NEWS UPDATE

6/recent/ticker-posts

ഗോവിന്ദ പൈ കോളേജിൽ കൂടുതൽ കോഴ്‌സുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് എ കെ എം അഷ്‌റഫ് എം എൽ എ കണ്ണൂർ വി സിയുമായി കൂടിക്കാഴ്ച്ച നടത്തി

മഞ്ചേശ്വരം: മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ കോളേജ് പരിസരത്ത് ഒരു സർക്കാർ കെട്ടിടം വർഷങ്ങളായി കാട് മൂടിക്കിടക്കുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിൽക്കുന്ന മണ്ഡലത്തിലെ വിദ്യാർത്ഥികളുടെ ഉപരിപഠനത്തിന് ഉപകാരപ്പെടുന്ന രീതിയിൽ പ്രസ്തുത കെട്ടിടത്തിൽ പുതിയ കോഴ്‌സുകളാരംഭിക്കണമെന്നാവശ്യപ്പെട്ട് എ.കെ.എം അഷ്‌റഫ് എം.എൽ.എ കണ്ണൂർ വി സി, പ്രൊ വി സി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.[www.malabarflash.com]


കോളേജിൽ നിന്ന് വാങ്ങിയ പത്തേക്കർ സ്ഥലത്ത് എട്ട് കോടി രൂപ ചിലവിൽ നിർമ്മിക്കപ്പെട്ട പ്രസ്തുത കെട്ടിടത്തിൽ നിയമപഠന കേന്ദ്രവും ബി എഡ് സെന്ററും മറ്റ് ആധുനിക കോഴ്‌സുകളും തുടങ്ങി ഉപയോഗ യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ എ കെ എം അഷ്‌റഫ് ഉന്നയിച്ച സബ്മിഷന് മറുപടിയായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഈ കെട്ടിടം പൂർണ്ണമായും കണ്ണൂർ സർവ്വകലാശാലയുടെ നിയന്ത്രണത്തിലുള്ളതാണെന്നറിയിച്ചതിനെ തുടർന്നാണ് വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, പ്രോ വൈസ് ചാൻസലർ പ്രൊഫ. സാബു എ എന്നിവരുമായി എം എൽ എ കൂടിക്കാഴ്ച്ച നടത്തിയത്.

നിലവിൽ നാല് ബിരുദ കോഴ്‌സുകളും മൂന്ന് പി ജി കോഴ്‌സുകളുമുള്ള ഗോവിന്ദ പൈ കോളേജിൽ ബി എസ് സി മാത്‍സ്, ബി എ ഇംഗ്ലീഷ്, ബി എസ് സി ജിയോഗ്രഫി, ബി എ ഉറുദു, എം എ കന്നഡ എന്നീ കോഴ്‌സുകൾ പുതുതായി വേണമെന്ന കഴിഞ്ഞ കുറച്ച് വർഷങ്ങളായുള്ള ആവശ്യവും ചർച്ചയായ കൂടിക്കാഴ്ചയിൽ ഉപയോഗശൂന്യമായികിടക്കുന്ന കെട്ടിടത്തിൽ ലോ അക്കാഡമി ഉൾപ്പെടെയുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങൾ കാലതാമസമില്ലാതെ ആരംഭിക്കാമെന്നും എത്രയും വേഗം വി സിയുടെ നേതൃത്വത്തിലുള്ള ഉന്നത സംഘം കോളേജ് സന്ദർശിക്കാമെന്നും തീരുമാനമായതായി എം എൽ എ അറിയിച്ചു.

Post a Comment

0 Comments