Top News

‘ഒറ്റത്തുള്ളിയും പാഴാക്കാതെ കേരളം മുന്നോട്ട്’; 24 മണിക്കൂറിൽ നാലര ലക്ഷം പേർക്ക് വാക്‌സിനേഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച ഏറ്റവുമധികം പേർക്ക് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.  4,53,339 പേർക്കാണ് വാക്‌സിൻ നൽകിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേർക്ക് വാക്‌സിൻ നൽകുന്നത്.[www.malabarflash.com]

ശനിയാഴ്ച വന്ന 38,860 ഡോസ് കോവാക്‌സിൻ ഉൾപ്പെടെ ഇനി സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം വാക്‌സിൻ മാത്രമാണ് സ്റ്റോക്കുള്ളത്. അതായത് ഞായറാഴ്ച എല്ലാവർക്കും എടുക്കാൻ പോലും തികയില്ല. ഞായറാഴ്ച കൂടുതൽ വാക്‌സിൻ കേന്ദ്ര സർക്കാർ അനുവദിച്ചില്ലെങ്കിൽ സംസ്ഥാനത്തെ വാക്‌സിനേഷൻ അനിശ്ചിതത്വത്തിലാകുമെന്നും മന്ത്രി വ്യക്തമാക്കി.

കേരളം 10 ലക്ഷം വാക്‌സിൻ പൂഴ്ത്തി വച്ചിരിക്കുന്നു എന്ന പ്രചരണത്തിന്റെ പൊള്ളത്തരം ഇതോടെ പൊളിഞ്ഞിരിക്കുകയാണ്. മികച്ച രീതിയിൽ വാക്‌സിൻ നൽകുന്ന സംസ്ഥാനമാണ് കേരളം. ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് സംസ്ഥാനത്തെ വാക്‌സിനേഷൻ. ആരോഗ്യ പ്രവർത്തകർക്കും മുന്നണി പേരാളികൾക്കുമുള്ള ആദ്യ ഡോസ് വാക്‌സിനേഷൻ 100 ശതമാനത്തിലെത്തിച്ചു.

 ഈ ആഴ്ച മാത്രം 16 ലക്ഷത്തോളം പേർക്കാണ് വാക്‌സിൻ നൽകിയത്. ഇതോടെ ഒരു ദിവസം 4 ലക്ഷത്തിന് മുകളിൽ വാക്‌സിൻ നൽകാൻ കഴിയുമെന്ന് സംസ്ഥാനം തെളിയിച്ചിരിക്കുകയാണ്.

ശനിയാഴ്ച 1522 വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചത്. സർക്കാർ തലത്തിൽ 1,380 കേന്ദ്രങ്ങളും സ്വകാര്യതലത്തിൽ 142 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. 59,374 പേർക്ക് വാക്‌സിൻ നൽകിയ കണ്ണൂർ ജില്ലയാണ് മുമ്പിൽ. 53,841 പേർക്ക് വാക്‌സിൻ നൽകി തൃശൂർ ജില്ലയും 51,276 പേർക്ക് വാക്‌സിൻ നൽകി കോട്ടയം ജില്ല തൊട്ട് പുറകിലുണ്ട്.

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 1,83,89,973 പേർക്കാണ് വാക്‌സിൻ നൽകിയത്. അതിൽ 1,28,23,869 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 55,66,104 പേർക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നൽകിയത്. 

2011ലെ സെൻസസ് അനുസരിച്ച് ആകെ ജനസംഖ്യയുടെ 38.39 ശതമാനം പേർക്ക് ഒന്നാം ഡോസും 16.66 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. ഈ സെൻസസ് അനുസരിച്ച് 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയിൽ 53.43 ശതമാനം പേർക്ക് ഒന്നാം ഡോസും 23.19 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. ഇത് കേന്ദ്ര ശരാശരിയേക്കാൾ വളരെ മുന്നിലാണ്.

Post a Comment

Previous Post Next Post