NEWS UPDATE

6/recent/ticker-posts

ഒരു ലക്ഷം കടന്ന് പ്രതിദിന കോവിഡ് രോഗബാധ; ഒമിക്രോണ്‍ 3007; ആശങ്കയില്‍ രാജ്യം

രാജ്യത്ത് കോവിഡ് ആശങ്ക വര്‍ധിപ്പിച്ച് രോഗ ബാധയില്‍ വന്‍ ഉയര്‍ച്ച. കഴിഞ്ഞ ദിവസം മാത്രം ഒരു ലക്ഷത്തില്‍ കൂടുതല്‍ കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രാവിലെ 9 മണി വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 1,17,100 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ജൂണ്‍ മാസത്തിന് ശേഷം ഇതാദ്യമായാണ് പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് ഒരു ലക്ഷം പിന്നിടുന്നത്.[www.malabarflash.com]


ഇതോടെ രാജ്യത്തെ കോവിഡ് കേസുകള്‍ മൂന്ന് ലക്ഷം പിന്നിട്ടു. 3,71,363 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ മണിക്കൂറുകളില്‍ 302 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങള്‍ 4,83,178 എന്ന നിലയിലെത്തി.

രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ ഇതിനിടെ മൂവായിരം പിന്നിട്ടു. 3007 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 1199 പേര്‍ രോഗ മുക്തി നേടിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയില്‍ ആണ് ഒമിക്രോണ്‍ കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 876 കേസുകളാണ് സംസ്ഥാനത്തുള്ളത്. ഡല്‍ഹി 465, കര്‍ണാടക 333, രാജസ്ഥാന്‍ 291, കേരളം 284, ഗുജറാത്ത് 204 എന്നിങ്ങനെയാണ് ഒമിക്രോണ്‍ ബാധയുടെ സംസ്ഥാനങ്ങളിലെ കണക്കുകള്‍.

കോവിഡ് കേസുകളുടെ വര്‍ധനയിലും മഹാരാഷ്ട്രയാണ് മുന്നില്‍. 36165 പുതിയ കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 31.7 ശതമാനം വര്‍ധനയാണ് മഹാരാഷ്ട്രയില്‍ രേഖപ്പെടുത്തിയത്.

അതിനിടെ, ഒമിക്രോണ്‍ വകഭേദത്തെ നിസാരമായി കാണരുത് എന്നാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന മുന്നറിയിപ്പ്. ആഗോള തലത്തില്‍ ഒമിക്രോണ്‍ വകഭേദം വലിയ തോതില്‍ മരണത്തിന് ഇടയാക്കുന്നു എന്നാണ് ഡബ്ല്യൂഎച്ച്ഒ ചൂണ്ടിക്കാട്ടുന്നത്. ഒമിക്രോണ്‍ പുതിയ വകഭേദം ബാധിക്കുന്ന വ്യക്തികളുടെ എണ്ണം റെക്കോര്‍ഡാണ്. പല രാജ്യങ്ങളിലും നേരത്തെ പടര്‍ന്നുപിടിച്ച ഡെല്‍റ്റ വകഭേദത്തേക്കാള്‍ വേഗത്തിലാണ് ഒമിക്രോണ്‍ ബാധ സ്ഥിരീകരിക്കുന്നത്. പലയിടങ്ങളും ആശുപത്രികള്‍ നിറയുന്ന നിലയാണ് ഉള്ളതെന്നും ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചൂണ്ടിക്കാട്ടുന്നു.

'ഡെല്‍റ്റയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒമിക്രോണിന് കാഠിന്യം കുറവാണെന്ന് വിലയിരുത്തല്‍. പ്രത്യേകിച്ച് വാക്സിന്‍ സ്വീകരിച്ചവരില്‍. എന്നാല്‍ ഈ കണക്കുകള്‍ ഒമിക്രോണ്‍ വകഭേദം ഗുരുതരമായ സാഹചര്യം ഉണ്ടാക്കില്ലെന്ന് അര്‍ത്ഥമാക്കുന്നില്ല. മുമ്പത്തെ വേരിയന്റുകളെപ്പോലെ, ഒമിക്‌റോണും ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മരണത്തിന് ഇടയാക്കുകയും ചെയ്യുന്നു. 'വാസ്തവത്തില്‍, കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന തോത് വളരെ വലുതും വേഗത്തിലുള്ളതുമാണ്, അത് ലോകമെമ്പാടുമുള്ള ആരോഗ്യ സംവിധാനങ്ങളെ കീഴടക്കുന്ന നിലയിലേക്ക് എത്തുകയാണ്.

കഴിഞ്ഞ ആഴ്ച 9.5 ദശലക്ഷത്തോളം പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുന്‍ ആഴ്ചയെ സംബന്ധിച്ച് 71 ശതമാനം വരെ വര്‍ധനയാണിത്. ക്രിസ്മസ്-പുതുവത്സര അവധിക്കാലത്തെ പരിശോധനകളുടെ റിപ്പോര്‍ട്ട് രേഖപ്പെടുത്താതെയാണിതെന്നും ലോകാരോഗ്യ സംഘടനയുടെ മേധാവി വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ ഉള്‍പ്പെടെ ഒരു ഇടവേളയ്ക്ക് ശേഷം വലിയ ഉയര്‍ച്ചയാണ് കോവിഡ് കേസുകളില്‍ ഉണ്ടായിട്ടുള്ളത്. പ്രതിദിന രോഗ ബാധിതരുടെ എണ്ണം ഒരു ലക്ഷം എന്ന നിലയിലേക്ക ഉരുന്ന സാഹചര്യമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഒമികോണ്‍ സ്ഥിരീകരിക്കുന്നതിലും വലിയ ഉയര്‍ച്ചയുണ്ട്.

Post a Comment

0 Comments