Top News

120 ഭാഷകൾ, 7.20 മണിക്കൂർ പാട്ട്; ഗിന്നസ് റെക്കോർഡിട്ട് ദുബൈയിലെ മലയാളി മിടുക്കി

ദുബൈ: റെക്കോർഡുകളുടെ കൂട്ടുകാരിയായ ദുബൈയിലെ യുവ ഗായിക സുചേതാ സതീഷ്(16) ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടി. ഒരു സംഗീതപരിപാടിയിൽ ഏറ്റവുമധികം ഭാഷകളിലുള്ള പാട്ടുകൾ ആലപിച്ചതിനാണ് നേട്ടം സ്വന്തമാക്കിയത്.[www.malabarflash.com]


120 ഭാഷകളിലെ പാട്ടുകളാണ് ഓഗസ്റ്റ് 19ന് ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് ഹാളിൽ ഗിന്നസ് ബുക്ക് ഓഫ് വേൾ‍ഡ് റെക്കോർഡ്സ് അധികൃതരുടെയും ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമൻപുരി, മറ്റു ഉദ്യോഗസ്ഥർ, പ്രമുഖ വ്യക്തികൾ എന്നിവരുടെ സാന്നിധ്യത്തിൽ പാടിയത്. ഈ നേട്ടം ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് ഇന്നലെ പ്രഖ്യാപിച്ചു. തുടർന്ന് തങ്ങളുടെ വെബ് സൈറ്റിലൂടെ ലോകത്തെ അറിയിക്കുകയും ചെയ്തു.

ഇന്ത്യയുടെ 75–ാം സ്വാതന്ത്ര്യദിനവും യുഎഇ 50 –ാം ദേശീയദിനവും ആഘോഷിക്കുന്ന വേളയിൽ ഇരു രാജ്യങ്ങൾക്കുമുള്ള ആദരവായാണു മ്യൂസിക് ബിയോണ്ട് ദ് ബോർഡേഴ്സ് എന്ന പേരിൽ നേട്ടത്തിന് അവസരമൊരുക്കിയ സംഗീത പരിപാടി അവതരിപ്പിച്ചതെന്നു സുചേത പറഞ്ഞു. 

മലയാളമടക്കം 29 ഇന്ത്യൻ ഭാഷകളിലെയും 91 ലോക ഭാഷകളിലെയും ഗാനങ്ങളായിരുന്നു തന്റെ സ്വരമാധുരി കൊണ്ട് ഈ മിടുക്കി അവതരിപ്പിച്ചത്. ഉച്ചയ്ക്ക് 12ന് ആരംഭിച്ച ആലാപനം രാത്രി 7.30 വരെ 7.20 മണിക്കൂർ നീണ്ടു. എല്ലാ പാട്ടുകളും കാണാതെ പഠിച്ചായിരുന്നു ആലാപനം.

ലോക റെക്കോർഡ് യുഎഇയുടെയും ഇന്ത്യയുടെയും പ്രധാനമന്ത്രിമാർക്കും യുഎഇയിൽ താമസിക്കുന്ന എല്ലാവർക്കും ലോകത്തെങ്ങുമുള്ള ഇന്ത്യക്കാർക്കുമാണ് സമർപ്പിക്കുന്നത്. ദുബൈയിലെ ഡോ. കണ്ണൂർ എളയാവൂർ സ്വദേശി ടി.സി. സതീഷ്–സുമിത ദമ്പതികളുടെ മകളാണ് സുചേത. ദുബൈ ഇന്ത്യൻ ഹൈസ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയായ ഇവർ ഇതിന് മുൻപും ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. 102 ഭാഷകളിൽ പാടി ലോക ശ്രദ്ധ നേടിയിട്ടുള്ള സുചേത രണ്ടു ലോക റെക്കോർ‍ഡുകളും സ്വന്തമാക്കിയിരുന്നു.

ഒരു സംഗീത കച്ചേരിയിൽ ഏറ്റവും കൂടുതൽ ഭാഷകളിൽ പാടിയതിനും ഒരു കുട്ടി ഏറ്റവും ദൈർഘ്യമേറിയ കച്ചേരി അവതരിപ്പിച്ചതിനുമായിരുന്നു ഇത്. രണ്ടു റെക്കോർഡുകളും പിറന്നത് ദുബൈയിൽ തന്നെ. ചെറിയ പ്രായത്തിലേ വിവിധ ഭാഷകളിലുള്ള പാട്ടുകൾ പഠിച്ചിരുന്ന സുചേത കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാനുള്ള പ്രയാണത്തിലാണ്.

Post a Comment

Previous Post Next Post