Top News

ഒന്നര കോടിയുടെ ആഡംബര കാര്‍ വാടകയ്‍ക്കെടുത്ത് വിദേശത്തേക്ക് കടത്താന്‍ ശ്രമം; അഞ്ച് പ്രവാസികള്‍ക്ക് ശിക്ഷ

ദുബൈ: വാടകയ്‍ക്കെടുത്ത ആഡംബര കാര്‍ വിദേശത്തേക്ക് കടത്താന്‍  ശ്രമിച്ച സംഭവത്തില്‍ അഞ്ച് പ്രവാസികള്‍ക്ക് യുഎഇയില്‍ ഒരു വര്‍ഷം വീതം തടവ്. കേസില്‍ ഉള്‍പ്പെട്ട ഒരു അറബ് പൗരന്‍ നേരത്തെ തന്നെ വിദേശത്തേക്ക് രക്ഷപ്പെട്ടിരുന്നു. ഇയാളുടെ അസാന്നിദ്ധ്യത്തിലാണ് കോടതി വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞത്. ശിക്ഷ അനുഭവിച്ച ശേഷം എല്ലാ പ്രതികളെയും രാജ്യത്തുനിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.[www.malabarflash.com]


6,85,000 ദിര്‍ഹം വിലയുള്ള റേഞ്ച് റോവര്‍ കാറാണ് പ്രതികള്‍ മോഷ്‍ടിച്ച് കടത്താന്‍ ശ്രമിച്ചത്. രണ്ട് ദിവസത്തേക്കാണ് പ്രതികളിലൊരാള്‍ കാര്‍ വാടകയ്‍ക്ക് എടുത്തത്. എന്നാല്‍ തിരിച്ചേല്‍പ്പിക്കേണ്ട ദിവസം കഴിഞ്ഞ് രണ്ട് ദിവസം പിന്നിട്ടിട്ടും വാഹനം എത്താത്തത് മനസിലാക്കിയ കാര്‍ റെന്റല്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ വാഹനത്തിലെ ട്രാക്കിങ് സംവിധാനം ഉപയോഗിച്ച് കാര്‍ എവിടെയാണെന്ന് മനസിലാക്കാന്‍ ശ്രമിച്ചു. എന്നാല്‍ വാഹനത്തിലെ ഒരു ട്രാക്കിങ് ഉപകരണം ഇളക്കി മാറ്റിയിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. വാഹനത്തിലെ രണ്ടാമത്തെ ട്രാക്കിങ് ഉപകരണം വഴി ശ്രമിച്ചപ്പോള്‍ വാഹനം മറ്റൊരു എമിറേറ്റിലുണ്ടെന്ന് മനസിലായി.

ഇതോടെ ജീവനക്കാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. വാഹനത്തിന്റെ ലൊക്കേഷന്‍ പിന്തുടര്‍ന്ന് പോലീസ് അന്വേഷിച്ചെത്തുമ്പോള്‍ ഒരു ട്രക്കിനുള്ളിലാക്കി അയല്‍രാജ്യത്തേക്ക് വാഹനം കൊണ്ടുപോവുകയായിരുന്നു. പോലീസ് ട്രക്ക് തടഞ്ഞ് ഡ്രൈവറെ അറസ്റ്റ് ചെയ്‍തു. 

മറ്റൊരു രാജ്യത്തുനിന്ന് ഒരാള്‍ തന്നെ ബന്ധപ്പെട്ട ശേഷം വാഹനം എത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് ട്രക്ക് ഡ്രൈവര്‍ മൊഴി നല്‍കിയത്. ഇതിനായി 2500 ദിര്‍ഹവും വാഹനം നിര്‍ത്തിയിട്ടിരുന്ന സ്ഥലത്തിന്റെ ലൊക്കേഷനും താക്കോലുകളും രേഖകളും അയച്ചുകൊടുക്കുകയുമായിരുന്നു എന്ന് ഇയാല്‍ അവകാശപ്പെട്ടു.

കാര്‍ വാടകയ്‍ക്ക് എടുത്തയാള്‍ രാജ്യം വിട്ട ശേഷം മറ്റ് സഹായികളുമായി ബന്ധപ്പെട്ട് കാര്‍ വിദേശത്തേക്ക് കടത്താനുള്ള പദ്ധതിയായിരുന്നു തയ്യാറാക്കിയതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. വാഹനം കൊണ്ടുപോകാനായി റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റിയില്‍ നിന്നുള്ള രേഖകളും സംഘം വ്യാജമായി ഉണ്ടാക്കി. 

ട്രാക്കിങ് ഉപകരണം നീക്കം ചെയ്‍ത് കാര്‍ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് വാഹനത്തില്‍ ഘടപ്പിച്ചിരുന്ന രണ്ടാമത്തെ ട്രാക്കിങ് ഉപകരണം സംഘത്തെ കുടുക്കിയത്.

Post a Comment

Previous Post Next Post