Top News

‘സ്വര്‍ണക്കടത്തുകേസില്‍ കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ ഇടപെടലുണ്ടായി’; ഡോളര്‍ കടത്തുമായി ജലീലിന് നേരിട്ട് ബന്ധമില്ലെന്ന് കസ്റ്റംസ് കമ്മീഷണര്‍

കൊച്ചി: സ്വര്‍ണ്ണക്കടത്തുകേസ് അന്വേഷണത്തില്‍ കേരളം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ഇടപെട്ടുവെന്ന വെളിപ്പെടുത്തലുമായി കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍. അന്വേഷണത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വാധീനിക്കുന്നത് കേരളത്തില്‍ ആദ്യത്തെ സംഭവമല്ലെന്നും ഇത്തരം സമ്മര്‍ദ്ദങ്ങള്‍ക്കൊന്നും വഴങ്ങുന്ന ഏജന്‍സിയല്ല കസ്റ്റംസെന്നും സുമിത് കുമാര്‍ പറഞ്ഞു.[www.malabarflash.com]

ഡോളര്‍ കടത്തുകേസുമായി മുന്‍മന്ത്രി കെടി ജലീലിന് നേരിട്ട് ബന്ധമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ചില നയതന്ത്ര ഉദ്യോഗസ്ഥരുമായി മാത്രമാണ് ജലീലിന് ബന്ധമെന്നും സൂചിപ്പിച്ചു. ഇത് സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വര്‍ണ്ണക്കടത്തുകേസ് അന്വേഷണത്തില്‍ പോലീസിന് വീഴ്ചയുണ്ടായെന്ന് സുമിത് കുമാര്‍ ആവര്‍ത്തിച്ചു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കണ്ടെത്തലുകള്‍ സുപ്രധാന നേട്ടമാണെന്നും എല്ലാം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സുമിത് കുമാര്‍ വാര്‍ത്താ സമ്മേളനത്തിലൂടെ പറഞ്ഞു. 

കസ്റ്റംസിന്റെ റിപ്പോര്‍ട്ടിംഗ് ഓഫീസര്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനല്ല. കസ്റ്റംസ് അന്വേഷണം പഴുതടച്ചുള്ളതായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗിക മേഖലയിലെ പരാതികളും മറ്റ് പ്രശ്‌നങ്ങളും കേന്ദ്രസര്‍ക്കാരിനെ അതാത് സമയത്ത് തന്നെ അറിയിക്കാന്‍ സാധിച്ചിട്ടുണ്ട്. അതിന് ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷയുണ്ട്. 

ഏജന്‍സിയെ കേരള സര്‍ക്കാരിനെതിരായി കേന്ദ്രം ഉപയോഗിക്കുന്നുവെന്ന ആരോപണം അസംബന്ധമാണെന്ന വാദത്തിലുറച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സ്ഥലം മാറിപ്പോകുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലായിരുന്നു സുമിത് കുമാറിന്റെ സുപ്രധാന പരാമര്‍ശങ്ങള്‍. താന്‍ മാത്രമേ സ്ഥലം മാറിപ്പോകുന്നുള്ളൂവെന്നും മറ്റ് ഉദ്യോഗസ്ഥരെല്ലാം ഇവിടെത്തന്നെയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. തനിക്കെതിരായ ആക്രമണം ഒരു പുതിയ കാര്യമൊന്നുമല്ല. രാഷ്ടീയപാര്‍ട്ടികളെ ഭയന്ന് ജോലിചെയ്യാന്‍ തനിക്ക് സാധിക്കില്ലെന്നും ദേശസുരക്ഷ പരമപ്രധാനമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

Post a Comment

Previous Post Next Post