Top News

തേളുകള്‍ കൂട്ടമായി തെരുവിലിറങ്ങി; ആക്രമണത്തില്‍ മൂന്നു മരണം, നൂറുകണക്കിന് പേര്‍ക്ക് പരിക്ക്

കെയ്‌റോ: കനത്ത മഴയിലും ഇടിമിന്നലിനും കൊടുങ്കാറ്റിനും പിന്നാലെ ഈജിപ്തിലെ ആസ്‌വാനില്‍ തേളുകള്‍ കൂട്ടമായി തെരുവുകളിലേക്കിറങ്ങി. തേളുകളുടെ കുത്തേറ്റ് മൂന്നുപേര്‍ മരിച്ചു. 500ഓളം പേര്‍ക്കാണ് പരിക്കേറ്റത്. ഗവര്‍ണറേറ്റിലെ പര്‍വ്വത പ്രദേശങ്ങളിലാണ് ഇവ കൂടുതലായും ആളുകളെ ആക്രമിച്ചത്.[www.malabarflash.com]


വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. ലോകത്തിലെ ഏറ്റവും അപകടകാരികളായ തേളുകളാണ് തെരുവിലറങ്ങിയത്. കനത്ത മഴയില്‍ ഇവയുടെ മാളങ്ങള്‍ അടഞ്ഞതും വെള്ളം കുത്തിയൊലിച്ചതും തേളുകള്‍ കൂട്ടമായി തെരുവിലിറങ്ങാന്‍ കാരണമായി. 

ആന്‍ഡ്രോക്ടോണസ് ജനുസ്സില്‍പ്പെട്ട ഫാറ്റ്‌ടെയല്‍ എന്ന വിഭാഗം തേളുകളാണ് ആസ്‌വാനില്‍ നാശം വിതച്ചത്. ആളെക്കൊല്ലി എന്നു കൂടി അറിയപ്പെടുന്ന തേളുകളാണ് ഇവ. കനത്ത മഴയും പൊടിക്കാറ്റും മഞ്ഞുവീഴ്ചയും പ്രദേശത്ത് ഭീതി സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് ആളുകളോട് വീട്ടില്‍ തന്നെ കഴിയാനും മരങ്ങള്‍ കൂടുതലുള്ള പ്രദേശത്തേക്ക് പോകരുതെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു.

തേളിന്റെ കുത്തേറ്റവര്‍ക്ക് ശ്വാസതടസ്സം, പേശികളില്‍ വേദന അടക്കമുള്ള ലക്ഷണങ്ങളാണ് പ്രകടമായത്. ഈ തേളുകളുടെ പ്രധാന വാസസ്ഥലമാണ് ഈജിപ്ത്. ഈജിപ്തില്‍ കാണപ്പെടുന്ന കറുത്ത വാലുള്ള തേളുകളുടെ കുത്തേറ്റാല്‍ ചികിത്സ ലഭിച്ചില്ലെങ്കില്‍ ഒരു മണിക്കൂറിനകം മരണം സംഭവിക്കും.

Post a Comment

Previous Post Next Post