NEWS UPDATE

6/recent/ticker-posts

ജനങ്ങള്‍ തുടര്‍ഭരണം നല്‍കിയത് നേരനുഭവങ്ങളുടെ വെളിച്ചത്തില്‍; വർഗീയതയ്ക്ക് ഏറ്റ തിരിച്ചടി- പിണറായി

തിരുവനന്തപുരം: ജനങ്ങളുടെ നേരനുഭവത്തെ മുന്‍നിര്‍ത്തിയാണ് അവര്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്യാത്ത എല്‍ഡിഎഫിന്റെ നിലപാടിന് കിട്ടിയ അംഗീകാരമാണിതെന്നും അദ്ദേഹം പറഞ്ഞു.[www.malabarflash.com]


ഈ തിരഞ്ഞെടുപ്പ് ഫലം ജനങ്ങളുടെ വിജയമാണ്. ഇതിന്റെ നേരവകാശികള്‍ കേരള ജനതയാണ്. വിജയത്തെക്കുറിച്ച് എന്താണ് ഇത്ര ഉറപ്പ് എന്ന് സംശയം പ്രകടിപ്പിച്ചവരുണ്ട്. ഞങ്ങള്‍ ജനങ്ങളെയും ജനങ്ങള്‍ ഞങ്ങളെയും വിശ്വസിക്കുന്നുണ്ട് എന്നാണ് അപ്പോഴൊക്കെ നല്‍കിയ മറുപടി. അത് തീര്‍ത്തും അന്വര്‍ഥമാകുംവിധമാണ് തിരഞ്ഞെടുപ്പ് ഫലം വന്നിരിക്കുന്നത്.

ഒരുപാട് പ്രതിസന്ധികളെ മറികടന്നുകൊണ്ടാണ് സര്‍ക്കാരിന് മുന്നോട്ട് പോകേണ്ടിയിരുന്നത്. അക്കാര്യത്തില്‍ ജനങ്ങള്‍ പൂര്‍ണമായും എല്‍ഡിഎഫിന് ഒപ്പമുണ്ടായിരുന്നു. ആ ജനങ്ങള്‍ ഇനിയുള്ള നാളുകളിലും എല്‍ഡിഎഫിന് ഒപ്പമുണ്ട് എന്നാണ് ഈ ജനവിധിയിലൂടെ തെളിയിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സര്‍ക്കാരിനെയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും അംഗീകരിച്ചിരിക്കുകയാണ്.

കേരളത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നമ്മെ ബാധിക്കുന്നതുണ്ട്. കെടുതികളും ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങളും അതിജീവിക്കാന്‍ നടത്തിയ ശ്രമം നാടും നാട്ടുകാരും കണ്ടതാണ്. അതുകൊണ്ടുതന്നെ എല്‍ഡിഎഫ് നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍ ഇത്തരമൊരു ആപല്‍ ഘട്ടത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതില്‍ നേരിട്ട് അനുഭവമുള്ളവരാണ് ജനങ്ങള്‍. നാടിന്റെ വികസനത്തിന് എല്‍ഡിഎഫിന്റെ തുടര്‍ഭരണം വേണം. പൂര്‍ത്തിയാക്കാനുള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ എല്‍ഡിഎഫ് വീണ്ടും വരണമെന്നും ജനങ്ങള്‍ ആഗ്രഹിച്ചത്.

എല്‍ഡിഎഫ് നടപ്പാക്കാവുന്ന കാര്യങ്ങള്‍ മാത്രമേ പറയൂ, പറയുന്ന കാര്യങ്ങള്‍ നടപ്പാക്കും എന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ട്. ഏതെങ്കിലും മാധ്യമങ്ങള്‍ നടത്തിയ പ്രചരണംകൊണ്ട് ഉണ്ടായതല്ല. സ്വന്തം ജീവിതാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ടായതാണ്. അതുകൊണ്ടാണ് നമ്മുടെ നാടിന്റെ ഭാവി താല്‍പര്യത്തിന് എല്‍ഡിഎഫ് തുടര്‍ ഭരണത്തിന് വേണമെന്ന് ജനങ്ങള്‍ തീരുമാനിച്ചത്.

മതനിരപേക്ഷത സംരക്ഷിക്കണമെങ്കില്‍ വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്യാത്ത ഒരു വിഭാഗം കേരളത്തില്‍ ഉണ്ടാകണമെന്ന് ജനങ്ങള്‍ തീരുമാനിച്ചു. വര്‍ഗീയ ശക്തികളുടെ സ്വഭാവം കേരളത്തിലും ഉയര്‍ത്തിക്കൊണ്ടുവരാന്‍ നമ്മുടെ നാട്ടിലെ വര്‍ഗീയ ശക്തികള്‍ ആഗ്രഹിക്കുന്നു. അതിനോടൊക്കെ വിട്ടുവീഴ്ച ചെയ്യാത്ത ഒരു സര്‍ക്കാര്‍ ഇവിടെ ഉണ്ടായി എന്നതുകൊണ്ടാണ് ഭീതിജനകമായ ഒരു വര്‍ഗീയ സംഘര്‍ഷവും കേരളത്തില്‍ ഉണ്ടാകാതിരുന്നത്. അതുകൊണ്ടാണ് ജനങ്ങള്‍ എല്‍ഡിഎഫിന് തുടര്‍ഭരണം നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്തോ കുറേ സീറ്റുകള്‍ നേടാന്‍ പോകുന്നു എന്ന ധാരണയാണ് ബിജെപി ഇവിടെ നടത്തിയത്. ഒരു പൊതു പ്രതീതി സൃഷ്ടിക്കാനായിരുന്നു ശ്രമം. ബിജെപിയുടെ അക്കൗണ്ട് ഈ തിരഞ്ഞെടുപ്പില്‍ ക്ലോസ് ചെയ്യും എന്ന് ഞങ്ങള്‍ പറഞ്ഞത് അതുകൊണ്ടാണ്. യഥാര്‍ഥ സ്ഥിതി തിരിച്ചറിയേണ്ട സമയമാണ് ഇപ്പോള്‍. അത് ഈ കേരളത്തിന്റെ പ്രത്യേകതയാണ്. മറ്റു ചില സംസ്ഥാനങ്ങളിലേതുപോലുള്ള രീതി ഇവിടെ എടുത്താല്‍ അത് ചെലവാകുന്ന മണ്ണല്ല കേരളം, ഇക്കാര്യം ഈ തിരഞ്ഞെടുപ്പ് ഒന്നുകൂടി വ്യക്തമാക്കിയിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

0 Comments