Top News

ഇന്‍സ്റ്റഗ്രാം കാമുകനെ വീട്ടിലേക്ക് ക്ഷണിച്ച് പെണ്‍കുട്ടി; അമ്മയുടെ എടിഎം കാര്‍ഡുമായി കടന്ന് യുവാവ് പിടിയില്‍

കോഴിക്കോട്:  ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് മറ്റാരും ഇല്ലാത്ത സമയം വീട്ടിലെത്തി പെൺകുട്ടിയുടെ അമ്മയുടെ എടിഎം കാർഡും പണവും മോഷ്ടിച്ചു. ഫ്രാൻസിസ് റോഡ് ഷഫീഖ് നിവാസിൽ അർഫാൻ (21)നെ കസബ പോലീസ് പിടികൂടി. ഒട്ടേറെ മോഷണക്കേസിൽ പ്രതിയാണ് യുവാവ്.[www.malabarflash.com]


ഇയാൾ ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടിയെ പരിചയപ്പെട്ടത്. ഇരുവരും പിന്നീട് പ്രണയത്തിലായി. വീട്ടിൽ ആരുമില്ലാത്ത നേരത്ത് പെൺകുട്ടി അർഫാനെ വീട്ടിലേക്കു ക്ഷണിച്ചു. വീട്ടിലെത്തിയ അർഫാൻ പെൺകുട്ടിയുടെ അമ്മയുടെ കിടപ്പുമുറിയിലെത്തി. അവിടെ അവരുടെ ബാഗിലുണ്ടായിരുന്ന നാല് എടിഎം കാർഡുകളും പണവും മോഷ്ടിച്ചു. ഇക്കാര്യം പെൺകുട്ടിയും അറിഞ്ഞില്ല. ബന്ധുക്കൾ വീട്ടിലെത്താൻ നേരമായപ്പോൾ അർഫാൻ വീട്ടിൽനിന്നു പുറത്തേക്കു പോയി. പിന്നീട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ എടിഎമ്മുകളിൽനിന്നായി 45,000 രൂപ പിൻവലിച്ചു.

പണം പിൻവലിച്ചെന്ന സന്ദേശം ഫോണിൽ വന്നപ്പോഴാണ് എടിഎം കാർഡ് നഷ്ടപ്പെട്ട വിവരം കല്ലായി സ്വദേശിയായ വീട്ടമ്മ അറിയുന്നത്. ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് പോലീസെത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. എടിഎം അടങ്ങുന്ന ബാഗുമായി എവിടെയും പോയില്ലെന്നും വീട്ടിൽ മോഷണം നടന്നിട്ടുണ്ടെന്നും വീട്ടമ്മ പറഞ്ഞു. എന്നാൽ മറ്റു വിലകൂടിയ സാധനങ്ങൾ ഒന്നും തന്നെ നഷ്ടപെട്ടില്ലെന്നും ഇവർ ചൂണ്ടിക്കാണിച്ചു.

ഇതിനിടെ പണം പിൻവലിച്ച എടിഎമ്മിൽനിന്നു സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പോലീസ് ഒരു യുവാവിന്റെ ഫോട്ടോ വീട്ടമ്മയെ കാണിച്ചു. തനിക്കോ തന്റെ മക്കൾക്കോ അറിയില്ലെന്ന് ഇവർ ആണയിട്ടു പറഞ്ഞു. എന്നാൽ മകളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് മകളെ മാറ്റിനിർത്തി ചോദ്യം ചെയ്തു. കുട്ടിയും അറിയില്ലെന്നു പറഞ്ഞു. അപ്പോഴേക്കും പ്രതിയെക്കുറിച്ച് പോലീസിനു കൃത്യമായ വിവരം ലഭിച്ചു.

ഒട്ടേറെ കേസുകളിൽ മുൻപ് പ്രതിയായിരുന്നു അർഫാൻ. അർഫാന്റെ വിവരങ്ങൾ ശേഖരിച്ച പോലീസ്, സൈബർ സെല്ലിന്റെ സഹായത്തോടെ മകളുടെ ഫോൺ രേഖകളും എടുത്തു. ഫോൺ രേഖകളിൽനിന്നു അർഫാനുമായി പെൺകുട്ടി ഒട്ടേറെത്തവണ ബന്ധപ്പെട്ടതായി പോലീസ് കണ്ടെത്തി. രേഖകൾ മുന്നിൽ നിർത്തി വിദ്യാർഥിനിയോട് കാര്യങ്ങൾ തിരക്കിയപ്പോഴാണ് പെൺകുട്ടി ചതിയിൽപെട്ട കാര്യം പറയുന്നത്. താൻ ബിരുദ വിദ്യാർഥിനിയാണെന്നും മാതാപിതാക്കൾ‌ വിദേശത്താണെന്നുമാണ് ഇയാൾ പെൺകുട്ടിയോട് പറഞ്ഞിരുന്നത്.

അർഫാൻ പല സ്റ്റേഷനുകളിലായി വിവിധ മോഷണക്കേസിൽ ഒട്ടേറെ തവണ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇതെല്ലാം മറച്ചുവച്ചാണ് ഇയാൾ പ്രണയം നടിച്ചത്. കൂട്ടുകാരുമൊത്തുള്ള ഫോട്ടോയും മറ്റും സമുഹമാധ്യമങ്ങളിൽ ഇയാൾ പങ്കുവച്ചിട്ടുണ്ട്. കസബ ഇൻസ്പെക്ടർ എൻ.പ്രജീഷ്, എസ്ഐ ടി.ശ്രീജിത്ത്, സീനിയർ സിപിഒ പി.സജീവൻ, സിപിഒമാരായ സി.സുധർമൻ, പി.അനൂജ്, വനിത സിപിഒ പി.ഷറീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം.

Post a Comment

Previous Post Next Post