Top News

ഹെലികോപ്​ടർ അപകടത്തിൽ നിന്ന്​ രക്ഷപ്പെട്ട യൂസുഫലിക്ക്​ ശസ്​ത്രക്രിയ നടത്തി; സൗഖ്യം നേർന്ന് രാഷ്ട്ര നേതാക്കളും മന്ത്രിമാരും

ദുബൈ: കൊച്ചിയിലുണ്ടായ ഹെലികോപ്​ടർ അപകടത്തിൽ നടുവിന്​ പരിക്കേറ്റ വ്യവസായി എം.എ യൂസുഫലിയുടെ ശസ്​ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ജർമൻ ന്യൂറോ സർജൻ ഡോ. ഷവർബിയുടെ നേതൃത്വത്തിൽ 25 ഡോക്​ടർമാരടങ്ങുന്ന സംഘമാണ്​ ശസ്​ത്രക്രിയ പൂർത്തിയാക്കിയതെന്നും യൂസുഫലി സുഖം പ്രാപിക്കുകയാണെന്നും ലുലു ഗ്രൂപ്പ്​ കമ്യൂണിക്കേഷൻ ഡയറക്​ടർ വി നന്ദകുമാർ അറിയിച്ചു.[www.malabarflash.com]


യൂസുഫലിയുടെ മരുമകൻ ഡോ. ഷംഷീർ വി.പിയുടെ ഉടമസ്​ഥതയിലുള്ള അബുദബി ബുർജീൽ ആശുപത്രിയിലായിരുന്നു ശസ്​ത്രക്രിയ.

കൊച്ചിയിലെ പനങ്ങാട് പോലീസ് സ്​റ്റേഷന് സമീപത്തെ ചതുപ്പിൽ​ ഞായറാഴ്ച രാവിലെ എട്ടരയോടെയാണ്​ യൂസുഫലി സഞ്ചരിച്ച ഹെലികോപ്​ടർ ഇടിച്ചിറക്കിയത്​. ലേക്​ഷോർ ആശുപത്രിയിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിക്കാൻ യൂസുഫലി കടവന്ത്രയിലെ വീട്ടിൽനിന്നുള്ള ഹ്രസ്വയാത്രക്കിടെയാണ് അപകടം.

യൂസുഫലിയും ഭാര്യയും രണ്ട്​ പൈലറ്റുമാരും മറ്റ്​ രണ്ട്​ പേരുമാണ് ഹെലികോപ്​ടറിൽ​ ഉണ്ടായിരുന്നത്​. തിങ്കളാഴ്​ച പുലർച്ചെ തന്നെ പ്രത്യേക വിമാനത്തിൽ യൂസുഫലി അബുദബി​യിലേക്ക്​ പോയിരുന്നു. അബൂദബിയിലെ വസതിയിൽ വിശ്രമത്തിലായിരുന്ന യൂസുഫലി ശസ്​ത്രക്രിയക്ക്​ ശേഷം ഇപ്പോൾ ആശുപത്രിയിലാണുള്ളത്​.

എം.എ. യൂസുഫലിക്ക് സൗഖ്യം നേർന്ന്​ രാഷ്​ട്ര നേതാക്കൾ. 
യു.എ.ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം, അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാൻററുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ, യു.എ.ഇ. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, ബഹറൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സല്മാൻ ബിൻ ഹമദ് അൽ ഖലീഫ ഉൾപ്പെടെയുള്ള ഗൾഫ് ഭരണാധികാരികളും കേരള മുഖ്യമന്ത്രി പിണറായി വിജയൻ, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മറ്റ് കേന്ദ്ര - സംസ്ഥാന മന്ത്രിമാർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിവിധ മതവിഭാഗങ്ങളിലെ ആത്മീയാചാര്യന്മാർ എന്നിവരടക്കമുള്ള രാഷ്ട്രീയ- സാമൂഹ്യ-വാണിജ്യ-മത രംഗത്തുള്ള പ്രമുഖർ യൂസുഫലിയെ നേരിട്ട് വിളിച്ച് സുഖവിവരങ്ങൾ അന്വേഷിച്ച് ആശംസകൾ നേർന്നു.

Post a Comment

Previous Post Next Post