NEWS UPDATE

6/recent/ticker-posts

10 വര്‍ഷത്തെ ഒറ്റമുറി ജീവിതം; പ്രണയത്തിന് സാഫല്യം, റഹ്മാനും സജിതയും ഇനി നിയമപരമായി വിവാഹിതര്‍

നെന്മാറ: പത്ത് വര്‍ഷത്തെ ഒറ്റമുറി ജീവിതത്തില്‍ നിന്ന് പുറത്ത് വന്ന റഹ്മാനും സജിതയും നിയമപരമായി വിവാഹിതരായി. അയിലൂര്‍ കാരക്കാട്ടുപറമ്പ് സ്വദേശികളായ റഹ്മാനും, സജിതയുമാണ് 10 വര്‍ഷത്തെ അവിശ്വസനീയ പ്രണയത്തിനുശേഷം സ്പെഷല്‍ മാരേജ് ആക്ട്‌ പ്രകാരം വിവാഹിതരായത്.[www.malabarflash.com]

സെപ്തംബര്‍ 15 നാണ് ഇരുവരും വിവാഹിതരാകുന്നതിനായി നെന്മാറ സബ്ബ് രജിസ്ട്രാര്‍ മുന്‍പാകെ അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷയില്‍ ആക്ഷേപങ്ങളൊന്നും ലഭിക്കാത്തതിനാല്‍ ഇരുവര്‍ക്കും നെന്മാറ സബ്ബ് രജിസ്ട്രാര്‍ കെ.അജയകുമാര്‍ വ്യാഴാഴ്ച വിവാഹ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു.

സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ കെ.ബാബു എം.എല്‍.എ. ഇരുവര്‍ക്കും വിവാഹ സര്‍ട്ടിഫക്കറ്റ് കൈമാറി.

2010 ഫെബ്രുവരിയിലാണ് റഹ്മാനോടൊപ്പം ജീവിക്കാന്‍ 18 കാരിയായ സജിത വീട് വിട്ടിറങ്ങിയത്. ഇലക്ട്രിക്കല്‍ ജോലിയും പെയിന്റിങും ചെയ്യുന്ന റഹ്മാനോടൊപ്പം കഴിയുന്നതിനായി ഇറങ്ങിത്തിരിച്ച സജിതയെ റഹ്മാന്‍ ആരുമറിയാതെ വീട്ടിലെ മുറിയില്‍ താമസിപ്പിക്കുകയായിരുന്നു. 

പുറത്ത് സ്വതന്ത്രമായി ജീവിക്കണമെന്ന മോഹത്തില്‍ 2021 മാര്‍ച്ചില്‍ ഇരുവരും വീട് വിട്ടിറങ്ങി വിത്തനശ്ശേരിയ്ക്ക് സമീപം വാടക വീട്ടിലേക്ക് താമസം മാറുകയായിരുന്നു. റഹ്മാനെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെ സഹോദരന്‍ റഹ്മാനെ നെന്മാറയില്‍ വെച്ച് കാണുകയും പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രണയ ജിവിതത്തിന്റെ 10 വര്‍ഷത്തെ ചരിത്രം പുറം ലോകമറിഞ്ഞത്.

കഴിഞ്ഞ ഏഴ് മാസമായി ഒരുമിച്ച് കഴിഞ്ഞുവരുന്ന ഇരുവര്‍ക്കും പുരോഗമന കലാ സാഹിത്യ സംഘം കൊല്ലങ്കോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിവാഹതിരാകുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്. അപേക്ഷ നല്‍കി ഒരു മാസം പൂര്‍ത്തിയായതോടെ വിവാഹം രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു. രജിസ്ട്രേഷന്‍ തുക പുരോഗമന കലാ സാഹിത്യ സംഘം കൊല്ലങ്കോട് മേഖല കമ്മിറ്റിയാണ് നല്‍കിയത്.

Post a Comment

0 Comments