NEWS UPDATE

6/recent/ticker-posts

സ്വർണ്ണ കവർച്ച: ക്വട്ടേഷൻ സംഘത്തിലെ നാല് പേർ പോലീസ് പിടിയിൽ

കോഴിക്കോട്: വെസ്റ്റ് ബംഗാൾ സ്വദേശിയിൽ നിന്നും സ്വർണ്ണം കവർന്ന ശേഷം വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന ക്വട്ടേഷൻ സംഘത്തിലെ നാല് പേരെ കസബ പോലീസ് ഇസ്പെക്ടർ എൻ.പ്രജീഷിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും കസബ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു.[www.malabarflash.com]

പയ്യാനക്കൽ തെക്കഞ്ചീരി വീട്ടിൽകമ്പി വാവ എന്ന ജിനിത്ത് ( 37),കൊമ്മേരി മുക്കുണ്ണിത്താഴം വീട്ടിൽ ജമാൽ ഫാരിഷ് (22),പന്നിയങ്കര കീലക്കാട്ട് നിലം പറമ്പിൽ ഷംസുദ്ദീൻ(31), കാസർഗോഡ് കുന്താർ പോക്കറടുക്ക വീട്ടിൽ മുഹമ്മദ് നൗഷാദ് (30 )എന്നിവരാണ് അറസ്റ്റിലായത്.

സെപ്തംബർ 20ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ബംഗാൾ വർധമാൻ സ്വദേശിയായ റംസാൻ അലി,ലിങ്ക് റോഡിലുള്ള സ്വർണ്ണ ഉരുക്ക് ശാലയിൽ നിന്നും മാങ്കാവിലേക്ക് ബൈക്കിൽ കൊണ്ടുപോവുകയായിരുന്ന 1.200 കിലോഗ്രാം സ്വർണ്ണം നാലു ബൈക്കിലെത്തിയ എട്ടു പേർ ചേർന്ന് കണ്ടംകുളം ജൂബിലി ഹാളിനു സമീപം വെച്ച് അക്രമിച്ച് കവർന്നെടുക്കുകയായിരുന്നു.

സംഭവത്തിൻ്റെ ഗൗരവം മനസിലാക്കി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ഡിഐജി എ.വി. ജോർജ്ജിൻ്റെ പ്രത്യേക നിർദ്ദേശപ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സ്വപ്നിൽ എം. മഹാജന്‍റെ മേൽനോട്ടത്തിൽ ടൗൺ അസിസ്റ്റന്‍റ് കമ്മീഷണർ ബിജുരാജിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസന്വേഷണം നടത്തി വരികയായിരുന്നു.

സിസി ടിവി അടക്കമുള്ള യാതൊരു വിധ തെളിവുകളും പോലീസിന് ലഭിച്ചിരുന്നില്ല. മുമ്പ് ഇത്തരം കവർച്ച കേസുകളിൽ ഉൾപ്പെട്ട വരെ നേരിട്ടും രഹസ്യമായും നിരീക്ഷിച്ചു വരികയും ചെയ്തിരുന്നു. പിന്നീട് തികച്ചും ശാസ്ത്രീയ പരമായ രീതിയിൽ നടത്തിയ അന്വേഷണത്തിൽ നിന്നും കവർച്ച നടത്തുമ്പോൾ ഇവർക്ക് വേണ്ട സിം കാർഡുകൾ എടുത്ത് നൽകി സഹായിച്ച മൂട്ടോളി സ്വദേശി ലത്തീഷിനെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇയാളെ കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്തതിൽ നിന്നും പ്രതികളിലേക്ക് എത്തിചേരുകയുമായിരുന്നു.പ്രതികൾ ആരും തന്നെ ഫോണുകൾ ഉപയോഗിക്കാതെ ഒളിവിൽ കഴിയുകയായിരുന്നത് അന്വേഷണ സംഘത്തെ കൂടുതൽ ബുദ്ധിമുട്ടിലാക്കി.

പിന്നീട് പ്രതികളുടെ കർണാടകത്തിലെ രഹസ്യകേന്ദ്രം കണ്ടെത്തിയ അന്വേഷണ സംഘം പ്രതികളെ പിടികൂടാൻ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ വെളുത്ത സ്വിഫ്റ്റ് കാറിൽ ക്വട്ടേഷൻ സംഘം കേരളത്തിലേക്ക് കടന്നതായി വിവരം ലഭിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ സ്വപ്നിൽ എം മഹാജന് ക്രൈം സ്ക്വാഡ് വിവരങ്ങൾ കൈമാറിക്കൊണ്ടിരുന്നു തുടർന്ന് കോഴിക്കോട് സിറ്റി പോലീസ് പരിധിയിൽ പ്രവേശിച്ച വാഹനം ടൗൺ എസിപി ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അതിസാഹസികമായി തടയുകയായിരുന്നു. വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച നാല് പ്രതികളെയും പോലീസ് ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു

ഇവരെ ചോദ്യം ചെയ്തതിൽ നിന്നും മറ്റു പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഇപ്പോൾ പിടിയിലായവർ സംഘത്തിലെ കോഴിക്കോട് തൊണ്ടയാട് കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘത്തിലെ കുപ്രസിദ്ധ ഗുണ്ടകളാണെന്നും പാളയം സ്വർണ്ണക്കവർച്ച യിൽ ബൈക്കുകൾ ഓടിച്ചവരാണെന്നും,വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും കസബ ഇൻസ്പെക്ടർ പ്രജീഷ് പറഞ്ഞു. ക്വട്ടേഷൻ സംഘത്തിലെ നേതാവിനായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായും വിവിധ സംഘങ്ങളായി തിരിഞ്ഞ് വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വിജയം കണ്ടത് എന്നും എ.സി.പി ബിജുരാജ് പറഞ്ഞു.

കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഇ.മനോജ്,കെ.അബ്ദുൾ റഹിമാൻ, കെ പി മഹീഷ്, എം.ഷാലു, സി.കെ.സുജിത്ത്,ഷാഫി പറമ്പത്ത്,എ പ്രശാന്ത് കുമാർ, ശ്രീജിത്ത് പടിയാത്ത്,മഹേഷ്, സുമേഷ് ആറോളി, നടക്കാവ് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ എസ് ബി കൈലാസ് നാഥ്,കസബ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ ശ്രീജിത്ത്,അഭിഷേക്, അനീഷ്,സീനിയർ സി.പി.ഒ മാരായ വിഷ്ണുപ്രഭ, സജീവൻ,രഞ്ജുഷ് , സിപിഒ പ്രണീഷ്, ഡ്രൈവർ സി പി ഒ ടി.കെ വിഷ്ണു, സൈബർ സെൽ സിപിഒ രാഹുൽ മാത്തോട്ടത്തിൽ, പി രൂപേഷ് എന്നിവർ ചേർന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.'

Post a Comment

0 Comments