Top News

കൊറഗജ്ജയുടെ വേഷം ധരിച്ച് മുസ്ലീം വരനും സുഹൃത്തുക്കളും; മതവികാരം വ്രണപ്പെടുത്തിയതിന് കേസ്‌

ബണ്ട്വാള്‍: ഹിന്ദു ദൈവമായ കൊറഗജ്ജയുടെ വേഷം ധരിച്ച മുസ്ലീം വരനും സുഹൃത്തുക്കളും വിവാഹ സല്‍ക്കാര ചടങ്ങില്‍ നൃത്തം ചെയ്ത സംഭവത്തില്‍ വരനും കൂട്ടുകാര്‍ക്കുമെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് വിട്ടല്‍ പോലീസ് കോസെടുത്തു.[www.malabarflash.com]


കോള്‍നാട് സ്വദേശിനിയായ യുവതിയും കാസര്‍കോട് മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ യുവാവുമായുളള വിവാഹ ആഘോഷത്തില്‍ നടന്ന ആഭാസ നൃത്തം സാമൂഹ മാധ്യങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് വിവാദമായത്.

ജനുവരി 6 ന് ഉച്ചയ്ക്ക് ശേഷമായിരുന്നു വിവാഹം. അന്നു രാത്രി തന്നെ വരന്‍ തന്റെ 50 ലധികം സുഹൃത്തുക്കളുമായി വധുവിന്റെ വീട്ടില്‍ എത്തി. സുഹൃത്തുക്കള്‍ വരനെ പാളകൊണ്ട് നിര്‍മ്മിച്ച തൊപ്പി അണിയിക്കുകയും കറുത്ത ചായം തേച്ച് കൊറഗജ്ജയെപ്പോലെ വേഷം കെട്ടിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്.

സംഭവത്തെ അപലപിച്ച് മുസ്ലീം പണ്ഡിതന്‍മാരും നേതാക്കളും രംഗത്തെത്തി. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവണമെന്നും അവര്‍ ആവശ്യപ്പെട്ടു.

തുളുനാട്ടിലെ ദൈവാരാധനയെ പരിഹസിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ദക്ഷിണ കന്നട ജില്ലാ ദളിത് സേവാ സമിതി സ്ഥാപക പ്രസിഡന്റ് സേസപ്പ ബെദ്രക്കാട്, ബിജെപി എംഎല്‍എ രാജേഷ് നായിക് എന്നിവര്‍ ആവശ്യപ്പെട്ടു.

അതിനിടെ, ബണ്ട്വാള്‍ താലൂക്കിലെ കടമ്പ്, വിട്ടല്‍പഡ്നൂര്‍ സ്വദേശി ചേതന്‍ എന്ന 27കാരന്‍ വിട്ടല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ജനുവരി ആറിന് രാത്രി 10 മണിയോടെ വരനും കൂട്ടുകാരും ഹിന്ദു ദൈവമായ കൊറഗജ്ജയുടെ വേഷം ധരിച്ച് വധുവിന്റെ വീട്ടിലെത്തുകയും അപമര്യാദയായി നൃത്തം ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

ഇത് ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തി.'സമൂഹത്തിലെ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ട്, നൃത്തത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. ഇത്തരം സംഭവങ്ങള്‍ സമൂഹത്തില്‍ അസ്വാരസ്യം ഉണ്ടാക്കും, അതിനാല്‍, വരനും വധുവിന്റെ കുടുംബാംഗങ്ങള്‍ക്കും എതിരെ നിയമനടപടി സ്വീകരിക്കണം. മതവികാരം വ്രണപ്പെടുത്തുന്നതിനും സാമൂഹിക സൗഹാര്‍ദം തകര്‍ക്കുന്നതിനും മതങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിച്ചതിനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കനുളള നടപടിയുണ്ടാവണമെന്നും പരാതിക്കാരന്‍ പറഞ്ഞു.

ബണ്ട്വാള്‍ ബിജെപി എസ്സി മോര്‍ച്ച പ്രസിഡന്റ് കേശവ ദൈപാലയും വരനെതിരെ 'ജാതി അധിക്ഷേപം' ആരോപിച്ച് വിട്ടല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി രവീഷ് ഷെട്ടി, കൊളന്തൗ മഹാശക്തികേന്ദ്ര പ്രസിഡന്റ് ശിവപ്രസാദ് ഷെട്ടി, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പ്രദീപ് അജ്ജിബെട്ടു, നേതാക്കളായ പുഷ്പരാജ് ചൗട്ട, ലോഹിത് കേളഗിന അഗരി, നാഗേഷ് ഷെട്ടി കൊടങ്കൈ, അഭിഷേക് റായ്, വിനോദ് പട്ല, ആനന്ദ് പൂജാരി അല്‍ മാവ, കൃഷ്ണ പ്രസാദ് മാവെ, രമേഷ് ഷെട്ടി കരാജെ, മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഐപിസി 153 എ, 295 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Post a Comment

Previous Post Next Post