Top News

മുന്‍ കേന്ദ്ര മന്ത്രി പി.ആര്‍.കുമാരമംഗലത്തിന്റെ ഭാര്യ കൊല്ലപ്പെട്ട നിലയില്‍

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രി പി.ആര്‍.കുമാരമംഗലത്തിന്റെ ഭാര്യ കിറ്റി കുമാരമംഗലം (67) ഡല്‍ഹിയിലെ വസതിയില്‍ കൊല്ലപ്പെട്ട നിലയില്‍. ഡല്‍ഹി വസന്ത്‌ വിഹാറിലെ വീട്ടിലാണ് ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തലയണ ഉപയോഗിച്ച് ശ്വാസമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം.[www.malabarflash.com]


വീട്ടുജോലിക്കാരും അവരുടെ രണ്ടു കൂട്ടാളികളുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന് ലഭിച്ച വിവരം. വീട്ടുജോലിക്കാരനായ ധോബി രാജുവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ രണ്ട് കൂട്ടാളികള്‍ ഒളിവിലാണ്. കവര്‍ച്ചശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്.

ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. വീട്ടുജോലിക്കാരിയെ ബന്ദിയാക്കിയതിന് ശേഷമായിരുന്നു കൊലപാതകവും കവര്‍ച്ചയും. പ്രതിയെ ജോലിക്കാരി തിരിച്ചറിഞ്ഞിട്ടുണ്ട്. രാത്രി പതിനൊന്ന് മണിയോടെയാണ് പോലീസിന് വിവരം ലഭിക്കുന്നത്.

സുപ്രീംകോടതി അഭിഭാഷകയായിരുന്ന കിറ്റി കുമാരമംഗലവും വേലക്കാരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പി. ആര്‍ കുമാരമംഗലം 2000-ത്തിലാണ് മരിച്ചത്. കോണ്‍ഗ്രസ് നേതാവായിരുന്ന കുമാരമംഗലം പി.വി.നരസിംഹ റാവു സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. ശേഷം ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹം വാജ്‌പേയി സര്‍ക്കാരില്‍ ഊര്‍ജ മന്ത്രിയായിരുന്നിട്ടുണ്ട്.

Post a Comment

Previous Post Next Post