NEWS UPDATE

6/recent/ticker-posts

കേന്ദ്രസർവകലാശാല ബിരുദദാന ചടങ്ങിൽ മണ്ഡലം എം പിക്കും എംഎൽഎക്കും ഇടമില്ല; പ്രതിഷേധമറിയിച്ച് രാജ്‌മോഹൻ ഉണ്ണിത്താനും അഡ്വ. സി എച് കുഞ്ഞമ്പുവും

കാസർകോട്: ചൊവ്വാഴ്ച കേന്ദ്രസർവകലാശാലയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബിരുദദാനം നിർവഹിക്കുന്ന ചടങ്ങിൽ സ്ഥാപനം സ്ഥിതിചെയ്യുന്ന മണ്ഡലത്തിലെ എം പിക്കും എംഎൽഎക്കും ഇടമില്ല. ചടങ്ങിൽ ഉൾപെടുത്താത്തതിൽ കാസർകോട് എം പി രാജ്‌മോഹൻ ഉണ്ണിത്താനും ഉദുമ എംഎൽഎ അഡ്വ. സി എച് കുഞ്ഞമ്പുവും പ്രതിഷേധിച്ചു.[www.malabarflash.com]


പ്രോടോകോൾ പാലിക്കാതെ ബിജെപിക്കാരായ ജനപ്രതിനിധികളെ മാത്രം ഉൾക്കൊള്ളിച്ച് സമ്പൂർണ കാവി വൽക്കരിക്കപ്പെട്ട പരിപാടിയായി ഇത് മാറ്റിയിരിക്കുന്നുവെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. ഇത് പ്രതിഷേധാർഹമാണ്, തികച്ചും ജനാധിപത്യ വിരുദ്ധവുമാണ്. രാഷ്ട്രപതിയെക്കൂടി അപമാനിച്ചിരിക്കുകയാണ് സർവകലാശാല അധികൃതർ. 

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ എത്രമാത്രം കാവി വൽക്കരിച്ചിരിക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കേരള കേന്ദ്ര സർവകലാശാലയുടെ അസാധാരണമായ ഈ നടപടിയിലൂടെ കാണുന്നത്.

ജനാധിപത്യ രാജ്യത്ത് ജനാധിപത്യവിരുദ്ധവും, സ്വജനപക്ഷപാതപരമായ വിചിത്ര നടപടികളിലൂടെ വർഗീയ ഫാസിസ്റ്റുകൾ മുന്നോട്ടു പോകുമ്പോൾ ശക്തമായ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഉണ്ടാവുക തന്നെ ചെയ്യുമെന്ന് എം പി കൂട്ടിച്ചേർത്തു.

അതൃപ്തി അറിയിച്ച് സി എച് കുഞ്ഞമ്പു സി യു കെ വൈസ് ചാൻസിലർക്ക് കത്തയച്ചു. 'ബിരുദദാനചടങ്ങ് പത്രവാർത്ത മുഖേന അറിയാൻ സാധിച്ചു. ഈ യൂനിവേഴ്സിറ്റി സ്ഥിതിചെയ്യുന്ന പ്രദേശത്തെ എംഎൽഎയാണെന്ന കാര്യം താങ്കളെ ഓർമിപ്പിക്കുന്നു. സി യു കെയിലെ പരിപാടി പത്രവാർത്ത മുഖേന മാത്രം അറിയാൻ സാധിച്ചതിലുള്ള അതൃപ്തി അറിയിക്കുന്നു' - കത്തിൽ പറഞ്ഞു.

കേന്ദ്രസർവകലാശാല അധികൃതർ കുറേക്കാലമായി അവലംബിക്കുന്ന മോശം സമീപനങ്ങളുടെ തുടർചയാണിതെന്ന് സി എച് കുഞ്ഞമ്പു പറഞ്ഞു. ഇൻഡ്യൻ ജനാധിപത്യത്തിൽ ജനപ്രതിനിധികൾ പ്രധാനമാണ്. അന്ധമായ രാഷ്ട്രീയ വിധേയത്വം പ്രകടിപ്പിക്കുമ്പോൾ ജനാധിപത്യ മൂല്യങ്ങൾ കൈവിട്ടുപോവുകയാണ്. ജില്ലയിലെ അഞ്ച് എംഎൽഎമാരേയും എം പിയേയും ചടങ്ങിൽ ഉൾപെടുത്തുന്നതായിരുന്നു ഉചിതം. പ്രോടോകോൾ സി യു കെ അധികൃതർക്ക് മാത്രം അറിയാവുന്നതോ പാലിക്കാവുന്നതോ ആണെന്ന ധാരണ വേണ്ടെന്ന് അഡ്വ. കുഞ്ഞമ്പു ഓർമിപ്പിച്ചു.

കേന്ദ്ര പ്രതിരോധ മന്ത്രിയായിരിക്കെ എ കെ ആന്റണി സീതാംഗോളി കിൻഫ്ര പാർകിൽ എച്എഎൽ ഫാക്ടറി ശിലാസ്ഥാപനം, ഉദ്ഘാടനം എന്നിവ നിർവഹിച്ച ചടങ്ങുകളിലെ ജനപ്രതിനിധി പങ്കാളിത്തം സി യു കെ അധികൃതർക്ക് മാതൃകയാവേണ്ടതാണെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു.

അതേസമയം ജില്ലയിലെ എം പിക്കും അഞ്ച് എംഎൽഎമാർക്കും ക്ഷണപത്രം അയച്ചിരുന്നുവെന്നാണ് യൂനിവേഴ്സിറ്റി റെജിസ്ട്രാറും പരീക്ഷാ കൺട്രോളറും വ്യക്തമാക്കിയത്. 

Post a Comment

0 Comments