Top News

ജ്വല്ലറിയില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന സംഭവം: പ്രതിശ്രുത വരന്‍ അറസ്റ്റില്‍

ഇരിട്ടി: സ്വര്‍ണം വാങ്ങാനെന്ന വ്യാജേനയെത്തി ഇരിട്ടിയിലെ ജ്വല്ലറിയില്‍ നിന്ന് പത്ത് പവന്‍ സ്വര്‍ണ്ണാഭരണം കവര്‍ന്ന സംഭവത്തില്‍ പ്രതിശ്രുത വരനെ ഇരിട്ടി പോലിസ് അറസ്റ്റ് ചെയ്തു. മാലൂര്‍ തോലമ്പ്രയിലെ പടിഞ്ഞാറെതില്‍ ഹൗസില്‍ ഹരികൃഷ്ണന്‍ (25)നെയാണ് ഇരിട്ടി എസ്‌ഐ അബ്ബാസ് അലിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം ശനിയാഴ്ച പുലര്‍ച്ചയോടെ കണ്ണൂരില്‍ വെച്ച് പിടികൂടിയത്.[www.malabarflash.com]

ഇരിട്ടി മുസ്‌ലിം പള്ളിക്കു മുന്‍വശമുള്ള ചെറുകിട ജ്വല്ലറിയായ കുയിലുര്‍ സ്വദേശിയുടെ പ്രൈം ഗോള്‍ഡില്‍ നിന്നാണ് വെള്ളിയാഴ്ച രാവിലെ സ്വര്‍ണാഭരണം കവര്‍ച്ചന്നത്.

സ്വര്‍ണ്ണാഭരണം വാങ്ങാനെന്ന വ്യാജേനയാണ് പ്രതി കടയിലെത്തിയത്. സ്വര്‍ണം, വെള്ളി ആഭരണം വില്‍ക്കുന്ന ചെറിയ കടയിലെ സ്വര്‍ണാഭരണം പോരെന്നു പറഞ്ഞപ്പോള്‍ ഇടപാടുകാരനായ യുവാവിനെ കടയില്‍ ഇരുത്തി കടയുടമ പ്രമോദ് സമീപത്തെ മറ്റൊരു ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം എടുത്ത് കൊണ്ട് വരികയായിരുന്നു. പ്രമോദ് തിരിച്ചു വരുന്നതിനു മുന്‍പ് യുവാവ് കടയില്‍ ഉണ്ടായിരുന്ന പത്തു പവന്‍ സ്വര്‍ണവുമായി കടന്നുകളയുകയായിരുന്നു. 

രണ്ട് ദിവസമായി കടയില്‍ വന്ന് സ്വര്‍ണം വാങ്ങാണെന്ന വ്യാജേന ഇടപെടല്‍ നടത്തി പരിചയപ്പെട്ട തിനാലാണ് യുവാവിനെ കടയില്‍ ഇരുത്തി കൂടുതല്‍ സ്വര്‍ണം എടുക്കാന്‍ പുറത്ത് പോയതെന്നാണ് ഉടമ പോലിസിനോട് പറഞ്ഞത്. സമീപത്തെ സിസിടിവിയില്‍ നിന്നും തട്ടിപ്പുകാരനെന്നു സംശയിക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതോടെ പ്രതിയെക്കുറിച്ച് പോലിസിന് സൂചന ലഭിച്ചിരുന്നു തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതി പോലിസ് വലയിലായത്.

കൂത്തുപറമ്പ്, പേരാവൂര്‍, കേളകം ടൗണിലെ ചില ജ്വല്ലറികളിലും ഇയാള്‍ സമാനമായ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചതായി സംശയിക്കുന്നതായി പോലിസ് പറഞ്ഞു. മുന്‍പ് കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പ്രമുഖ ജ്വല്ലറികളില്‍ സെയില്‍സ് മാനേജരായും എക്കൗണ്ടന്റായും ഇയാള്‍ ജോലി ചെയ്തിരുന്നതായും സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്നും ഒഴിവാക്കുകയായിരുന്നുവെന്നും പോലിസ് പറഞ്ഞു. 

അകന്ന ബന്ധത്തിലുള്ള ഒരു പെണ്‍കുട്ടിയുമായി ഇയാളുടെ വിവാഹം നിശ്ചയിച്ചിരിക്കെയാണ് യുവാവ് മോഷണക്കേസില്‍ പിടിയിലാവുന്നത്. അറസ്റ്റ് രേഖപെടുത്തിയ പ്രതിയെ ചോദ്യം ചെയ്ത ശേഷം കോവിഡ് പരിശോധന നടത്തി കോടതിയില്‍ ഹാജരാക്കി. 

ഇരിട്ടി ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം, അബ്ബാസ് അലിക്കു പുറമെ എസ്‌ഐ മനോജ്, സ്‌ക്വാഡ് അംഗങ്ങളായ റോബിന്‍, രഞ്ചിത്ത്, ഷൗക്കത്തലി, നവാസ് എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്‌.

Post a Comment

Previous Post Next Post