NEWS UPDATE

6/recent/ticker-posts

യൂസഫലിയോട്​ നഷ്​ടപരിഹാരം ചോദിച്ചിട്ടില്ല; ശബ്​ദ സന്ദേശം വ്യാജമെന്ന്​ സ്​ഥലമുടമ

എറണാകുളം: ഹെലികോപ്​റ്റർ അപകടത്തിൽ നിന്ന്​ രക്ഷപ്പെട്ട ലുലു ഗ്രൂപ്പ്​ സ്​ഥാപകൻ എം.എ യൂസഫലിയോട്​ നഷ്​ടപരിഹാരം ചോദിക്കുന്ന വ്യാജ ശബ്​ദസന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഹെലികോപ്​റ്റർ അടിയന്തരമായി ഇറക്കേണ്ടി വന്ന സ്​ഥലത്തിന്‍റെ ഉടമയുടേതെന്ന രൂപത്തിലാണ്​ ശബ്​ദ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്​.[www.malabarflash.com]


എന്നാൽ, ആ ശബ്​ദ സന്ദേശം തന്റെതല്ലെന്ന്​ സ്​ഥലമുടമ നെട്ടൂർ സ്വദേശി പീറ്റർ ഏലിയാസ്​ നികോളാസ്​ പറഞ്ഞതായി ഏഷ്യനെറ്റ്​ ന്യൂസ്​ റിപ്പോർട്ട്​ ചെയ്​തു.

ഹെലി​കോപ്​റ്റർ ഇറക്കിയ സ്​ഥലം രണ്ടു കോടി രൂപക്ക്​ വിൽക്കാൻ വെച്ചതാണെന്നും ഇനി വിൽപനയൊന്നും നടക്കില്ലെന്നും യൂസഫലിയോട്​ സ്​ഥലമുടമ പറയുന്നതിന്‍റെ ഫോൺ റെക്കോഡെന്ന വ്യാജേനയാണ്​ ശബ്ദ സന്ദേശം പ്രചരിക്കുന്നത്​. തക്കതായ നഷ്​ടപരിഹാരം ലഭിക്കണമെന്നും ഉടമ ആവശ്യപ്പെടുന്നുണ്ട്​.

ഒന്നോ രണ്ടോ ലക്ഷം നഷ്​ടപരിഹാരമായി നൽകാമെന്നും രണ്ടു കോടിയൊന്നും നൽകാനാകില്ലെന്നും യൂസഫലിയെന്ന വ്യജേന സംസാരിക്കുന്നയാൾ പറയുന്നുമുണ്ട്​. രണ്ട്​ ലക്ഷം ചെറിയ തുകയാണെന്നും തക്കതായ നഷ്​ടപരിഹാരം നൽകിയില്ലെങ്കിൽ ത​ന്‍റെ സ്​ഥലത്തു നിന്നും ഹെലികോപ്​റ്റർ എടുത്തുമാറ്റാൻ അനുവദിക്കില്ലെന്നും 'ഉടമ' പറയുന്നുണ്ട്​.

താൻ മനസാ വാചാ കർമണാ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യമാണ്​ ​ഫോൺ റെക്കോഡെന്ന വ്യാജേന പ്രചരിക്കുന്നതെന്ന്​​ സ്​ഥലമുടമ പീറ്റർ പറയുന്നു. നഷട്​പരിഹാരത്തിന്​ തനിക്ക്​ ഒരു അർഹതയുമില്ലെന്നും വ്യാജ സന്ദേശമുണ്ടാക്കിയവർക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

വ്യാജ സന്ദേശത്തിനെതിരെ പരാതി നൽകാൻ ആഗ്രഹിക്കുന്നില്ലെന്നും യൂസഫലിയോ മാധ്യമങ്ങളോ പരാതി നൽക​ട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments