Top News

സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം: ആര്‍എസ്എസ് പ്രവര്‍ത്തകനെ ഇന്റര്‍പോളിന്റെ സഹായത്തോടെ പിടികൂടി

തലശ്ശേരി: സി.പി.എം. പ്രവര്‍ത്തകന്‍ നങ്ങാറത്ത്പീടികയിലെ കെ.പി.ജിജേഷിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ആര്‍.എസ്.എസ്. പ്രവര്‍ത്തകനെ ഇന്റര്‍പോളിന്റെ സഹായത്തോടെ പിടികൂടി നാട്ടിലെത്തിച്ചു. ഗള്‍ഫില്‍ ഒളിവില്‍ കഴിയുകയായിരുന്ന മാഹി ചെമ്പ്ര പിലാക്കാവില്‍ പാര്‍വതി നിവാസില്‍ പ്രഭീഷ്‌കുമാറിനെ(37)യാണ് ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് പിടികൂടിയത്.[www.malabarflash.com]


കേസില്‍ ഒന്‍പതാം പ്രതിയായ പ്രഭീഷ്‌കുമാര്‍ ജാമ്യത്തിലിറങ്ങി ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(ഒന്ന്) ജഡ്ജി എം.തുഷാര്‍ മുമ്പാകെ ഹാജരാക്കിയ പ്രതിയെ 30 വരെ തലശ്ശേരി സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു. പ്രതിയുടെ പാസ്‌പോര്‍ട്ട് കോടതിയുടെ കസ്റ്റഡിയിലാണ്.

പ്രതിയുടെ പേരില്‍ കോടതി നേരത്തേ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അഞ്ചുവര്‍ഷത്തിലേറെയായി വിദേശത്താണ് താമസം. മാഹി പോലീസില്‍ ഹോംഗാര്‍ഡായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. വി.ടി.റാസിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ അനില്‍കുമാര്‍, രഘൂത്തമന്‍, എ.എസ്.ഐ. മോഹനന്‍, ശിവദാസന്‍ എന്നിവരാണ് അറസ്റ്റ് ചെയ്തത്.

2008 ജനുവരി 27-ന് രാത്രി 1.20-ന് നങ്ങാറത്ത്പീടികയില്‍ വെച്ചാണ് സി.പി.എം. പ്രവര്‍ത്തകനായ ജിജേഷിനെ കൊലപ്പെടുത്തിയത്. ആര്‍.എസ്.എസ്., ബി.ജെ.പി. പ്രവര്‍ത്തകരായ 12 പേരാണ് കേസിലെ പ്രതികള്‍. രാഷ്ട്രീയവിരോധംമൂലം കൊലപ്പെടുത്തിയെന്നാണ് കേസ്.

Post a Comment

Previous Post Next Post