Top News

മകന് പതിനെട്ട് വയസ്സ് പൂര്‍ത്തിയായാലും പിതാവ് വിദ്യാഭ്യാസ ചെലവ് വഹിക്കണം: ഹൈക്കോടതി

ന്യൂഡല്‍ഹി: മകന് പതിനെട്ട് വയസ്സ് പൂര്‍ത്തിയായെന്ന കാരണത്താല്‍ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുന്നതില്‍ നിന്ന് പിതാവിന് വിട്ടുനില്‍ക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. മകന് സാമ്പത്തിക-സാമൂഹിക സുരക്ഷിതത്വം ഉണ്ടാവുന്നത് വരെ ചെലവുകള്‍ വഹിക്കാന്‍ പിതാവിന് ഉത്തരവാദിത്വമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.[www.malabarflash.com]


മകന് പതിനെട്ട് വയസ്സ് പൂര്‍ത്തിയായതിനാല്‍ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുന്നതില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

വിവാഹമോചിതയായ ഭാര്യയ്ക്കൊപ്പം നില്‍ക്കുന്ന മകന് പതിനെട്ട് വയസ്സ് പൂര്‍ത്തിയാകുന്നത് വരെയോ സ്ഥിരവരുമാനം നേടുന്നതുവരെയോ പ്രതിമാസം 15000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് നേരത്തെ ഹൈക്കോടതി പുറപ്പെടുവിച്ച വിധി പുനഃപരിശോധിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്.

പിതാവിന് മക്കളുടെ വിദ്യാഭ്യാസം, ജോലി എന്നീ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. മകനുവേണ്ടി പണം ചെലവഴിക്കുന്ന ഭാര്യയ്ക്ക് നഷ്ടപരിഹാരം നല്‍കാനും പിതാവിന് ഉത്തരവാദിത്വമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. 1997ല്‍ വിവാഹം കഴിഞ്ഞ് 2011ല്‍ വിവാഹമോചിതരായ ദമ്പതികളില്‍ പിതാവാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

Post a Comment

Previous Post Next Post