിശ്ചയിച്ചവയായിരുന്നു. ഒരു മാസം മുമ്പ് പാർട്ടിയിലെത്തിയവർക്കും സീറ്റ് നൽകി' -മൗര്യ പറഞ്ഞു.

പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറി സന്ദീപ് സിങ്ങിനെതിരെയും മൗര്യ രംഗത്തെത്തിയിരുന്നു. കോൺഗ്രസ് എന്റെ മുഖവും പേരും സമുഹമാധ്യമങ്ങളിലെ എന്റെ 10ലക്ഷം ഫോളോവേഴ്സിനെയും പ്രചാരണത്തിനായി ഉപയോഗിച്ചു. എന്നാൽ വരുന്ന തെരഞ്ഞെടുപ്പിൽ ടിക്കറ്റ് ​നൽകിയത് മറ്റൊരാൾക്കും. ഇത് അനീതിയാണ്. സ്ഥാനാർഥികളെ കോൺഗ്രസ് മൂൻകൂട്ടി തീരുമാനിച്ചിരുന്നു. ഞാൻ ഒ.ബി.സി പെൺകുട്ടിയായതിനാലും പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറി സന്ദീപ് സിങ്ങിന് കൈക്കൂലി നൽകാത്തതിനാലും ടിക്കറ്റ് കിട്ടിയില്ലെന്നും മൗര്യ ആരോപിച്ചു.

ലഖ്നോവിലെ സരോജിനി നഗറിൽനിന്ന് ജനവിധി തേടാനായിരുന്നു പ്രിയങ്ക മൗര്യയുടെ ആഗ്രഹം. എന്നാൽ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ സീറ്റ് രുദ്ര ധാമൻ സിങ്ങിന് നൽകുകയായിരുന്നു.

Post a Comment

0 Comments