NEWS UPDATE

6/recent/ticker-posts

ഐ.പി.എസുകാരെയും ഐ.എ.എസുകാരെയും പൂര്‍ണ്ണമായും നിയന്ത്രണത്തിലാക്കാൻ പുതിയ തന്ത്രവുമായി കേന്ദ്രസർക്കാർ

കേന്ദ്ര സര്‍വ്വീസുകാരായ ഐ.പി.എസുകാരെയും ഐ.എ.എസുകാരെയും പൂര്‍ണ്ണമായും നിയന്ത്രണത്തിലാക്കാനും അതുവഴി സംസ്ഥാനങ്ങളില്‍ പിടിമുറുക്കാനും കേന്ദ്ര സര്‍ക്കാറിന്റെ തന്ത്രപരമായ നീക്കം.[www.malabarflash.com] 

സംസ്ഥാന സര്‍വീസിലുള്ള ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷന്‍ നിയമനത്തില്‍ ഇടപെട്ട് വരുതിയിലാക്കാനാണ് ശ്രമം നടക്കുന്നത്.ഇതിനായി പ്രത്യേക നിയമ ഭേദഗതിക്കു തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ തുടക്കമിട്ടിരിക്കുന്നത്.

ഇതിന്റെ ഭാഗമായി ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റിവ് സര്‍വീസിന്റെ 1954ലെ റൂള്‍സ് ഭേദഗതി ചെയ്യുന്നതുകാട്ടി കേന്ദ്ര പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് ഡിപ്പാര്‍ട്ടുമെന്റ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയച്ചിട്ടുണ്ട്. 

പ്രധാനമന്ത്രിയുടെ നേരിട്ട് കീഴില്‍ വരുന്ന ഡിപ്പാര്‍ട്ട്‌മെന്റാണിത്. കേന്ദ്ര സര്‍വീസിലേക്ക് ആളെ കിട്ടുന്നില്ലെന്ന വാദമുയര്‍ത്തിയാണ് ഈ നീക്കം നടത്തിയിരിക്കുന്നത്. നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍വ്വീസിലെ ഉദ്യോഗസ്ഥന്‍മാര്‍ക്ക് മേലുള്ള പരിമിത അധികാരം കൂടി കവരുന്ന നടപടിയാണിത്. 

ഇത് പ്രാബല്യത്തില്‍ വന്നാല്‍ സംസ്ഥാനത്തിന്റെ അനുവാദമില്ലാതെ തന്നെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ ഇനി കേന്ദ്രത്തിന് സ്ഥലം മാറ്റാന്‍ കഴിയും. ഉദാഹരണത്തിന് കേരളത്തിലെ ഒരു ഐ.പി.എസുകാരനെ ഡല്‍ഹിയില്‍ മാത്രമല്ല കശ്മീരിലേക്കും നിയമിക്കാന്‍ പറ്റുമെന്ന് വ്യക്തം.

ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്ര സര്‍ക്കാരാണ് റിക്രൂട്ട്‌ചെയ്ത് സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്നത്. ഇവരുടെ ഡെപ്യൂട്ടേഷന്‍ നിയമനാധികാരിയും കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ്. ഈ ഉദ്യോഗസ്ഥരുടെ നിയമനത്തിനായി നിലവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥനും കൂടിയാലോചന നടത്താറുമുണ്ട്. ഇതിനായി ആരോഗ്യകരമായ കീഴ്‌വഴക്കവും നിലവിലുണ്ട്. 

ഡെപ്യൂട്ടേഷന്‍ നിയമനത്തിനായി മുന്‍ഗണനാ പട്ടികകള്‍ കേന്ദ്രത്തിന് കൈമാറുന്ന സംസ്ഥാനങ്ങളുമുണ്ടായിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷമാണ് ഇതിലെല്ലാം ഇടപെടലുകള്‍ ആരോപിക്കപ്പെട്ടിരുന്നത്. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി അഖിലേന്ത്യാ സര്‍വീസുകാരെ ഉപയോഗിക്കുകയാണെന്ന് നിരന്തരമാണ് പ്രതിപക്ഷവും ആരോപണം ഉന്നയിച്ചിരുന്നത്.

തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലുമടക്കം ഇത്, കേന്ദ്ര-സംസ്ഥാനസര്‍ക്കാറുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലേക്കെത്തിയതും രാജ്യം കണ്ടതാണ്. ഇതിന്റെയെല്ലാം തുടര്‍ച്ചയായാണ് പുതിയ നീക്കങ്ങളും നടക്കുന്നത്. ‘പ്രത്യേക സാഹചര്യ’ ത്തില്‍ കേന്ദ്ര സര്‍ക്കാറിന് ഏത് ഉദ്യോഗസ്ഥനും ഡെപ്യൂട്ടേഷന്‍ നിയമനം നല്‍കാന്‍ അധികാരമുണ്ട്. ഇതിലൂടെ സംസ്ഥാന ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെയും ഐ.പി.എസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റാനും സാധിക്കും.

കേന്ദ്രം കൂടുതല്‍ പിടിമുറുക്കുന്നതോടെ ഇനി വെട്ടിലാകാന്‍ പോകുന്നത് യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മാത്രമായിരിക്കും. ബി.ജെ.പിക്കാവട്ടെ ഈ സംസ്ഥാനങ്ങളില്‍ ഭരണമില്ലങ്കിലും ഒരു പരിധിവരെ ഉദ്യോഗസ്ഥരെ മുള്‍മുനയില്‍ നിര്‍ത്തി കാര്യങ്ങള്‍ നേടാനും സാധിച്ചേക്കും. ഇതു തന്നെയാണ് പ്രതിപക്ഷ പാര്‍ട്ടികളെയും പ്രകോപിപ്പിച്ചിരിക്കുന്നത്. 

ഐഎഎസ് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സേവനം ഉപയോഗിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനുള്ള അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലന്നാണ് പ്രതിപക്ഷം വ്യക്തമാക്കിയിരിക്കുന്നത്.

സംസ്ഥാനങ്ങളുടെ ഭരണനിര്‍വഹണ പ്രക്രിയയിലേക്ക് അമിതാധികാരത്തോടെ ഇടപെടാന്‍ കഴിയുന്ന ഒരു കേന്ദ്ര സംവിധാനം സഹകരണാത്മക ഫെഡറലിസത്തിന് എതിരാണെന്നാണ് സി.പി.എമ്മും തുറന്നടിച്ചിരിക്കുന്നത്. അത്തരം നീക്കങ്ങളില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് കേരളം ഉള്‍പ്പെടെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. 

എന്നാല്‍ ഈ വാദങ്ങള്‍ ഒന്നും തന്നെ മുഖവിലക്കെടുക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ആരൊക്കെ എതിര്‍ത്താലും തീരുമാനം നടപ്പാക്കുക തന്നെ ചെയ്യുമെന്നതാണ് കേന്ദ്രത്തിന്റെ നിലപാട്. ഇതോടെ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് കേന്ദ്രസര്‍വീസിലെ ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കാനുള്ള അവസരം കൂടിയാണ് വീണുകിട്ടാന്‍ പോകുന്നത്.

ഇത്തരത്തില്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി നീങ്ങിയാല്‍ കളക്ടര്‍മാര്‍ മുതല്‍ ചീഫ് സെക്രട്ടറി വരെയുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരും ജില്ലാ പൊലീസ് സൂപ്രണ്ട് മുതല്‍ ഡി.ജി.പി വരെയുള്ള ഐ.പി.എസ് ഉദ്യോഗസ്ഥരുമാണ് കൂടുതല്‍ സമ്മര്‍ദ്ദത്തിലാകുക. ഇവരുടെ നിയമനങ്ങള്‍ നടത്താനുള്ള അധികാരവും ശിക്ഷാ നടപടികള്‍ സ്വീകരിക്കാനുള്ള അധികാരവും നിലവില്‍ സംസ്ഥാന സര്‍ക്കാറിനാണ് ഉള്ളത്. ഇങ്ങനെ നിയമനം ലഭിക്കുന്ന ഉദ്യോഗസ്ഥര്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ കണ്ണിലെ കരടായാല്‍ സ്ഥലമാറ്റത്തിലൂടെ പകവീട്ടാനുള്ള സാഹചര്യം ഉണ്ടാകുമെന്നതാണ് പ്രതിപക്ഷത്തിന്റെ ഉറക്കം കെടുത്തുന്നത്.

പൊലീസ് സംവിധാനത്തില്‍ സംസ്ഥാന പൊലീസ് ചീഫാണ് പരമാധികാരി. എ.ഡി.ജി.പി, ഐ.ജി, ഡി.ഐ.ജി, എസ്.പി, എ.എസ്.പി തസ്തികകളാണ് ഇതിനു കീഴില്‍ ഐ.പി.എസുകാര്‍ക്കായി ഉള്ളത്. ജില്ലകളില്‍ പൊലീസ് ഭരണത്തെ നിയന്ത്രിക്കുന്നത് ജില്ലാ പൊലീസ് സൂപ്രണ്ടായ ഐ.പി.എസുകാരാണ്. പൊലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒമാരെല്ലാം ആ വിരല്‍ തുമ്പിലാണ് ഉള്ളത്. അതുപോലെ തന്നെ ഐ.എ.എസുകാരായ ജില്ലാ കളക്ടര്‍മാരുടെ നിയന്ത്രണത്തിലാണ് ജില്ലകളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വരിക. സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാറുകളുടെ നയത്തിനും നിലപാടിനും അനുസരിച്ചാണ് ഇവരുള്‍പ്പെടെയുള്ള സംസ്ഥാനത്തെ മുഴുവന്‍ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരും പ്രവര്‍ത്തിക്കുന്നത്. ഈ രീതിക്ക് മാറ്റം വന്നാല്‍ അത് ഫെഡറല്‍ സംവിധാനത്തിനു തന്നെയാണ് വെല്ലുവിളിയാകുക.

കേരളത്തില്‍ വി മുരളീധരനും കെ സുരേന്ദ്രനും ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ക്ക് ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിനാക്കാനുള്ള ഒരു സാഹചര്യം സി.പി.എമ്മിനെ സംബന്ധിച്ച് ചിന്തിക്കാന്‍ പറ്റുന്നതിലും അപ്പുറമായിരിക്കും. കേന്ദ്ര സര്‍ക്കാര്‍ അമിതാധികാരം പ്രയോഗിക്കാന്‍ തീരുമാനിച്ചാല്‍ അത് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നതും ഉറപ്പാണ്. 

ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ സംസ്ഥാന സര്‍ക്കാറിനുള്ള പിടി അഴിഞ്ഞാല്‍ ഭരണ സംവിധാനം തന്നെയാണ് താളം തെറ്റുക. ഇക്കാര്യവും ഗൗരവമായി വിലയിരുത്തപ്പെടേണ്ടതു തന്നെയാണ് .

Post a Comment

0 Comments