Top News

'കോഴിക്കോട്ടെയും മലപ്പുറത്തെയും ഗൾഫ് രാജ്യങ്ങളിലേയും മോദിവിരുദ്ധ പണച്ചാക്കുകളിൽ നിന്ന് പത്തുകോടിയിലധികം പിരിച്ചു'; മുരളീധരനെതിരെ ആരോപണവുമായി സുരേന്ദ്രൻ

കോഴിക്കോട്​: കൊടകര കള്ളപ്പണക്കേസിൽ ജുഡീഷണൽ അന്വേഷണം വേണമെന്ന കെ. ​മു​ര​ളീ​ധ​ര​ൻ എം.പിയുടെ ആവശ്യത്തിൽ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രൻ. 
മുരളീധരന്‍റെ ഉണ്ടയില്ലാ വെടിയുടെ ലക്ഷ്യം കോൺഗ്രസ്​ നേതാക്കളെയാണ്​​ എന്നായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം.[www.malabarflash.com] 

മോദിക്കെതിരെ യുദ്ധം ചെയ്യാനെന്ന പേരിൽ കോഴിക്കോട്ടെയും മലപ്പുറത്തെയും ഗൾഫ് രാജ്യങ്ങളിലേയും മോദിവിരുദ്ധ പണച്ചാക്കുകളിൽ നിന്ന് മുരളീധരൻ പത്തുകോടിയിലധികം പിരിച്ചു എന്നാണ് കോൺഗ്രസ്സിലെ ഉപശാലാ കണക്കപ്പിള്ളമാർ പറയുന്നതെന്നും സുരേന്ദ്രൻ ഫേസ്​ബുക്​ പോസ്റ്റിൽ കുറിച്ചു. 

കുഴൽപ്പണം സംബന്ധിച്ച കാര്യങ്ങൾ അന്വേഷണ വിധേയമാക്കണമെന്നാവശ്യപ്പെട്ട്​ മുരളീധരൻ വാർത്ത സമ്മേളനം വിളിച്ചിരുന്നു. എല്ലാം സമഗ്രമായി അന്വേഷിക്കാൻ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ഹൈകോടതിയിൽ നിന്നോ സുപ്രീം കോടതിയിൽ നിന്നോ റിട്ടയർ ചെയ്ത ജഡ്ജി വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടിരുന്നു. 

നിഷ്പക്ഷമായി അന്വേഷിച്ചാൽ മോദിയിൽ എത്തുമെന്നും ആ ഗട്ട്സ് മുഖ്യമന്ത്രി കാണിക്കണമെന്നും മുരളി പറഞ്ഞിരുന്നു. 

കെ.സുരേന്ദ്രൻ പങ്കുവെച്ച ഫേസ്​ബുക്​ പോസ്റ്റ്​: 
ബി. ജെ. പിക്കും എനിക്കുമെതിരെ ഒരുപാട് ആരോപണങ്ങൾ താങ്കൾ ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചതായി കണ്ടു. ലക്ഷ്യം വെച്ചത് എന്നെയോ ബി. ജെ. പിയെയോ അല്ലെന്ന് വ്യക്തം. മഹാരാഷ്ട്ര, രാജസ്ഥാൻ, പഞ്ചാബ് പിന്നെ കർണ്ണാടകാ പി. സി. സി വഴി കേരളത്തിലേക്കുവന്ന കോടികൾ താനറിഞ്ഞില്ലെന്ന പാർട്ടിക്കുള്ളിൽ താങ്കൾ ഉന്നയിച്ച ആരോപണം പുറത്തേക്കുവരട്ടെ എന്നതായിരിക്കും ഈ ഉണ്ടയില്ലാവെടിയുടെ ലക്ഷ്യം എന്ന് മനസ്സിലാക്കാൻ ഏതായാലും വലിയ ഗവേഷണബുദ്ധിയൊന്നും വേണ്ടിവരില്ല. 

ചാണ്ടി ചെന്നിത്തല മുല്ലപ്പള്ളി അധികാരത്രയത്തേയും കെ. സി. വേണുഗോപാൽ വഴി രാഹുലിനെത്തന്നെയും ഉന്നം വെച്ചുള്ള വെടിയാണിത്. പിന്നെ ഹെലികോപ്റ്റർ ഉപയോഗിച്ചതിന്റെ ചെലവ് തെരഞ്ഞെടുപ്പ് കമ്മീഷന് ഞങ്ങളുടെ പാർട്ടി കൊടുത്തുകൊള്ളാം. സ്റ്റാർ ക്യാംപയിനേഴ്സ് പട്ടികയിൽ തെരഞ്ഞെടുപ്പുകമ്മീഷൻ ഉൾപ്പെടുത്തിയവരുടെ ചെലവ് സ്ഥാനാർത്ഥിയുടെ കണക്കിൽ വരില്ലെന്ന സാമാന്യ വിവരം എത്രയോ തെരഞ്ഞെടുപ്പുകളിൽ മൽസരിച്ച താങ്കൾക്കറിയില്ലെങ്കിൽ അറിവുള്ള ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കാമായിരുന്നു. 

ഇനി ഹെലികോപ്‌ടറിൽ പണം കടത്തിയിട്ടുണ്ടെങ്കിൽ തെരഞ്ഞെടുപ്പു കമ്മീഷൻ ഉദ്യോഗസ്ഥരും സംസ്ഥാനപൊലീസ് ഉദ്യോഗസ്ഥരും എല്ലാ ഹെലിപ്പാഡുകളിലും പരിശോധനയ്ക്കായി എന്നെ കാത്തിരുന്നിരുന്നിരുന്നു എന്ന വസ്തുതയെങ്കിലും താങ്കൾ അറിയണമായിരുന്നു. 

അതൊക്കെ പോകട്ടെ മോദിക്കെതിരെ യുദ്ധം ചെയ്യാൻ ഞാൻ മാത്രമേ ഉള്ളൂ എന്ന് പറഞ്ഞ് കോഴിക്കോട്ടെയും മലപ്പുറത്തെയും ഗൾഫ് രാജ്യങ്ങളിലേയും മോദിവിരുദ്ധ പണച്ചാക്കുകളിൽ നിന്ന് താങ്കൾ പത്തുകോടിയിലധികം പിരിച്ചു എന്നാണ് കോൺഗ്രസ്സിലെ ഉപശാലാ കണക്കപ്പിള്ളമാർ പറയുന്നത്. അതിൽ ഒരു നയാപൈസ പോലും നേമത്ത് ചെലവാക്കിയിട്ടില്ലെന്നും കരക്കമ്പി കേൾക്കുന്നു. ഇനിയുമുണ്ട് തെരഞ്ഞെടുപ്പുകഥകൾ. ശേഷം ഇടവേള കഴിഞ്ഞ്.

Post a Comment

Previous Post Next Post