NEWS UPDATE

6/recent/ticker-posts

ദേശീയപാതാ വികസനം: സ്ഥാനം മാറാനൊരുങ്ങി ‘ഗുളിക’നും

മാവുങ്കാൽ: ദേശീയപാതാ വികസനത്തിൽ നാട്ടുകാർക്കൊപ്പം ‘മൂലക്കണ്ടം ഗുളിക’നും കുടിയൊഴിഞ്ഞ് സ്ഥാനം മാറുന്നു. ദേശീയപാതയിൽ മൂലക്കണ്ടം കവലയിൽനിന്ന് കിഴക്കു-വടക്കു മാറി പാതയോരത്ത് സ്ഥിതിചെയ്യുന്ന ഗുളികൻ ദേവസ്ഥാനമാണ് ദേശീയപാതാ വികസനത്തിന്റെ ഭാഗമായി അൽപ്പം ദൂരത്തേക്ക് മാറ്റിസ്ഥാപിക്കുന്നത്.[www.malabarflash.com]

അടുത്തദിവസം ദേശീയപാതാ നവീകരണത്തൊഴിലാളികൾതന്നെ ദേവസ്ഥാനം പൊളിച്ചുനീക്കും. കാലങ്ങളായി നാട്ടുകാരും വഴിയാത്രക്കാരുമടക്കം ഒട്ടേറെ ആളുകൾ ആരാധന നടത്തുന്ന ദേവസ്ഥാനം പുനർനിർമിച്ചത് 16 വർഷം മുമ്പാണ്. 

നാട്ടുകാർ ചേർന്ന് രൂപവത്കരിച്ച മൂലക്കണ്ടം ഗുളികൻ ദേവസ്ഥാന സംരക്ഷണസമിതിയുടെ മേൽനോട്ടത്തിലാണ് ദേവസ്ഥാനത്തിലെ ദൈനംദിന കാര്യങ്ങൾ നടത്തിവരുന്നത്. ദേവസ്ഥാനം സ്ഥിതിചെയ്യുന്ന ഭൂമിയുടെ അവകാശരേഖകൾ ഇല്ലാത്തതിനാൽ കമ്മിറ്റിക്ക് സർക്കാരിൽനിന്നുള്ള കുടിയൊഴിപ്പ് നഷ്ടപരിഹാരമൊന്നും കിട്ടിയിട്ടില്ല. വിഷ്ണുമംഗലം ക്ഷേത്രവും കാട്ടുകുളങ്ങര കുതിരക്കാളിയമ്മ ദേവസ്ഥാനവുമായ ഗുളികൻ ദേവസ്ഥാനത്തിന് പൂർവകാല ബന്ധമുള്ളതായി പറഞ്ഞുവരുന്നു.

എല്ലാവർഷവും തുലാപ്പത്തിനുശേഷം വരുന്ന ആദ്യവെള്ളിയാഴ്ചയാണ് ഇവിടെ ഗുളികനെ കെട്ടിയാടിക്കുന്നത്. നാട്ടുകാരെ കൂടാതെ, കർണാടകയിൽനിന്നും മറ്റ് ദേശങ്ങളിൽനിന്നും ദേശീയപാത വഴി കടന്നുപോകുന്ന തീർഥാടകസംഘങ്ങളും മറ്റുയാത്രക്കാരും ഇവിടെ വാഹനം നിർത്തി പ്രാർഥന നടത്തി കാണിക്കയർപ്പിച്ചാണ് കടന്നുപോകാറുള്ളത്. 

ദേവസ്ഥാന നടത്തിപ്പിനുള്ള പ്രധാന വരുമാനവും കാണിക്കയാണ്. എല്ലാ മലയാളമാസ സംക്രമദിനത്തിലും ഇളനീർ അർപ്പിക്കുന്നത് ദേവസ്ഥാനത്തെ പ്രധാന ചടങ്ങാണ്. ഇവിടെയുള്ള ഗുളികപ്രതിഷ്ഠ ബ്രാഹ്മണസങ്കൽപ്പത്തിലുള്ളതാണെന്ന് പറയപ്പെടുന്നു. അതുകൊണ്ടുതന്നെ മധുനിവേദ്യങ്ങൾ ഇവിടെ പതിവില്ല.

ഞായറാഴ്ച വാരിക്കാട്ട തന്ത്രിയുടെ കാർമികത്വത്തിൽ പുതുതായി ഒരുക്കിയ സ്ഥലത്ത് ബാലാലയപ്രതിഷ്ഠ നടക്കും. ആറുമാസത്തിനുള്ളിൽ മറ്റ് സൗകര്യങ്ങളൊരുക്കി സ്ഥിരപ്രതിഷ്ഠ നടത്താനാണ് തീരുമാനം. 

ജയൻ പാലക്കാൽ പ്രസിഡന്റും വിനു മൂലക്കണ്ടം സെക്രട്ടറിയും ലതീഷ് വിഷ്ണുമംഗലം ഖജാൻജിയുമായ കമ്മിറ്റിയാണ് ദേവസ്ഥാന സംരക്ഷണസമിതിയുടെ ഭാരവാഹികൾ.

Post a Comment

0 Comments