NEWS UPDATE

6/recent/ticker-posts

കോവിഡ് ഭീതിയിൽ ദമ്പതികൾ ജീവനൊടുക്കി; മരണശേഷമുള്ള പരിശോധനഫലം നെഗറ്റീവ്

മംഗളൂരു: കോവിഡ് പിടിപെട്ടെന്ന ഭീതിയിൽ ജീവനൊടുക്കി ദമ്പതികൾ. കർണാടകയിലെ സൂറത്ത്കൽ ബൈക്കംപടി ചിത്രാപുര രഹേജ അപ്പാർട്ട്മെന്റിലെ രമേഷ് സുവർണ (40), ഭാര്യ ഗുണ ആർ.സുവര്‍ണ (35) എന്നിവരെയാണ് ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.[www.malabarflash.com]

പോലീസ് കമ്മിഷണർക്ക് ആത്മഹത്യാ സന്ദേശം അയച്ച ശേഷമാണ് ഇവർ തൂങ്ങിമരിച്ചത്. മരണശേഷമുള്ള പരിശോധനയിൽ ഇവർക്കു കോവിഡില്ലെന്നു സ്ഥിരീകരിച്ചു.

മരിക്കുന്നതിനു തൊട്ടുമുൻപ് മംഗളുരു സിറ്റി പോലീസ് കമ്മിഷണർ എൻ. ശശികുമാറിനു വാട്സാപ് വഴിയാണ് രമേഷ് ശബ്ദസന്ദേശം അയച്ചത്. തനിക്കും ഭാര്യയ്ക്കും കോവിഡ് ലക്ഷണങ്ങളുണ്ടെന്നും ഒരുമിച്ച് മരിക്കാൻ പോകുകയാണെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. ഭാര്യയ്ക്ക് പ്രമേഹം ഉള്ളതിനാൽ ബ്ലാക് ഫംഗസ് ബാധയേയും ഇവർ ഭയന്നിരുന്നു. 

സ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പും ഒരു ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. ഒരു ലക്ഷം രൂപ അന്ത്യകർമങ്ങൾക്ക് ഉപയോഗിക്കണമെന്നും സ്വത്തുക്കൾ വിറ്റശേഷം പണം അഗതിമന്ദിരങ്ങൾക്കും അനാഥാലയങ്ങൾക്കും നൽകണമെന്നും കുറിപ്പിലുണ്ട്.

ആശുപത്രിയിൽ പോയാൽ മരണസമയത്തു പരസ്പരം കാണാൻ കഴിയാതെയാകുമെന്ന ചിന്തയാണ് ഇവരെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്നാണു ശബ്ദസന്ദേശത്തിൽനിന്നു വ്യക്തമാകുന്നതെന്നു പോലീസ് പറഞ്ഞു. ഗുണയാണ് ആദ്യം ജീവനൊടുക്കിയത്. താനും മരിക്കുന്നെന്നാണ് ശബ്ദസന്ദേശം അവസാനിക്കുമ്പോൾ രമേഷ് പറയുന്നത്.

വിവാഹിതരായിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും കുട്ടികളില്ലാത്തതിന്റെ ദുഃഖവും ഇവരെ അലട്ടിയിരുന്നതായാണ് പോലീസ് നിഗമനം. ഉറക്കഗുളിക കഴിച്ചതിനു ശേഷമാണു തൂങ്ങി മരിച്ചത്. ശബ്ദസന്ദേശം ലഭിച്ചു കമ്മിഷണർ, രമേഷിനെ തിരിച്ച് വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല. ഫോൺ നമ്പർ ലൊക്കേഷൻ തിരിച്ചറിഞ്ഞ് സൂറത്കൽ പോലീസിനെ കമ്മിഷണർ ബന്ധപ്പെട്ടു. പോലീസെത്തി ഇവരുടെ അപ്പാർട്മെന്റിന്റെ വാതിൽ പൊളിച്ച് അകത്തുകയറിയെങ്കിലും മരണം സംഭവിച്ചിരുന്നു.

Post a Comment

0 Comments