NEWS UPDATE

6/recent/ticker-posts

കുഞ്ഞുങ്ങള്‍ക്കായുള്ള ഉത്പന്നങ്ങളിലെ കെമിക്കലുകള്‍ തലച്ചോറിനെ ബാധിക്കുമെന്ന് പഠനം

കുഞ്ഞുങ്ങള്‍ക്കായി പ്രത്യേകം തയ്യാറാക്കുന്ന പല ഉത്പന്നങ്ങളിലും  അടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി നേരത്തേ പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.[www.malabarflash.com]


സമാനമായൊരു പഠനം കൂടി ഈ രീതിയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. 'എന്‍വിയോണ്‍മെന്റല്‍ ഹെല്‍ത്ത് പെഴ്‌സ്‌പെക്ടീവ്‌സ്' എന്ന പ്രമുഖ പ്രസിദ്ധീകരണത്തിലാണ് യുഎസില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്.

കുഞ്ഞുങ്ങള്‍ക്കുള്ള ഉത്പന്നങ്ങളില്‍ മാത്രമല്ല, ഇലക്ട്രോണിക്‌സ്, കാര്‍ സീറ്റുകള്‍, ഫര്‍ണിച്ചറുകള്‍, ബില്‍ഡിംഗ് മെറ്റീരിയലുകള്‍ എന്നിങ്ങനെ പല ഉത്പന്നങ്ങളിലും തീ പടരാതിരിക്കാനും ഇലാസ്റ്റിസിറ്റി വര്‍ധിപ്പിക്കുന്നതിനുമായി ചേര്‍ക്കുന്ന 'ഓര്‍ഗാനോഫോസ്‌ഫേറ്റ് എസ്റ്റേര്‍സ്' എന്ന കെമിക്കലുകളെ കുറിച്ചാണ് പഠനം.

ഇത് തലച്ചോറിനെ ക്രമേണ മോശമായി ബാധിക്കുമെന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍. പ്രത്യേകിച്ച് കുട്ടികളാണ് ഈ പ്രശ്‌നത്തിന് ഇരകളാകുന്നതെന്നും പഠനം ഓര്‍മ്മിപ്പിക്കുന്നു.

കെമിക്കല്‍ അടങ്ങിയ ഉത്പന്നത്തില്‍ നിന്ന് ഇത് നമ്മുടെ കൈകളില്‍ പറ്റുകയും നാമറിയാതെ അത് ശരീരത്തിനകത്തേക്ക് ഭക്ഷണത്തിലൂടെയോ മറ്റോ എത്തുകയും ചെയ്യാമത്രേ. കുഞ്ഞുങ്ങളാണെങ്കില്‍ എപ്പോഴും കൈകള്‍ വായിലേക്ക് കൊണ്ടുപോകാം. അതിനാല്‍ തന്നെ അവരെ സംബന്ധിച്ച് ഈ വെല്ലുവിളി ഗൗരവമേറിയതാണെന്നും പഠനം സ്ഥിരീകരിക്കുന്നു.

ഇത്തരം കെമിക്കലുകള്‍ നേരത്തേ ഉപയോഗത്തിലുണ്ടായിരുന്ന മറ്റ് ചില കെമിക്കലുകള്‍ക്ക് പകരം വന്നതാണ്. ഇവ അപകടകാരികളല്ലെന്നും വ്യാപകമായ ധാരണയുണ്ട്. എന്നാല്‍ കാര്യങ്ങള്‍ നമ്മള്‍ കരുതുന്നത് പോലെയല്ലെന്നും, മുമ്പ് ഉപയോഗത്തിലുണ്ടായിരുന്ന കെമിക്കലുകളെക്കാള്‍ ഒരുപക്ഷേ തീവ്രമാണ് ഇവയുടെ ഫലങ്ങളെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

കുഞ്ഞുങ്ങള്‍ക്കായുള്ള ഉത്പന്നങ്ങളുടെ കാര്യത്തിലെങ്കിലും അധികൃതര്‍ ഈ വിഷയം പരിശോധിക്കേണ്ടതുണ്ടെന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു. തലച്ചോറിനെയാണ് ബാധിക്കുക എന്നതിനാല്‍ തന്നെ ഒട്ടും നിസാരമായി ഈ പ്രശ്‌നത്തെ കാണാന്‍ സാധിക്കില്ലെന്നും ഗവേഷകര്‍ പറയുന്നു.

Post a Comment

0 Comments