NEWS UPDATE

6/recent/ticker-posts

അഴീക്കോട്ട് നിന്നാല്‍ തോല്‍ക്കുമെന്ന് ആയിരം തവണ പറഞ്ഞു, കേട്ടില്ല; നേതൃയോഗത്തില്‍ കെ.എം. ഷാജി

കോഴിക്കോട്: സി.പി.എം. നിരന്തരമായി വേട്ടയാടിയിട്ടും കെ.എം. ഷാജിയെ അഴീക്കോട് മണ്ഡലത്തില്‍ത്തന്നെ മത്സരിപ്പിക്കാന്‍ നേതൃത്വം നിര്‍ബന്ധിച്ചെന്നും സുരക്ഷിതമണ്ഡലം നല്‍കേണ്ടിയിരുന്നുവെന്നും മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹികളുടെയോഗത്തില്‍ വിമര്‍ശനം. കെ.എം. ഷാജി തന്നെയാണ് ഈ വിഷയം ആദ്യം അവതരിപ്പിച്ചത്.[www.malabarflash.com]


അഴീക്കോട്ടേക്കില്ലെന്ന് ആയിരംതവണ പറഞ്ഞതാണ്. അഴീക്കോട്ടാണെങ്കില്‍ തോല്‍ക്കുമെന്നും ബോധ്യപ്പെടുത്തിയിരുന്നു. എന്നിട്ടും അവിടെത്തന്നെ മത്സരിക്കാന്‍ നേതൃത്വം ആവശ്യപ്പെടുകയായിരുന്നുവെന്നും ഷാജി യോഗത്തില്‍ പറഞ്ഞു.

തുടര്‍ന്ന് സംസാരിച്ച മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍ ഇതിനെ പിന്തുണച്ചു. കെ.എം. ഷാജിയുടെ തോല്‍വി ലീഗിന് വലിയ തിരിച്ചടിയായെന്നും അഭിപ്രായമുയര്‍ന്നു. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായെന്നും വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നും പി.കെ. കുഞ്ഞാലിക്കുട്ടി യോഗത്തില്‍ സമ്മതിച്ചതായാണ് സൂചന. 

കെ.പി.എ. മജീദിനെ മാറ്റി പി.എം.എ. സലാമിനെ ജനറല്‍ സെക്രട്ടറിയാക്കിയ രീതി ശരിയായില്ലെന്നും വിമര്‍ശനമുണ്ടായി. സംസ്ഥാന കൗണ്‍സിലാണ് കെ.പി.എ. മജീദിനെ തിരഞ്ഞെടുത്തത്. പക്ഷേ, അദ്ദേഹത്തെ മാറ്റി പുതിയ ആള്‍ക്ക് ചുമതല നല്‍കിയത് ഏതാനും നേതാക്കള്‍ മാത്രമെടുത്ത തീരുമാനമാണ്. അതുകൊണ്ട് കെ.പി.എ. മജീദിനെ ആ പദവിയില്‍ തിരിച്ചുകൊണ്ടുവരണം. അതിനുശേഷം പുതിയ ജനറല്‍ സെക്രട്ടറിയെ കൗണ്‍സില്‍ കൂടി തീരുമാനിക്കട്ടെയെന്നും പി.എം. സാദിഖലി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആവശ്യപ്പെട്ടു.

പാര്‍ട്ടിയുടെ അടിത്തട്ട് മുതല്‍ പ്രശ്‌നങ്ങളുണ്ടെന്ന് വിമര്‍ശനമുയര്‍ന്നു. അതുകൊണ്ട് താഴെത്തട്ടില്‍നിന്ന് പരിഹാരം തുടങ്ങണം. നേതാക്കള്‍ നിശ്ചയിക്കുന്നവരല്ല ഭാരവാഹികളാവേണ്ടത്. അങ്ങനെ തുടര്‍ന്നാല്‍ പാര്‍ട്ടിനേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസ് മാറ്റത്തിന് തയ്യാറായി. ലീഗും അത് മാതൃകയാക്കണം.

കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് അനിവാര്യമായിരുന്നു. പക്ഷേ, തിരിച്ചുവന്ന രീതി ശരിയായില്ല. അദ്ദേഹം ഉപമുഖ്യമന്ത്രിയാവുമെന്നും ലീഗ് യു.ഡി.എഫ്. സംവിധാനത്തില്‍ പിടിമുറുക്കുമെന്നുമുള്ള രീതിയില്‍ സി.പി.എം. പ്രചാരണം നടത്തിയപ്പോള്‍ അതിനെ പ്രതിരോധിക്കുന്നതില്‍ ലീഗ് പരാജയപ്പെട്ടു. അതുകൊണ്ടാണ് കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് യു.ഡി.എഫിന് തന്നെ തിരിച്ചടിയായി മാറിയതെന്നും അഭിപ്രായമുയര്‍ന്നു. കെ.എം. മാണി വിഭാഗത്തെ കൈവിട്ടതും ശരിയായില്ല.

തിരഞ്ഞെടുപ്പ് തിരിച്ചടി പഠിക്കാന്‍ നിയോഗിക്കപ്പെട്ട ഉപസമിതി നല്‍കുന്ന നിര്‍ദേശങ്ങള്‍ വിലയിരുത്താനായി ഉടന്‍ ഭാരവാഹികളുടെ യോഗം ചേരും. അതിനുശേഷമായിരിക്കും പ്രവര്‍ത്തക സമിതിചേര്‍ന്ന് അന്തിമ തീരുമാനമെടുക്കുക. ഉപസമിതിക്ക് പുറമെ ഓരോ മണ്ഡലത്തിലേക്കും അന്വേഷണക്കമ്മിഷനെ നിയോഗിക്കും.

Post a Comment

0 Comments