NEWS UPDATE

6/recent/ticker-posts

ബേക്കൽ ബീച്ച് പാർക്ക് നവീകരണത്തിന്‌ 4.96 കോടിയുടെ പദ്ധതി

ഉദുമ: ബേക്കൽ കോട്ടയോട് ചേർന്നുള്ള ബേക്കൽ ബീച്ച് പാർക്ക് നവീകരണ പദ്ധതിക്ക് ടൂറിസം വകുപ്പിന്റെ ഭരണാനുമതിയായി. 4.96 കോടിയുടെ നവീകരണമാണ് നടത്തുക. 4,96,76,919 രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ പാർക്കിന്റെ ഉടമസ്ഥരായ ബേക്കൽ റിസോർട്സ് ഡെവലപ്മെന്റ്‌ കോർപ്പറേഷൻ (ബി.ആർ.ഡി.സി.) രണ്ടരക്കോടിയും ബാക്കി സംസ്ഥാന ടൂറിസംവകുപ്പുമാണ് മുടക്കുക.[www.malabarflash.com]


മനോഹരമായ പ്രവേശനകവാടം, പുൽത്തകിടി, അവയ്ക്കിടയിലൂടെയുള്ള നടപ്പാതകൾ, പൂന്തോട്ടം, ശില്പത്തോടെയുള്ള റൗണ്ട് എബൗട്ട്, ബോട്ടിന്റെ മാതൃകയിലുള്ള ശില്പങ്ങൾ, ആകർഷകങ്ങളായ ദീപങ്ങൾ, കുട്ടികൾക്ക് വേണ്ട പുതിയ കളിക്കോപ്പുകൾ, ഭക്ഷണശാല, ആംഫി തീയേറ്റർ തുടങ്ങിയവ നവീകരണത്തോടെ ബീച്ച് പാർക്കിൽ യാഥാർഥ്യമാകും.

ഉദുമ എം.എൽ.എ. സി.എച്ച്. കുഞ്ഞമ്പു നടത്തിയ ഇടപെടൽ ഭരണാനുമതി വേഗത്തിൽ ലഭിക്കാൻ കാരണമായി. പള്ളിക്കര കടപ്പുറത്ത് ബി.ആർ.ഡി.സി. ഏറ്റെടുത്ത 18.5 ഏക്കറിലാണ് പാർക്ക് നിർമിച്ചിരിക്കുന്നത്.

പ്രതിമാസം 68,0784 രൂപയും നികുതിയും നൽകി പള്ളിക്കര സഹകരണബാങ്കാണ് കഴിഞ്ഞ നാല് വർഷമായി പാർക്കിന്റെ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നത്. കാലാവധി അവസാനിക്കുന്ന ദിവസം മുതൽ അടുത്ത ഏഴ് വർഷത്തേക്ക് കൂടി പാർക്ക് നടത്തിപ്പ് തങ്ങൾക്ക് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ബാങ്ക് വിനോദസഞ്ചാരവകുപ്പിനെ സമീപിച്ചിട്ടുണ്ട്.

ബേക്കൽ ബീച്ച് പാർക്ക് ആധുനികരീതിയിൽ നവീകരിച്ച് ആകർഷകമാക്കുന്നതിന് നിലവിലെ നടത്തിപ്പുകാരായ പള്ളിക്കര സഹകരണ ബാങ്ക് രണ്ടുകോടി രൂപ നൽകാമെന്ന് ഭരണസമതി അറിയിച്ചതായി സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. പറഞ്ഞു. ഇതിനായി നിലവിലുള്ള നടത്തിപ്പ് രണ്ട് വർഷത്തേക്ക് കൂടി ദീർഘിപ്പിക്കണമെന്നാണ് ബാങ്കിന്റെ ആവശ്യം. പാർക്കിന്റെ നവീകരണ പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി ഉന്നതതല യോഗം വിളിക്കുമെന്നും എം.എൽ.എ. അറിയിച്ചു.

Post a Comment

0 Comments