Top News

ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ നാലു മരണം; രണ്ടു മലയാളികളെ തിരിച്ചറിഞ്ഞു

ബെംഗളൂരു: ബെംഗളൂരുവില്‍ വാഹനാപകടം. രണ്ടു മലയാളികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. രാത്രി 10.30 ഓടെ നൈസ് റോഡിന് സമീപമായിരുന്നു അപകടം.[www.malabarflash.com] 

ഒന്നിനു പിന്നില്‍ മറ്റൊന്ന് എന്ന വിധത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചതാണ് വാഗണര്‍ യാത്രക്കാരായിരുന്ന നാലുപേരുടെ ജീവന്‍ തല്‍ക്ഷണം പൊലിയുന്നതിന് കാരണമായത്.

മരിച്ചവരില്‍ രണ്ടുപേര്‍ പുരുഷന്മാരും രണ്ടുപേര്‍ സ്ത്രീകളുമാണ്. ഇതില്‍ രണ്ടുപേര്‍ മലയാളികളാണെന്ന വിവരം ലഭിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയും ബെംഗളൂരുവില്‍ സ്ഥിരതാമസക്കാരനുമായ മുഹമ്മദ് ഫാദില്‍, കൊച്ചി സ്വദേശി ശില്‍പ കെ. എന്നിവരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. മറ്റു രണ്ടുപേര്‍ കൂടിയുണ്ട്. എല്ലാവരും മലയാളികള്‍ ആണെന്ന സൂചനയുമുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ പേരു വിവരങ്ങളും ലഭ്യമായിട്ടില്ല. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

വാഗണറിന് പിന്നില്‍ ലോറി ഇടിക്കുകയായിരുന്നു. ഇതോടെ വാഗണര്‍ മുന്നിലുണ്ടായിരുന്ന സ്‌കോര്‍പിയോയില്‍ ഇടിച്ചു. ഇതിന്റെ ആഘാതത്തില്‍ സ്‌കോര്‍പിയോ, തൊട്ടുമുന്നിലുണ്ടായിരുന്ന മറ്റൊരു ലോറിയില്‍ ഇടിക്കുകയായിരുന്നു. രണ്ടു ലോറികളുടെയും ഇടയില്‍പ്പെട്ട് രണ്ടു കാറുകളും തകര്‍ന്നു. ഇതാണ് വാഗണറിലെ യാത്രക്കാരുടെ മരണത്തില്‍ കലാശിച്ചത്.

Post a Comment

Previous Post Next Post