Top News

ഇന്ത്യ വിരുദ്ധ പ്രചരണം : ഇരുപതോളം യൂട്യൂബ് ചാനലുകളും രണ്ട് വാര്‍ത്ത സൈറ്റുകളും ഇന്ത്യയില്‍ നിരോധിച്ചു

ദില്ലി: പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇരുപതോളം യൂട്യൂബ് ചാനലുകളും രണ്ട് വാര്‍ത്ത സൈറ്റുകളും ഇന്ത്യയില്‍ നിരോധിച്ചു. കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. രണ്ട് പ്രത്യേക ഉത്തരവുകളിലൂടെയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇന്ത്യ വിരുദ്ധതയും തെറ്റായ വാര്‍ത്തകളും പ്രചരിപ്പിച്ചക്കുന്നതിനാണ് കേന്ദ്രത്തിന്‍റെ നടപടി.[www.malabarflash.com]


കശ്മീര്‍, ഇന്ത്യന്‍ സൈന്യം, രാജ്യത്തെ ന്യൂനപക്ഷ സമൂഹം, രാമക്ഷേത്രം, ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട സംയുക്ത സൈനിക മേധാവി ബിബിന്‍ റാവത്ത് എന്നിവരെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന കണ്ടന്‍റുകള്‍ പ്രചരിപ്പിച്ചതിനാണ് നടപടി. ഈ സൈറ്റുകള്‍ ഇവ സംബന്ധിച്ച് വാര്‍ത്തകള്‍ നല്‍കിയെന്ന് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കശ്മീര്‍ വാച്ച്, കശ്മീര്‍ ഗ്ലോബല്‍ എന്നീ രണ്ട് വാര്‍ത്ത സൈറ്റുകളാണ് നിരോധിച്ചത്. ഇവ പ്രവര്‍ത്തിക്കുന്നത് പാകിസ്ഥാനില്‍ നിന്നാണെന്ന് രഹസ്യന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

നിരവധി യൂട്യൂബ് ചാനലുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന 'നയ പാകിസ്ഥാന്‍' അക്കൗണ്ടും പൂട്ടിച്ചവയില്‍ ഉണ്ട്. ഇവരുടെ പല അക്കൗണ്ടുകളും പാകിസ്ഥാനിലെ പ്രമുഖരായ അങ്കര്‍മാരാണ് നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

'അതിര്‍ത്തിക്കപ്പുറം നിന്ന് ഇന്ത്യന്‍ താല്‍പ്പര്യങ്ങളെ ഹനിക്കുന്ന രീതിയിലാണ് ഈ ചാനലുകളും സൈറ്റുകളും പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ ഇന്ത്യന്‍ നിയമങ്ങള്‍ ഇവ ലംഘിച്ചതായി വ്യക്തമായതോടെയാണ് കര്‍ശ്ശനമായ നടപടി എടുത്തത്. ഇത്തരം സൈറ്റുകളും ചാനലുകളും പാകിസ്ഥാന്‍ അജണ്ട ഇന്ത്യയ്ക്കെതിരായി പ്രചരിപ്പിക്കുകയാണ്' - കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.

കേന്ദ്ര രഹസ്യന്വേഷണ വിഭാഗവും, വിവിധ മന്ത്രാലയങ്ങളും നടത്തിയ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ചാനലുകളും വെബ് സൈറ്റുകളും നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുത്തത്. 

കഴിഞ്ഞ ഫെബ്രുവരി 25ന് നിലവില്‍ വന്ന ഐടി ആക്ടിലെ ഭേദഗതിയിലൂടെ അടിയന്തര നടപടി എടുക്കാന്‍ മന്ത്രാലയത്തിന് ലഭിച്ച അധികാരം ഉപയോഗിച്ചാണ് പുതിയ നിരോധനം നിലവില്‍ വന്നിരിക്കുന്നത്.

Post a Comment

Previous Post Next Post