Top News

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള പ്രവേശന വിലക്ക് 10 ദിവസം കൂടി നീട്ടി

ദുബൈ: ഇന്ത്യയിൽ നിന്ന് നേരിട്ട് യുഎഇയിലേക്കു പ്രവേശിക്കുന്നതിനുള്ള വിലക്ക് മേയ് 14 വരെ നീട്ടിയതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. ഇൗ മാസം 25ന് പ്രാബല്യത്തിൽ വന്ന വിലക്ക് മേയ് നാലിന് അവസാനിക്കാനിരിക്കെയാണു 10 ദിവസത്തേക്കുകൂടി നീട്ടിയത്.[www.malabarflash.com]


ഈ മാസം 22ന് പ്രഖ്യാപിച്ച വിലക്ക് പ്രാബല്യത്തിൽ വന്നതിനെ തുടർന്ന് ഇന്ത്യയിലെയും യുഎഇയിലെയും വിവിധ വിമാനത്താവളങ്ങളിൽ സമയപരിധി തീരുന്നതിന് മുൻപ് തിരിച്ചുവരുന്നവരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. യുഎഇയിലേയ്ക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുകയും ചെയ്തിരുന്നു.

ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് 24ന് അർധരാത്രി 12 മുതൽ അടുത്ത 10 ദിവസത്തേക്കാണു യുഎഇ ദേശീയ ദുരന്ത നിവാരണ വകുപ്പും വ്യോമയാന വകുപ്പും പ്രവേശനവിലക്കേർപ്പെടുത്തിയിരുന്നത്. ഇതേ തുടർന്നു നാട്ടിൽ അവധിക്കു പോയ പ്രവാസികൾ പലരും തിരിച്ചുവരാനാകാതെ കുടുങ്ങി. അതേസമയം, മേയ് അഞ്ച് മുതൽ എയർ ഇന്ത്യയടക്കം ഇന്ത്യയിൽ നിന്നു ടിക്കറ്റ് ബുക്കിങ് ആരംഭിക്കുകയും ചെയ്തു. ഇനി മേയ് 14 വരെ കാത്തിരുന്നാലേ തിരിച്ചു വരവ് സാധ്യമാകൂ.

1,20,000 രൂപ (6,000 ദിര്‍ഹം) യാണു ചില വിമാന കമ്പനികൾ ഈ മാസം 23, 24 തീയതികളിൽ ടിക്കറ്റ് നിരക്ക് ഈടാക്കിയത്. അതേസമയം, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വെബ് സൈറ്റുകൾ ദിവസങ്ങളോളം പണിമുടക്കുകയും ചെയ്തു. ചില കമ്പനികൾ ചാർട്ടേർഡ് വിമാന സർവീസ് റാസൽഖൈമയിൽ നിന്ന് ഏർപ്പെടുത്തി. ഇന്ത്യയിൽ നിന്ന് 100 വിമാന സർവീസുകളാണ് പ്രതിദിനം ഉള്ളത്.

ദുബൈയിലേയ്ക്കു വരുന്നവർ 48 മണിക്കൂറിനകവും അബുദാബിയിലേയ്ക്കുള്ളവർ 96 മണിക്കൂറിനകവുമുള്ള കോവിഡ്19 പിസിആർ പരിശോധനയുടെ പോസിറ്റീവ് സർടിഫിക്കറ്റ് ഹാജരാക്കേണ്ടതിനാൽ നാട്ടിലെ അംഗീകൃത ലാബുകളിലും വൻ തിരക്കും അനുഭവപ്പെട്ടു.

കോവിഡ് രൂക്ഷമായതിനെ തുടർന്നു വിമാന സർവീസ് നിലച്ചേയ്ക്കുമെന്ന സൂചന നേരത്തെ തന്നെ ഉണ്ടായിരുന്നതിനാൽ പലരും പെരുന്നാൾ പോലും കാത്തിരിക്കാതെ ഇൗ മാസം തന്നെ തിരിച്ചുവരാൻ തീരുമാനിച്ചിരുന്നു. പലരുടെയും വീസ കാലാവധി കഴിയാറായതിനാൽ ഭാവി എന്താകുമെന്നറിയാതെ പ്രതിസന്ധിയിലാണ്. മുൻപ് ലഭിച്ചിരുന്ന പോലെ യുഎഇ അധികൃതരിൽ നിന്നുള്ള ഇളവുകളിലാണ് ഇനി പ്രതീക്ഷയെങ്കിലും ഇതുവരെ അതേക്കുറിച്ചുള്ള അറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.

Post a Comment

Previous Post Next Post