NEWS UPDATE

6/recent/ticker-posts

പിടിയിലായത് ഡോൺ തസ്‌ലിം, കാലിയ റഫീഖ് വധക്കേസുകളിലെ പ്രതി; സിയക്കെതിരെ പതിനഞ്ചിലേറെ കേസുകൾ

കാസര്‍കോട്: ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ അറസ്റ്റിലായ പൈവളിഗെ ഗായര്‍കട്ടയിലെ സിയാദ് എന്ന സിയയെ എറണാകുളം കോടതി റിമാണ്ട് ചെയ്തു. സിയാദിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കും ഏഴുദിവസത്തെ കസ്റ്റഡിയില്‍ കിട്ടുന്നതിന് നെടുമ്പാശേരിയിലെ തീവ്രവാദവിരുദ്ധസേന(എ.ടി.എസ്) കോടതിയില്‍ ഹരജി നല്‍കി.[www.malabarflash.com]

ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ അന്വേഷണം നടത്തുന്നത് ക്രൈംബ്രാഞ്ചാണെങ്കിലും സിയാദുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നത് എ.ടി.എസാണ്. 

വ്യാജപാസ്പോര്‍ട്ട് ഉപയോഗിച്ച് വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് സിയാദിനെ മുംബൈയില്‍ നിന്ന് എ.ടി.എസ് പിടികൂടി കേരള പോലീസിന് കൈമാറിയത്. സിയാദിനെതിരെ എ.എ.ടി.എസ് തുടര്‍ അന്വേഷണം ശക്തമാക്കും. എ.ടി.എസിന്റെ ഹരജി കോടതി തിങ്കളാഴ്ച പരിഗണിക്കും. 

അധോലോകനായകന്‍ രവി പൂജാരിയുടെ നിര്‍ദേശപ്രകാരം നടി ലീനമരിയപോളിന്റെ കൊച്ചി കവന്ത്ര പമ്പള്ളിനഗറിലുള്ള ബ്യൂട്ടിപാര്‍ലറില്‍ വെടിവെപ്പ് നടത്താന്‍ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തിയത് സിയാദാണെന്ന് കണ്ടെത്തിയതോടെ ഇയാളെ കേസില്‍ ഏഴാംപ്രതിയാക്കുകയായിരുന്നു. 

ഉപ്പളയിലെ കാലിയാ റഫീഖ്, ചെമ്പരിക്കയിലെ സി.എം മുഹ്ത്തസിം എന്ന ഡോണ്‍ തസ്ലിം എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലും മറ്റ് രണ്ട് കൊലക്കേസുകളിലും അടക്കം മൊത്തം പതിനഞ്ചോളം കേസുകളില്‍ പ്രതിയാണ് സിയാദ്. കാലിയാറഫീഖിനെ 2017 ഫെബ്രുവരി 15ന് മംഗളൂരു കോട്ടേക്കാറില്‍ വെച്ചും ഡോണ്‍ തസ്ലിമിനെ 2020 ഫെബ്രുവരി രണ്ടിന് തട്ടിക്കൊണ്ടുപോയി ഗുല്‍ബര്‍ഗയില്‍ വെച്ചും വെടിവെച്ച് കൊലപ്പെടുത്തിയ സംഘത്തെ ഏര്‍പ്പാടാക്കിയത് സിയാദാണെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. 

2010 ജൂണ്‍ 26ന് ബേവിഞ്ചയിലെ കരാറുകാരന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ സംഭവത്തിലും സിയാദ് ഉള്‍പ്പെട്ടു. മഞ്ചേശ്വരം, കുമ്പള, വിദ്യാനഗര്‍ പോലീസ് സ്റ്റേഷനുകളിലും സിയാദിനെതിരെ കേസുകളുണ്ട്. 

സിയാദ് ആദ്യഘട്ടത്തില്‍ അനധികൃത മണല്‍ക്കടത്തിലേര്‍പ്പെടുകയായിരുന്നു. പിന്നീട്ബാളിഗെ അസീസിനോടൊപ്പം ചേര്‍ന്ന് ചെറിയ ക്വട്ടേഷനുകള്‍ക്ക് തുടക്കമിട്ടു. ഇതിനിടെ ചില തര്‍ക്കങ്ങളെ തുടര്‍ന്ന് സിയാദ് ബാളിഗെ അസീസുമായി അകന്നു. ഇതോടെ സിയാദ് സ്വന്തമായി ക്വട്ടേഷനുകള്‍ ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷം ബാളിഗെ അസീസ് കൊല്ലപ്പെട്ടതോടെ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക രൂക്ഷമാകുകയാണുണ്ടായത്.

ഈ സംഘങ്ങള്‍ തമ്മിലുള്ള നേര്‍ക്കുനേരെയുള്ള വെടിവെയ്പുകള്‍ ഉപ്പളയില്‍ പതിവായതോടെ പോലീസ് നടപടി ശക്തമാക്കുകയും സിയാദ് അടക്കമുള്ളവരുടെ പ്രവര്‍ത്തനം കാസര്‍കോട് ജില്ലക്ക് പുറത്ത് കേന്ദ്രീകരിക്കുകയുമായിരുന്നു. ഗള്‍ഫില്‍ നിന്നുള്ള സ്വര്‍ണക്കടത്ത് ഏജന്റുമാരെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുന്നതും പണത്തിനുവേണ്ടി തട്ടിക്കൊണ്ടുപോകുന്നതും അടക്കമുള്ള ക്വട്ടേഷനുകളാണ് സിയാദ് പിന്നീട് ഏറ്റെടുത്തിരുന്നത്.

Post a Comment

0 Comments