NEWS UPDATE

6/recent/ticker-posts

എം ഇ എസ് വനിതാ കോളജ് വഖ്ഫ് ഭൂമിയില്‍; 45 ദിവസത്തിനുള്ളില്‍ ഒഴിപ്പിക്കാന്‍ ട്രൈബ്യൂണല്‍ ഉത്തരവ്

കോഴിക്കോട്: നഗരത്തില്‍ നടക്കാവിലെ എം ഇ എസ് വനിതാകോളജ് ഒഴിപ്പിക്കാന്‍ വഖ്ഫ് ട്രൈബ്യൂണല്‍ ഉത്തരവ്. എം ഇ എസിന്റെ ഫാത്വിമ ഗഫൂര്‍ മെമ്മോറിയല്‍ വനിതാ കോളജ് സ്ഥിതി ചെയ്യുന്ന ഭൂമിയാണ് അനധികൃതമെന്ന് കണ്ടെത്തിയത്.[www.malabarflash.com]

പുതിയ പൊന്‍മാണി ചിന്തകം തറവാട് വഖ്ഫ് ചെയ്ത കോഴിക്കോട് നഗരത്തിലെ ബ്ലോക്ക് നമ്പര്‍ 12 വാര്‍ഡ് മൂന്നിലെ ഭൂമിയാണ് ഇതെന്നും ട്രൈബ്യൂണല്‍ വിധിന്യായത്തില്‍ വ്യക്തമാക്കി. നഗര മധ്യത്തില്‍ കോടികള്‍ വില വരുന്നതാണ് എം ഇ എസിന്റെ കൈവശമുള്ള ഈ 79 സെന്റ് സ്ഥലം.

1975ല്‍ പ്രതിമാസം 200 രൂപ വാടക നല്‍കിക്കൊണ്ട് വഖ്ഫ് സ്വത്തിന്റെ മുതവല്ലിയുമായി ഉണ്ടാക്കിയ വാടക കരാര്‍ പ്രകാരമാണ് എം ഇ എസ് സ്വത്ത് കൈവശം വച്ചിരുന്നത്. എന്നാല്‍, വഖ്ഫ് സ്വത്ത് മുതവല്ലിക്ക് പാട്ടത്തിന് കൊടുക്കാന്‍ വഖ്ഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ അധികാരമില്ലെന്ന കണ്ടെത്തലിലാണ് വഖ്ഫ് ട്രൈബ്യൂണലിന്റെ നടപടി.

വഖ്ഫുല്‍ ഔലാദ് (കുടുംബ വഖ്ഫ്) പ്രകാരം ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത ഭൂമിയിലെ കൈയേറ്റം സംബന്ധിച്ച് നിലവിലെ പൊന്‍മാണിക്കന്റകത്ത് തറവാട്ടിലെ മുതവല്ലി തന്നെയാണ് വഖ്ഫ് ബോര്‍ഡിനെ സമീപിച്ചത്്. ശേഷം ബോര്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന ബി എം ജമാല്‍ നടത്തിയ അന്വേഷണത്തില്‍ എം ഇ എസ് ഈ വഖ്ഫ് ഭൂമിയിലെ കൈയേറ്റക്കാരാണെന്ന് കണ്ടെത്തുകയും അത് പ്രകാരം കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന് വേണ്ടി ട്രൈബ്യൂണലില്‍ വഖ്ഫ് നിയമപ്രകാരം 2016ല്‍ ഒരപേക്ഷ നല്‍കുകയും ചെയ്തു. 

സി ഇ ഒയുടെ അപേക്ഷക്കെതിരെ 2017ല്‍ എം ഇ എസ് അധികൃതര്‍ വഖ്ഫ് ട്രൈബ്യൂണലില്‍ കേസ് ഫയല്‍ ചെയ്തു. പ്രസ്തുത കേസ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ട്രൈബ്യൂണലില്‍ ഉത്തരവിട്ടതിനെതിരെ എം ഇ എസ് ഹൈക്കോടതിയെ സമീപിച്ചു. വിഷയത്തില്‍ തീര്‍പ്പു കല്‍പ്പിക്കേണ്ടത് വഖ്ഫ് ട്രൈബ്യൂണല്‍ തന്നെയാണെന്ന് ഹൈക്കോടതി വിധിച്ചു.

ഈ വിധിയുടെ അടിസ്ഥാനത്തിലാണ് വഖ്ഫ് ട്രൈബ്യുണല്‍ വിധി പ്രസ്താവം നടത്തിയത്. എം ഇ എസ് അധികൃതര്‍ വഖ്ഫ് സ്വത്തിലെ കൈയേറ്റക്കാരാണെന്ന് ട്രൈബ്യൂണല്‍ കണ്ടെത്തുകയും അതനുസരിച്ച് നേരത്തെയുള്ള വഖ്ഫ് ബോര്‍ഡിന്റെ ഉത്തരവ് ശരിവെക്കുകയും അന്യായക്കാരെ 45 ദിവസങ്ങള്‍ക്കുള്ളില്‍ ഒഴിപ്പിക്കണമെന്ന് ഉത്തരവിടുകയും ചെയ്തു. അനധികൃത ഭൂമിയിലുള്ള വഖ്ഫ് കെട്ടിടത്തില്‍ നോട്ടീസ് പതിക്കാനും ഉത്തരവുണ്ട്.

Post a Comment

0 Comments