Top News

വാളയാറിലെ സഹോദരിമാരുടെത് ആത്മഹത്യ തന്നെ; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: വാളയാറിലെ സഹോദരിമാരുടെത് ആത്മഹത്യ തന്നെയെന്ന് സിബിഐ കുറ്റപത്രം. പോലീസ് പ്രതിചേര്‍ത്തവര്‍ തന്നയാണ് കേസിലെ പ്രതികളെന്നും പാലക്കാട് പോക്‌സോ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.[www.malabarflash.com]

നിരന്തരമായ ശാരീരിക പീഡനത്തെ തുടര്‍ന്ന് സഹോദരിമാര്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന പോലീസിന്റെ കണ്ടെത്തല്‍ ശരിവെക്കുന്നതാണ് സിബിഐ കുറ്റപത്രവും.

ആദ്യത്തെ പെണ്‍കുട്ടിയുടെ മരണത്തില്‍ വലിയ മധു എന്നു വിളിക്കുന്ന മധു, ഷിബു. മധു എന്നിവരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്. രണ്ടാമത്തെ പെണ്‍കുട്ടിയുടെ കുട്ടിയുടെ മരണത്തില്‍ വലിയ മധുവും, പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമാണ് പ്രതികള്‍.

തിരുവനതപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് റിപ്പോര്‍ട്ട് നല്‍കിയത്. ബലാല്‍സംഗം, പോക്‌സോ, ആത്മഹത്യ പ്രേരണ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. ഷിബുവെന്ന പ്രതിക്കെതിരെ എസ് സി/ എസ് ടി വകുപ്പും ചുമത്തിയിട്ടുണ്ട്.

2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുമാസത്തിനിപ്പുറം മാര്‍ച്ച് നാലിന് ഇതേ വീട്ടിൽ അനുജത്തി ഒമ്പത് വയസുകാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിന്‍റെ ഉത്തരത്തില്‍ ഒമ്പത് വയസ്സുകാരിക്ക് തൂങ്ങാനാവില്ലെന്ന കണ്ടെത്തലോടെയാണ് സംശയം ബലപ്പെടുന്നത്. 13 കാരിയുടെ മരണത്തിലെ ഏക ദൃക്സാക്ഷി കൂടിയായിരുന്നു ഒമ്പതുകാരി.

ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കെെമാറി. പിന്നീടാണ് കേസ് സിബിഐ ഏറ്റെടുക്കുന്നത്.

Post a Comment

Previous Post Next Post