NEWS UPDATE

6/recent/ticker-posts

പൗരത്വ നിയമ ഭേദഗതി: നടപടികള്‍ തുടങ്ങി കേന്ദ്രം; മുസ്ലിംകള്‍ അല്ലാത്ത അഭയാര്‍ഥികളില്‍ നിന്ന് പൗരത്വ അപേക്ഷ ക്ഷണിച്ചു

ന്യൂഡല്‍ഹി: രാജ്യം കണ്ട ഏറ്റവും ശക്തമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായ പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതിന്റെ ആദ്യ നടപടികള്‍ക്ക് തുടക്കമിട്ട് കേന്ദ്ര സര്‍ക്കാര്‍. അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് എത്തിയ മുസ്ലിംകള്‍ അല്ലാത്ത അഭയാര്‍ഥികളില്‍ നിന്ന് പൗരത്വത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.[www.malabarflash.com] 

ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസഗഢ്, ഹരിയാനാ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ കഴിയുന്ന അഭയാര്‍ഥികളില്‍ നിന്നാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. ഹിന്ദുക്കള്‍, സിഖുകാര്‍, ജൈനര്‍, ബൗദ്ധര്‍ എന്നിവര്‍ക്കാകും പൗരത്വം അനുവദിക്കുക

ഇന്ത്യയുടെ അയല്‍പക്കത്തുള്ള മൂന്ന് മുസ്ലിം രാജ്യങ്ങളില്‍ നിന്ന് എത്തിയ അമുസ്ലിം അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ പഞ്ചാബ്, ഹരിയായ ആഭ്യന്തര സെക്രട്ടറിമാര്‍ക്കും ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തിസ്ഗഢ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ 13 കലക്ടര്‍മാര്‍ക്കും ആഭ്യന്തര മന്ത്രാലയം അധികാരം നല്‍കി. 

ഓണ്‍ലൈന്‍ വഴിയാണ് പൗരത്വത്തിന് അപേക്ഷ നല്‍കേണ്ടത്. അപേക്ഷകളില്‍ അതത് കലക്ടര്‍മാരോ ആഭ്യന്തര സെക്രട്ടറിമാരോ സൂക്ഷമ പരിശോധന നടത്തി നടപടിയെടുക്കും.

കലക്ടറും സെക്രട്ടറിയും പൗരത്വത്തിനായി രജിസ്റ്റര്‍ ചെയ്ത വ്യക്തികളുടെ വിശദാംശങ്ങള്‍ അടങ്ങിയ ഓണ്‍ലൈന്‍, ഫിസിക്കല്‍ രജിസ്റ്റര്‍ പരിപാലിക്കുകയും രജിസ്‌ട്രേഷന്‍ കഴിഞ്ഞ് ഏഴ് ദിവസത്തിനുള്ളില്‍ അതിന്റെ ഒരു പകര്‍പ്പ് കേന്ദ്ര സര്‍ക്കാരിന് നല്‍കുകയും വേണം. 

2019 ല്‍ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമത്തിലെ (സിഎഎ) ചട്ടങ്ങള്‍ ഇനിയും രൂപപ്പെടുത്തിയിട്ടില്ലെങ്കിലും പൗരത്വ നിയമം 1955, 2009 ല്‍ നിയമപ്രകാരം രൂപപ്പെടുത്തിയ ചട്ടങ്ങള്‍ എന്നിവ പ്രകാരം ഉത്തരവ് ഉടനടി നടപ്പാക്കുന്നതിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്.

അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ മുസ്ലിംകള്‍ ഒഴികെ മതസ്ഥര്‍ക്ക് പൗരത്വം നല്‍കുന്നതിന് വ്യവസ്ഥ ചെയ്യുന്ന പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കലും രാജ്യവ്യാപകമായ പ്രക്ഷോഭങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 

ഡല്‍ഹി കേന്ദ്രീകരിച്ച് രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും അതിശക്തമായ പ്രതിഷേധമാണ് 2019 അവസാനത്തിലും 2020 ആദ്യത്തിലും നടന്നത്. മാസങ്ങള്‍ നീണ്ടുനിന്ന ഈ പ്രക്ഷോഭ പരമ്പര കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തല്‍കാലം നിലച്ച സാഹചര്യം മുതലെടുത്താണ് വിവാദ നിയമം പ്രാബല്യത്തിലാക്കുന്നതിന് ആഭ്യന്തര മന്ത്രാലയം നടപടികള്‍ തുടങ്ങിയത്.

പൗരത്വ ഭേദഗതി നിയമം എല്ലാ അര്‍ഥത്തിലും ഭരണഘടനാ വിരുദ്ധമാണ്. തുല്യവകാശത്തിന്‍മേലുള്ള കടന്നു കയറ്റമായും പൗരത്വത്തിലെ വിവേചനമായും ചൂണ്ടിക്കാണിക്കപ്പെട്ട ഈ നിയമത്തിന്റെ ചട്ടങ്ങള്‍ ഇതുവരെ പുറപ്പെടുവിക്കാന്‍ കേന്ദ്ര സര്‍ക്കാറിനായിട്ടില്ല. 

സി എ എയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അതില്‍ പരമോന്നത കോടതി തീര്‍പ്പ് പറഞ്ഞിട്ടുമില്ല. വസ്തുത ഇതായിരിക്കെയാണ് സി എ എ പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Post a Comment

0 Comments