NEWS UPDATE

6/recent/ticker-posts

വീല്‍ചെയര്‍ മഹ്‌റായി നല്‍കി; പാത്തുവിനെ ജീവിതത്തിലേക്ക് ചേര്‍ത്ത് ഫിറോസ്

കോഴിക്കോട്: ഒരുപക്ഷേ ലോകത്ത് ആദ്യമായിട്ടാകും ഇങ്ങിനെയൊരു മഹര്‍ വധുവിന് നല്‍കുന്നത്. ഒരു അവയവം പോലെ ജീവിതത്തിന്റെ ഭാഗമായി മാറിയ ഉപകരണം തന്നെ മഹറായി നല്‍കിയാണ് ഫിറോസ് നെടിയത്ത് ഫാത്തിമ അസ്‌ലയെ ജീവിതത്തിലേക്ക് ചേര്‍ത്ത് കൂടെക്കൂട്ടിയത്.[www.malabarflash.com] 

ഹോമിയോ ഡോക്ടറായ ഫാത്തിമ അസ്‌ലയുടെയും ഫിറോസ് നെടിയത്തിന്റെയും വിവാഹം ഞായറാഴ്ച്ചയാണ് നടന്നത്. എല്ലുകള്‍ പൊടിയുന്ന അപൂര്‍വ രോഗം സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ മറികടന്ന്, ഡോക്ടര്‍ ആയ ഫാത്തിമ അസ്‌ല അറിയപ്പെടുന്ന എഴുത്തുകാരി കൂടിയാണ്. 

പൂനൂര്‍ വട്ടിക്കുന്നുമ്മല്‍ അബ്ദുല്‍ നാസറിന്റെയും അമീനയുടെയും മകളായ ഫാത്തിമയെ ജീവിത സഖിയാക്കിയ ഫിറോസ് നെടിയത്ത് ലക്ഷദ്വീപ് സ്വദേശിയും ആര്‍ട്ട് ഡയറക്ടറുമാണ്. 

ഫെയ്‌സ്ബുക്കില്‍ 17000ത്തോളം ഫോളോവേഴ്‌സുള്ള ഫാത്തിമ അസ്‌ലയെയും ഫിറോസിനെയും കടലും നിലാവും എന്നാണ് സുഹൃത്തുക്കള്‍ വിശേഷിപ്പിക്കുന്നത്. ഇരുവര്‍ക്കും വിവാഹാശംസകള്‍ നേര്‍ന്ന് ഒട്ടേറെപ്പേരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ സന്ദേശമയച്ചത്.

വിവാഹത്തിനു ശേഷം ഫാത്തിമ അസ്‌ല ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് മണിക്കൂറുകള്‍ക്കകം തന്നെ വൈറലായിട്ടുണ്ട്. കുറിപ്പിന്റെ പൂര്‍ണ രൂപം.. വീല്‍ചെയര്‍ മഹര്‍ തന്ന് ഫിറൂ പാത്തൂനെ കൂടെ കൂട്ടിയിരിക്കുന്നു.. 

ഒരു പക്ഷെ ലോകത്തിലാദ്യമായാവും വീല്‍ചെയര്‍ മഹറായി നല്‍കുന്നത്.. ആദ്യമാവുക എന്നതിലപ്പുറം മാറ്റങ്ങള്‍ക്ക് തുടക്കമാവുക എന്നതിലാണ് ഞങ്ങള്‍ രണ്ട് പേരും വിശ്വസിക്കുന്നത്..വിവാഹത്തെ കുറിച്ച് ചിന്തിച്ചപ്പോഴൊക്കെ മഹര്‍ വീല്‍ചെയര്‍ ആയിരിക്കണേ എന്ന് ആഗ്രഹിച്ചിട്ടുണ്ട്.. ആഗ്രഹങ്ങളെ മനസ്സിലാക്കുന്ന പങ്കാളി വന്നപ്പോള്‍ ആ സ്വപ്നം സത്യമായി.. വീല്‍ചെയര്‍ മഹറെന്ന് കേട്ടപ്പോ അത്ഭുതപ്പെട്ടവരുണ്ട്.. വീല്‍ചെയര്‍ എല്ലാ കാലവും നോണ്‍ ഡിസബിള്‍ഡ് വ്യക്തികള്‍ക്ക് സഹതാപത്തിന്റെയോ കൗതുകത്തിന്റെയോ അടയാളം മാത്രമാണ്.. 

എന്നെ സംബന്ധിച്ചിടത്തോളം വീല്‍ചെയര്‍ എന്റെ കാലോ ചിറകോ ഒക്കെയാണ്.. അത് മഹറായി തരുമ്പോള്‍ അത് എന്നെ അംഗീകരിക്കുന്നതിനും എന്റെ ഡിസബിലിറ്റിയെ അംഗീകരിക്കുന്നതിനും തുല്ല്യമാണ്, ഞാന്‍ എന്റെ പാര്‍ട്ണറില്‍ നിന്ന് ആഗ്രഹിക്കുന്നതും ഈ സമൂഹത്തോട് പറയാന്‍ ആഗ്രഹിക്കുന്നതും അതാണ്..വീല്‍ചെയറോ ഡിസബിലിറ്റിയോ ആവശ്യപ്പെടുന്നത് സഹതാപമല്ല, അംഗീകാരമാണ്..മാറി വരുന്ന ചിന്തകളുടെ, മാറേണ്ട കാഴ്ച്ചപ്പാടുകളുടെ, മാറ്റങ്ങളുടെ, സന്തോഷത്തിന്റെ, സ്‌നേഹത്തിന്റെ അടയാളമാവട്ടെ ഈ മഹര്‍, കടലും നിലാവും കാലങ്ങളോളം കഥ പറയട്ടെ .. !! ഫിറൂ.. ഡിസേബിള്‍ഡ് ഫ്രണ്ട്‌ലി അല്ലാത്ത ഈ ചുറ്റുപ്പാടില്‍ പിടിച്ചു നില്‍ക്കുക എന്നത് ബുദ്ധിമുട്ട് തന്നെയാണ്.. പക്ഷെ, കൈ താങ്ങാവാന്‍, ചേര്‍ത്ത് പിടിക്കാന്‍ നീ കൂടെ ഉണ്ടല്ലോ..

Post a Comment

0 Comments