NEWS UPDATE

6/recent/ticker-posts

നിയമസഭയിലെ കയ്യാങ്കളി: സർക്കാരിന് വൻ തിരിച്ചടി, ഹർജി തള്ളി, വിചാരണ നേരിടണം

ദില്ലി: നിയമസഭാ കൈയ്യാങ്കളി കേസിൽ കേരള സർക്കാരിന് കനത്ത തിരിച്ചടി. കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന കേരള സർക്കാരിൻ്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഇതോടെ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി, കെടി ജലീൽ എംഎൽഎ മുൻ എംഎൽഎമാരായ കെ.കുഞ്ഞമ്മദ്, ഇപി ജയരാജൻ, സികെ സദാശിവൻ, കെ അജിത്ത് എന്നിവരടക്കം കൈയ്യാങ്കളി കേസിൽ പ്രതികളായ ആറ് നേതാക്കളും വിചാരണ നേരിടേണ്ടി വരും.[www.malabarflash.com] 

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം സിജെഎം കോടതിയിൽ നിയമസഭാ കൈയ്യാങ്കളി കേസിൻ്റെ വിചാരണ പുനരാരംഭിക്കും.

നിയമസഭാംഗം എന്ന പരിരക്ഷ ക്രിമിനൽ കുറ്റം ചെയ്യാനുള്ള പരിരക്ഷയല്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ ആവശ്യം ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് തള്ളിയത്. ഭരണപക്ഷത്തെ അംഗങ്ങൾക്കും കയ്യാങ്കളിയിൽ തുല്യ ഉത്തരവാദിത്തം ഉണ്ട് എന്ന സർക്കാർ വാദം അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢിൻ്റെ വിധി പ്രസ്താവത്തിൽ പറയുന്നു.

ഇത്തരം നടപടികൾക്കെതിരെ ശക്തമായ സന്ദേശം നൽകിയേ തീരൂ. എംഎൽഎമാരുടെ പ്രവൃത്തി ഭരണഘടന മാർഗങ്ങളെ ചവിട്ടി മെതിച്ചെന്നും കേസ് പിൻവലിക്കുക എന്നത് പൊതുനീതിയുടെയും നയത്തിന്റെയും ലംഘനമാകുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ക്രിമിനൽ നിയമങ്ങളിൽ നിന്ന് അംഗങ്ങൾക്ക് പരിരക്ഷയും അവകാശങ്ങളും ഇല്ല. ഇത്തരം നടപടികൾ വെച്ചുപൊറുപ്പിക്കാനാകില്ലെന്നും എംഎൽഎമർക്ക് പ്രത്യേക നിയമ പരിരക്ഷയോ പ്രത്യേക അവകാശങ്ങളോ ഇല്ലെന്നും വിചാരണ കോടതി തീരുമാനം കൃത്യതയോടെ ഉള്ളതാണെന്നും സുപ്രീംകോടതി വിധിയിൽ പറയുന്നു.

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, എംആർ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കയ്യാങ്കളി കേസ് അവസാനിപ്പിക്കാൻ അനുമതി തേടി സർക്കാർ നൽകിയ ഹർജിയിലാണ് വിധി. നിയമസഭയ്ക്കുള്ളിൽ പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കാൻ സര്‍ക്കാരിന് സാധിക്കില്ലെന്ന് കേസിൽ വാദം കേൾക്കവെ കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കേസ് അവസാനിപ്പിക്കാൻ എന്ത് പൊതുതാല്‍പ്പര്യമെന്ന ചോദ്യവും കോടതി ഉയര്‍ത്തിയിരുന്നു.

കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ മന്ത്രി വി ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീൽ തുടങ്ങിയവരും കോടതിയെ സമീപിച്ചിരുന്നു. 2015ൽ അന്നത്തെ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടസ്സപ്പെടുത്താൻ നടന്ന പ്രതിഷേധം നിയമസഭയ്ക്കുള്ളിൽ കയ്യാങ്കളിയായി മാറുകയായിരുന്നു. കേസിൽ പ്രതികളായ ആറ് ഇടത് എംഎൽഎമാരിൽ മന്ത്രി വി.ശിവൻകുട്ടിയും, കെ.ടി.ജലീലും മാത്രമാണ് ഇപ്പോൾ നിയമസഭാംഗങ്ങളായിട്ടുള്ളത്. ഇപി ജയരാജനടക്കമുള്ളവർ ഇപ്പോൾ എംഎൽഎമാരല്ല.

നിയമസഭയിൽ നടന്നത് അംഗങ്ങളുടെ പ്രതിഷേധമാണെന്നും പ്രതിഷേധിക്കാൻ അംഗങ്ങൾക്ക് അവകാശമുണ്ടെന്നും അംഗങ്ങളുടെ പരിരക്ഷ ഉറപ്പാക്കണമെന്നുമായിരുന്നു സുപ്രീംകോടതിയിൽ സർക്കാർ വാദിച്ചത്. പ്രതിപക്ഷത്തെ വനിത അംഗങ്ങളെ അപമാനിച്ചു. വനിത അംഗങ്ങളെ അപമാനിച്ചതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. സഭക്കുള്ളിലെ നടപടികൾക്ക് കേസെടുക്കാൻ സ്പീക്കറുടെ അനുമതി വേണമെന്നും സ്പീക്കറുടെ അനുമതിയോടെയല്ല നിയമസഭാ കൈയ്യാങ്കളിയിലെ കേസ് രജിസ്റ്റര്‍ ചെയ്തതെന്നും സർക്കാർ സുപ്രീംകോടതിയിൽ വാദിച്ചിരുന്നു.

എന്നാൽ കേസ് പിൻവലിക്കാൻ സര്‍ക്കാരിന് ഏകപക്ഷീയമായി തീരുമാനിക്കാനാകില്ല. പൊതുമുതൽ നശിപ്പിച്ച കേസ് തീര്‍പ്പാക്കാൻ സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്തിനാണെന്നും നിയമസഭ കയ്യാങ്കളി കേസിൽ സര്‍ക്കാരിന്‍റെ പൊതുതാല്പര്യം എന്താണെന്നും വാദത്തിനിടെ സുപ്രീംകോടതി ചോദിച്ചു. നിയമസഭയിൽ നടന്ന കയ്യാങ്കളി നൽകുന്ന സന്ദേശം എന്താണെന്നും ഒരു അംഗം തോക്കുമായി സഭയിൽ വന്നാൽ അപ്പോഴും പരിരക്ഷ അവകാശപ്പെടുമോയെന്നും സുപ്രീംകോടതി ചോദിച്ചു. ഏറെ ഗൗരവമുള്ള കേസാണിത്. ബജറ്റ് അവതരിപ്പിക്കുന്നത് തടസ്സപ്പെടുത്താനാണ് അംഗങ്ങൾ ശ്രമിച്ചത്. വീഡിയോ ദൃശ്യങ്ങൾ ഇതിനായി തെളിവായിട്ടുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.


2015 മാർച്ച് 13-ന് ബജറ്റ് അവതരണദിനത്തിലാണ് കേരളരാഷ്ട്രീയത്തിലെ കറുത്ത ഏടുകളിലൊന്നായ നിയമസഭാ പ്രതിഷേധം അരങ്ങേറിയത്. ബാർകോഴ കേസിൽ ആരോപണം നേരിട്ട അന്നത്തെ ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താൻ നടന്ന പ്രതിഷേധമാണ് കയ്യാങ്കളിയായി മാറിയത്. 

സ്പീക്കറുടെ ഡയസ് തല്ലിതകർത്തതടക്കം വലിയ അക്രമവും പ്രതിഷേധവുമാണ് അന്ന് നിയമസഭയിലുണ്ടായത്. പൊതുമുതൽ നശിപ്പിച്ചതിന് അന്ന് പ്രതിപക്ഷ അംഗങ്ങളായിരുന്ന വി.ശിവൻകുട്ടി, ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, എന്നീ ഉൾപ്പടെ ആറുപേര്‍ക്കെതിരെ നിയമസഭാ സെക്രട്ടറിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു.

വിചാരണയ്ക്കിടെ കേസ് പിൻവലിക്കാനായി സംസ്ഥാന സർക്കാർ 2020 സെപ്തംബർ 22-ന് തിരുവനന്തപുരം സിജെഎം കോടതിയിൽ അപേക്ഷ നൽകിയെങ്കിലും കോടതി തള്ളി. തുടർന്ന് സർക്കാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും 2021 മാർച്ച് 12- ഹൈക്കോടതിയും ഈ ആവശ്യം തള്ളി. തുടർന്ന് 2021 ജൂൺ 26-നാണ് സ‍ർക്കാരും കേസിൽ പ്രതികളായ നേതാക്കളും സുപ്രീംകോടതിയിൽ എത്തിയത്. 

കേസ് പിൻവലിക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കേസിൽ കക്ഷി ചേ‍ർന്നിരുന്നു. ജൂലായ് 15-ന് കേസിൽ വാദം പൂര്‍ത്തിയാകും മുൻപ് തന്നെ കേസ് പിൻവലിക്കാനുള്ള സാധ്യതയില്ലെന്ന സൂചിപ്പിക്കുന്നതരത്തിലുള്ള പരാമ‍ർശങ്ങൾ സുപ്രീംകോടതിയിൽ നിന്നും ഉണ്ടായിരുന്നു.

Post a Comment

0 Comments