NEWS UPDATE

6/recent/ticker-posts

5 ജി: ജൂഹി ചൗളയുടെ ഹര്‍ജി തള്ളി, 20 ലക്ഷം പിഴ; പ്രശസ്തി ലക്ഷ്യമിട്ടെന്ന് കോടതി

ഡല്‍ഹി: രാജ്യത്ത് 5 ജി നെറ്റ്വര്‍ക്ക് അവതരിപ്പിക്കുന്നതിനെതിരെ കോടതിയെ സമീപിച്ച ബോളിവുഡ് നടി ജൂഹി ചൗളയുടെ ഹര്‍ജി തള്ളി. 20 ലക്ഷം പിഴ ഒടുക്കണമെന്ന നിര്‍ദേശത്തോടെയാണ് ഡല്‍ഹി ഹൈക്കോടതിയുടെ നടപടി.[www.malabarflash.com]

ജൂഹി ചൗളയുടെ നടപടി നിയമ സംവിധാനത്തെ അപമാനിക്കുന്നതാണെന്നും കോടതി പരാമര്‍ശിച്ചു. നടപടി പ്രശസ്തി ലക്ഷ്യമിട്ടാണെന്നും കോടതിയുടെ സമയം നഷ്ടപ്പെടുത്തിയെന്നും ഹര്‍ജി തള്ളിക്കൊണ്ട് കോടതി കുറ്റപ്പെടുത്തി.

5 ജി സാങ്കേതിക വിദ്യ റേഡിയോ ഫ്രീക്വന്‍സി റേഡിയേഷന്‍ വര്‍ദ്ധിപ്പിക്കുമെന്നും അത് മനുഷ്യരെയും മൃഗങ്ങളെയും അപകടകരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജൂഹി ചൗള ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

5 ജി സാങ്കേതികവിദ്യ മനുഷ്യരെയും മൃഗങ്ങളെയും നിലവിലുള്ളതിനേക്കാള്‍ 10 മുതല്‍ 100 മടങ്ങ് വരെ അധികം ആര്‍എഫ് റേഡിയേഷന് വിധേയമാക്കും എന്ന് താരം ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
5 ജി സാങ്കേതികവിദ്യ മനുഷ്യരിലും മറ്റ് ജീവികളിലും ഒരു തരത്തിലുള്ള അപകടവും വരുത്തില്ലെന്ന് ഉറപ്പുവരുത്തണമെന്നും എന്നാല്‍ മാത്രമേ രാജ്യത്ത് ഫൈവ് ജി സാങ്കേതിക വിദ്യ കൊണ്ടുവരാനാകൂ എന്നും ജൂഹി ചൗളയുടെ അഭിഭാഷകന്‍ കോടതിയില്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

എല്ലാ ജീവികളിലും റേഡിയോ ഫ്രീക്ക്വന്‍സി റേഡിയേഷന്‍ ഏതുവിധത്തില്‍ ബാധിക്കുമെന്നത് ശാസ്ത്രീയ അടിസ്ഥാനത്തില്‍ മനസിലാക്കിയതിന് ശേഷം മാത്രമേ 5 ജി സംവിധാനം നടപ്പിലാക്കാവൂ എന്നും ഇതു സംബന്ധിച്ച ഫലപ്രദമായ ഗവേഷണം ആവശ്യമാണെന്നും ജൂഹി ചൗളയുടെ അഭിഭാഷകന്‍ കോടതിയില്‍ നല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. 

മൊബൈല്‍ ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്കുകളിലെ ഏറ്റവും പുതിയ സേവനമായ 5 ജി രാജ്യത്ത് നടപ്പിലാക്കാനുള്ള പദ്ധതി 2018 മുതല്‍ ആരംഭിച്ചതാണ്. ലോ, മിഡ്, ഹൈഫ്രീക്വന്‍സി എന്നിങ്ങനെ മൂന്ന് ബാന്‍ഡുകളിലാണ് 5 ജി പ്രവര്‍ത്തിക്കുന്നത്.

Post a Comment

0 Comments