NEWS UPDATE

6/recent/ticker-posts

ആദ്യ ഫോള്‍ഡബിൾ ഐഫോണ്‍ വരുന്നു

ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിൾ ഐഫോണുകള്‍ പരീക്ഷണ ഘട്ടത്തിലാണെന്ന് റിപ്പോർട്ട്. ഡിലന്‍ഡ്ക്റ്റ് (Dylandtk) എന്ന ടെക്കിയുടെ ഈ അവകാശവാദം മാക്‌റൂമേഴ്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒന്നിലേറെ പരിഷ്‌കരിക്കാത്ത മൂലരൂപങ്ങള്‍ (prototypes) ആണ് കമ്പനി പരീക്ഷിക്കുന്നതെന്നും അദ്ദേഹം പറയുന്നു.[www.malabarflash.com]

എന്നാല്‍, ഫോള്‍ഡബിൾ സ്‌ക്രീന്‍ സാങ്കേതികവിദ്യയുടെ മികവിനെക്കുറിച്ചും ഇത്തരം ഒരു ഉപകരണത്തിന് ആവശ്യക്കാരുണ്ടാകുമോ എന്ന കാര്യത്തെക്കുറിച്ചും ആപ്പിളിന് സംശയമുണ്ടെന്നും റിപ്പോര്‍ട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ഫോള്‍ഡബിൾ ഫോണ്‍ അവതരിപ്പിക്കാനുള്ള പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട് എന്നാണ് മറ്റു വിശകലന വിദഗ്ധരും പറയുന്നത്.

എന്നാല്‍, ഈ ഡിസ്‌പ്ലേ സാങ്കേതികവിദ്യയ്ക്ക് പൂര്‍ണത കൈവരിക്കാനായിട്ടില്ലെന്നും ഒരുപാട് വിട്ടുവീഴ്ചകള്‍ നടത്തിയാല്‍ മാത്രമാണ് അത് പുറത്തിറക്കാനാകുക എന്നുമാണ് ആപ്പിള്‍ കരുതുന്നത്. നിലവിലുള്ള ഐഫോണുകളുടെ രൂപകല്‍പനാ രീതി പിന്തുടരാനാണ് ആപ്പിളിനു താത്പര്യം. ഇതിനാല്‍ തന്നെ ഫോള്‍ഡബിൾ ഫോണ്‍ ഇറക്കുന്ന കാര്യത്തില്‍ കാത്തിരിക്കാന്‍ തന്നെയായിരിക്കും ആപ്പിളിന്റെ ഉദ്ദേശമെന്നും പറയുന്നു. 

അടുത്ത ഏതാനും വര്‍ഷത്തിനുള്ളില്‍ തന്നെ ഫോള്‍ഡബിൾ ഫോണ്‍ എന്ന സങ്കല്‍പം തന്നെ കാലഹരണപ്പെടുമോ എന്ന കാര്യത്തിലും ആപ്പിളിന് ആശങ്കയുണ്ട്. ഡിസ്‌പ്ലേയുടെ ആയുസ് നീണ്ടുനില്‍ക്കുമോ, വിജാഗിരി പോലെ തിരിയുന്നിടത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങളും ആപ്പിള്‍ പരിഗണിക്കുന്നു എന്നും റിപ്പോർട്ട് പുറത്തുവിട്ട ടെക്കി അവകാശപ്പെടുന്നു.

ആപ്പിള്‍ ഫോള്‍ഡബിൾ നിർമിക്കാന്‍ ശ്രമിക്കുന്നു എന്ന അവകാശവാദം 2016 മുതല്‍ ഉള്ളതാണെന്ന് മാക്‌റൂമേഴ്‌സ് പറയുന്നു. പല പ്രോട്ടോടൈപ്പുകളും ആപ്പിള്‍ പരീക്ഷിച്ച ശേഷം വേണ്ടെന്നുവച്ചിരിക്കാം. ഇപ്പോള്‍ ഫോള്‍ഡബിൾ ഫോണിനു വേണ്ട ഡിസ്‌പ്ലേ പരീക്ഷണാർഥം സാംസങ് ആയിരിക്കാം ആപ്പിളിന് നല്‍കിയിരിക്കുന്നത്. 

ആപ്പിള്‍ ഇപ്പോള്‍ പരീക്ഷിക്കുന്ന ഒരു മോഡലില്‍ ഹിഞ്ജ് (വിജാഗിരി) ഉപയോഗിച്ച് രണ്ടു ഡിസ്‌പ്ലേകളെ യോജിപ്പിച്ചിരിക്കുകയാണെന്ന് പറയുന്നു. മറ്റൊന്നാകട്ടെ സാംസങ് ഗാലക്‌സി സെഡ് ഫ്‌ളിപ്പിനു സമാനമായതാണ്. വര്‍ഷങ്ങളായി ഫോള്‍ഡബിൾ ഫോണുകള്‍ പുറത്തിറക്കുന്ന കമ്പനിയാണ് സാംസങ്. അതേസമയം, ഇത്തരം ഫോണുകള്‍ ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കാനാകുമോ എന്ന പേടി ഉപയോക്താക്കള്‍ക്കും ഉണ്ട്. കൂടാതെ, വന്‍ വിലയും നൽകണം.

Post a Comment

0 Comments