NEWS UPDATE

6/recent/ticker-posts

സുധാകരൻ കള്ളവോട്ടിന് ആഹ്വാനം ചെയ്​തെന്ന കേസ്​ ഹൈകോടതി റദ്ദാക്കി

കൊച്ചി: കള്ളവോട്ടിന് ആഹ്വാനം നൽകിയെന്നാരോപിച്ച് കോൺഗ്രസ് നേതാവ്​ കെ. സുധാകരൻ എം.പിക്കെതിരെ കാസർകോട് ബേക്കൽ പോലീസ് രജിസ്​റ്റർ ചെയ്ത കേസിലെ തുടർ നടപടികൾ ഹൈകോടതി റദ്ദാക്കി.[www.malabarflash.com]

2016 ൽ നിയമസഭ തെരഞ്ഞെടുപ്പിൽ ഉദുമ മണ്ഡലത്തിൽ സ്ഥാനാർഥിയായി മത്സരിക്കവേ മരിച്ചു പോയവരുടെയും വിദേശത്തു ജോലി നോക്കുന്നവരുടെയും പേരിൽ കള്ളവോട്ട്​ ചെയ്യാൻ കെ. സുധാകരൻ ആഹ്വാനം ചെയ്തെന്നായിരുന്നു കേസ്. തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബ യോഗത്തിൽ കെ. സുധാകരൻ ഈ നിർദേശം നൽകിയെന്നാരോപിച്ച് എതിർ സ്ഥാനാർഥി കെ. കുഞ്ഞിരാമൻ നൽകിയ പരാതിയിലാണ് കേസെടുത്തത്. 


സി.പി.എമ്മുകാർ എല്ലായിടത്തും കള്ളവോട്ട് ചെയ്യുന്നതുപോലെ ഉദുമ പിടിക്കാൻ യു.ഡി.എഫ് പ്രവർത്തകരും ആ മാർഗം സ്വീകരിക്കണമെന്നും മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ വോട്ട് ചെയ്യണമെന്നും സുധാകരൻ പ്രസംഗിച്ചെന്നാണ് ആരോപണം. ''അവിടെ, മരിച്ചവരുടെ വോട്ട് ചെയ്യുകയാണെങ്കില്‍, അവിടെ വിദേശത്തുള്ളവരുടെ വോട്ട് ചെയ്യുകയാണെങ്കില്‍, ഇവിടെയും.......'' എന്ന് കെ. സുധാകരന്‍ പറഞ്ഞതായാണ് വാദിഭാഗം കോടതിയെ അറിയിച്ചത്. 

2016 മെയ് 16നാണ് കേസിനാധാരമായ സംഭവം നടക്കുന്നത്. അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് ഹോസ്ദുർഗ് കോടതിയിൽ സമർപ്പിച്ചിരുന്നു. വസ്തുതകൾ പരിശോധിച്ചാൽ കുറ്റം ചെയ്തതായി തെളിവില്ലെന്നും പ്രോസിക്യൂഷൻ നടപടിയിൽ വീഴ്ചയുണ്ടെന്നും കേസിലെ തുടർ നടപടികൾ റദ്ദാക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. തുടർന്നാണ്​ സുധാകരനെതിരായ തുടർ നടപടികൾ റദ്ദാക്കി സിംഗിൾബെഞ്ച്​ ഉത്തരവിട്ടത്​.

Post a Comment

0 Comments