NEWS UPDATE

6/recent/ticker-posts

യൂത്ത് ലീഗിലെ ഫണ്ട് തട്ടിപ്പ്; പികെ ഫിറോസിനെതിരെ ഹൈദരലി തങ്ങളുടെ മകന്‍, കുഞ്ഞാലിക്കുട്ടിക്കും വിമര്‍ശനം

മലപ്പുറം: ഫണ്ട് തട്ടിപ്പ് ആരോപണത്തില്‍ പികെ ഫിറോസിനെതിരെ ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനുമായ മുഈനലി തങ്ങള്‍ രംഗത്ത്.[www.malabarflash.com]


പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ കുടുംബത്തെ സഹായിക്കാന്‍ പിരിച്ച പണം സംബന്ധിച്ച കണക്ക് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും നേതാക്കള്‍ പുറത്തുവിട്ടിട്ടില്ല. ഇനി ഈ പണം കുടുംബങ്ങള്‍ക്ക് കൊടുത്തോ എന്ന കാര്യവും വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ രണ്ടു തവണ പികെ കുഞ്ഞാലിക്കുട്ടിക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും മുഈനലി തങ്ങള്‍ പറഞ്ഞു.

അതേസമയം, പണത്തെക്കുറിച്ചുള്ള യൂസഫ് പടനിലത്തിന്റെ ആരോപണത്തിന് മറുപടിയുമായി പികെ ഫിറോസ് രംഗത്തെത്തി. യൂസഫ് പടനിലത്തിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പികെ ഫിറോസ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതിന്റെ പേരില്‍ യുഡിഎഫിനെതിരെ മത്സരിച്ച ആളാണ് യൂസഫ്. ആരോപണത്തെ നിയമപരമായി നേരിടും. അദ്ദേഹത്തിന് ആരോപണം ഉണ്ടെങ്കില്‍ നേരത്തെ പറയണമായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ആളാണ് യൂസഫ്. യൂത്ത് ലീഗ് പിരിച്ച പണത്തെക്കുറിച്ചുള്ള കണക്ക് ആര് ആവശ്യപ്പെട്ടാലും കാണിക്കുമെന്നും ഫിറോസ് പറഞ്ഞു.

യൂത്ത് ലീഗ് പിരിച്ചെടുത്ത പണം ഇതുവരെയും ഇരകള്‍ക്ക് കൈമാറിയില്ലെന്ന ആരോപണമാണ് യൂസഫ് പടനിലം ഇന്ന് ഉന്നയിച്ചത്. 48 ലക്ഷം രൂപ പിരിച്ചതില്‍ ഒരുരൂപ പോലും ഇരകളുടെ കുടുംബത്തിന് കൈമാറിയിട്ടില്ല. 2019ല്‍ പികെ ഫിറോസ് നടത്തിയ യുവജനയാത്രയുടെ കടമുണ്ടെന്ന് പറഞ്ഞ് 15 ലക്ഷം രൂപ വകമാറ്റിയെന്നും യൂസഫ് പടനിലം ആരോപിച്ചു.

കേരളത്തിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ പണം ലഭിച്ചതായി ഇദ്ദേഹം പറയുന്നു. എല്ലാവരും അതിവൈകാരികമായി ഉള്‍ക്കൊണ്ട കത്വ, ഉന്നാവോ ഇരകള്‍ക്കായി പിരിച്ച തുക നല്‍കാതിരിക്കുന്നത് അതീവ ഗുരുതരമായ വിഷയമായി താന്‍ കാണുന്നതായി യൂസഫ് പടനിലം പറഞ്ഞു. പിരിച്ചെടുത്ത പണം സംബന്ധിച്ച യാതൊരു കണക്കുകളും ദേശീയ കമ്മിറ്റിയ്ക്കുമുന്നില്‍ അവതരിപ്പിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കണക്ക് അവതരിപ്പിക്കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഇതുവരെ കാര്യങ്ങളില്‍ വ്യക്തത വരാത്തതിനാലാണ് പൊതുവിടങ്ങളില്‍ ഇത് പറയേണ്ടിവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമ്പത്തികക്രമക്കേടുകള്‍ ചോദ്യം ചെയ്ത ഹൈദരലി തങ്ങളുടെ മകന്‍ മുഈനലവി തങ്ങളെ പാര്‍ട്ടിയ്ക്കുള്ളില്‍ അപമാനിക്കാന്‍ ശ്രമങ്ങള്‍ നടന്നതായും യൂസഫ് പടനിലം പറയുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ടാണ് യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാര്‍ രാജിവെച്ചതെന്നും യൂസഫ് പടനിലം വെളിപ്പെടുത്തി. സികെ സുബൈര്‍ ഉത്തരേന്ത്യന്‍ യാത്രകള്‍ നടത്താന്‍ ഈ ഫണ്ട് ഉപയോഗിച്ചെന്നും യൂസഫ് പറഞ്ഞു. കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ക്ക് മുന്നില്‍ ഈ വിഷയം അവതരിപ്പിച്ചിരുന്നു. ആറുമാസത്തില്‍ പരിഹരിക്കാമെന്ന് കഴിഞ്ഞവര്‍ഷം പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് വിഷയം പൊതുജനമധ്യത്തില്‍ വെളിപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments