NEWS UPDATE

6/recent/ticker-posts

മദ്​റസാധ്യാപകർക്ക് സർക്കാർ ശമ്പളമോ ആനുകൂല്യമോ നൽകുന്നില്ലെന്ന് നിയമസഭാ രേഖ

തിരുവനന്തപുരം: മദ്​റസാധ്യാപകർക്ക് സർക്കാർ ശമ്പളമോ ആനുകൂല്യമോ നൽകുന്നില്ലെന്ന് നിയമസഭാ രേഖ. മറിച്ചുള്ള പ്രചാരണം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്നും പൊതുഭരണ വകുപ്പ്​ അറിയിച്ചു.[www.malabarflash.com]

മുസ്​ലിം ലീഗ് എം.എൽ.എമാരായ കെ.പി.എ മജീദ്, പി.കെ. ബഷീർ, മഞ്ഞളാംകുഴി അലി, അഡ്വ. എൻ. ഷംസുദ്ദീൻ എന്നിവരുടെ ചോദ്യങ്ങൾക്ക് പൊതുഭരണ വകുപ്പ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മദ്​റസ അധ്യാപകർക്ക് പൊതുഖജനാവിൽ നിന്നും ശമ്പളവും അലവൻസുകളും വിതരണം ചെയ്യുന്നുണ്ടോ; ഈ അധ്യാപകർക്ക് നിലവിൽ ഏത് രീതിയിലാണ് ശമ്പളവും ആനുകൂല്യങ്ങളും നൽകുന്നതെന്ന് അറിയിക്കുമോ എന്ന ചോദ്യത്തിന് പൊതുഖജനാവിൽനിന്ന് മദ്​റസ അധ്യാപകർക്ക് ശമ്പളമോ ആനുകൂല്യങ്ങളോ നൽകുന്നില്ല എന്നാണ് മറുപടി. 

ജോലി ചെയ്യുന്ന മദ്​റസകളിലെ അതാത് മാനേജ്‌മെന്‍റുകളാണ് ശമ്പളം നൽകുന്നതെന്നും സർക്കാർ വ്യക്തമാക്കി. ഏറെക്കാലമായി സംഘ്പരിവാർ, തീവ്ര ക്രിസ്ത്യൻ ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്ന നുണയാണ് ഇതോടെ പൊളിഞ്ഞത്. 

മദ്​റസ അധ്യാപകർക്ക് ശമ്പളം നൽകുന്നതിന് ബജറ്റിൽനിന്നും വലിയൊരു വിഹിതം ചെലവഴിക്കുന്നതായി സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരണം നടക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്നും യഥാർത്ഥ വസ്തുത പൊതുജനത്തെ ബോധ്യപ്പെടുത്തുന്നതിനായി എന്ത് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും എം.എൽ.എമാർ ചോദിച്ചു. 

ഫാക്ട് ചെക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ രൂപവത്​കരിച്ച ടീം ഈ വിഷയം പരിശോധിച്ചിട്ടുണ്ടോ എന്നും ആരാഞ്ഞു. പ്രചാരണം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും സമൂഹ മാധ്യമങ്ങൾ വഴി വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്നുമാണ് പൊതുഭരണ വകുപ്പിന്‍റെ മറുപടി. 

യഥാർത്ഥ വസ്തുത പൊതുജനങ്ങളോ ബോധ്യപ്പെടുത്തുന്നതിന് വേണ്ട തുടർനടപടികൾ സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു. ബജറ്റിലെ വലിയൊരു വിഹിതം മദ്​റസ അധ്യാപകർക്ക് ശമ്പളം നൽകുന്നതിന് ചെലവഴിക്കുന്നു എന്ന രീതിയിൽ സംഘ്പരിവാർ ഗ്രൂപ്പുകൾ വ്യാപകമായ പ്രചാരണം നടത്തിയതാണ് ലീഗ് എം.എൽ.എമാർ ചോദ്യം ചെയ്തത്.

Post a Comment

0 Comments