Top News

ഭർത്താവിന്റെ സുഹൃത്തിനെ ആക്രമിക്കാൻ 3 ലക്ഷം രൂപയ്ക്കു ക്വട്ടേഷൻ; വീട്ടമ്മ അറസ്റ്റിൽ

കണ്ണൂർ: പോലീസ് ഉദ്യോഗസ്ഥനായ ഭർത്താവിന്റെ കൂട്ടുകാരനായ കെട്ടിട നിർമാണ കരാറുകാരനെ ആക്രമിക്കാൻ ക്വട്ടേഷൻ സംഘത്തെ നിയോഗിച്ച ബാങ്ക് ജീവനക്കാരി അറസ്റ്റിൽ. കേരള ബാങ്ക് കണ്ണൂർ ശാഖ ജീവനക്കാരി എൻ.വി.സീമയെയാണ് (52) പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. സീമ നൽകിയ മുൻകൂർ ജാമ്യ ഹർജി ജില്ലാ കോടതി തള്ളിയതിനു തൊട്ടു പിന്നാലെ വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.[www.malabarflash.com]


ചെറുതാഴം ശ്രീസ്ഥ അതിയടത്തെ കരാറുകാരൻ സുരേഷ് ബാബുവിനെ (55) വെട്ടിപ്പരുക്കേൽപിച്ച സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് ക്വട്ടേഷൻ ഏൽപിച്ചത് സ്ത്രീയാണെന്നു വെളിപ്പെട്ടത്. ഗ്രേഡ് എസ്ഐ ആയ ഭർത്താവിന്റെ സുഹൃത്തും അയൽവാസിയും ബന്ധുവുമായ സുരേഷ് ബാബുവിനെ ആക്രമിക്കാൻ 3 ലക്ഷം രൂപയ്ക്കാണു ക്വട്ടേഷൻ നൽകിയതെന്ന് പോലീസ് പറഞ്ഞു. 

സുരേഷ് ബാബുവിനെ വെട്ടി പരുക്കേൽപിച്ച ക്വട്ടേഷൻ സംഘത്തിലെ 5 പേർ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് സീമയുടെ പങ്ക് വ്യക്തമായതെന്നു പൊലീസ് അറിയിച്ചു. സുരേഷ് ബാബുവിനെ വെട്ടിയ കേസിൽ 2 പേരെക്കൂടി പിടികൂടാനുണ്ട്.

പോലീസ് ഉദ്യോഗസ്ഥനായ തന്റെ ഭർത്താവിനെ വഴിതെറ്റിക്കുന്നതിലും കടം വാങ്ങിയ പണം തിരിച്ചു നൽകാത്തതിലുമുള്ള വിരോധത്തിലാണ് സുരേഷ് ബാബുവിനെ ആക്രമിക്കാൻ സീമ ക്വട്ടേഷൻ നൽകിയതെന്ന് പോലീസ് പറഞ്ഞു. അതിയടത്തെ വീട്ടിൽ കാറിലെത്തിയ നാലംഗ സംഘം കഴിഞ്ഞ ഏപ്രിൽ 18ന് ആണ് സുരേഷ് ബാബുവിനെ മാരകമായി വെട്ടി മുറിവേൽപിച്ചത്.

നെരുവമ്പ്രം ചെങ്ങത്തടത്തെ തച്ചൻ ഹൗസിൽ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേൻ ഹൗസിൽ അഭിലാഷ് (29), ശ്രീസ്ഥ മേലേതിയടം പാലയാട്ടെ കെ.രതീഷ് (39), നീലേശ്വരം പള്ളിക്കരയിലെ പി.സുധീഷ് (39), തൈക്കടപ്പുറം കൃഷ്ണദാസ് (21)എന്നിവരെയാണ് സുരേഷ് ബാബുവിനെ വെട്ടിയ കേസിൽ പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് സീമ പരിയാരം മെഡിക്കൽ കോളജ് ജംക്‌ഷനിൽ കച്ചവടം നടത്തുന്ന രതീഷുമായി ക്വട്ടേഷൻ ആവശ്യത്തിനു ബന്ധപ്പെടുന്നതെന്ന് പോലീസ് പറഞ്ഞു. സീമയെ റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post